മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഡസന്‍ ഇലക്ട്രിക്ക്, ഹൈബ്രിഡ് കാറുകള്‍ നിരത്തിലെത്തും

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഡസന്‍ ഇലക്ട്രിക്ക്, ഹൈബ്രിഡ് കാറുകള്‍ നിരത്തിലെത്തും

ന്യൂഡെല്‍ഹി: ഇതര ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള നികുതിയിളവും, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ ഹൈബ്രിഡ്, ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഡസനിലധികം ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനങ്ങളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്, ഹ്യണ്ടായ്, ടൊയോട്ട, നിസാന്‍, മാരുതി സുസുക്കി തുടങ്ങിയ കമ്പനികള്‍ വിപണിയിലെത്തിക്കാനിരിക്കുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇതിനോടകം തന്നെ കമ്പനിയുടെ ഏറ്റവും വില്‍പ്പന നടക്കുന്ന മോഡലായ എക്‌സ് യുവിയുടെ മൈല്‍ഡ് ഹൈബ്രിഡ് നിര്‍മിക്കാനുള്ള പദ്ധതിയാരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം ഇത് പുറത്തിറക്കാനാകുമെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് കാറായ ഇ2ഒയുടെ നാല് ഡോറുള്ള പത്തിപ്പും കെയുവി ഇലക്ട്രിക്കും നിര്‍മിക്കാനുള്ള പദ്ധതിയും ഇന്ത്യന്‍ കമ്പനി മഹീന്ദ്രയ്ക്കുണ്ട്. കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായും സമാന രീതിയിലുള്ള സാങ്കേതികത തങ്ങളുടെ ഇടത്തരം സെഡാനായ വെര്‍ണയില്‍ ഒരുക്കുന്നുണ്ട്. അടുത്ത വര്‍ഷമാണ് സോഫ്റ്റ് ഹൈബ്രിഡ് വെര്‍ണ കമ്പനി നിരത്തിലെത്തിക്കുക. അടുത്ത തന്നെ പുറത്തിറക്കാനിരിക്കുന്ന എസ്‌യുവിയായ ടസ്‌കോണിലും സോഫ്റ്റ് ഹൈബ്രിഡ് എന്‍ജിന്‍ വെര്‍ഷന്‍ പരീക്ഷിക്കാനുള്ള ഗവേഷണത്തിലാണ് കമ്പനി.
ഫോക്‌സ്‌വാഗണ്‍, ടൊയോട്ട, ഹോണ്ട, നിസാന്‍ തുടങ്ങിയ കമ്പനികളും ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാന്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നുണ്ട്. അതേസമയം, കൂടുതല്‍ ചെലവേറിയ പ്യുവര്‍ ഹൈബ്രിഡ് കിറ്റുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ കമ്പനികള്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന സെഗ്‌മെന്റിലുള്ള വാഹനങ്ങള്‍ക്കാകും ഇവര്‍ ഹൈബ്രിഡ് ഇലക്ട്രിക്ക് കിറ്റുകള്‍ നല്‍കിയേക്കുക.
ഇലക്ട്രിക്ക് ചെറുകാറായ ലീഫ് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ജപ്പാന്‍ കമ്പനി നിസാന്‍. നിലവില്‍ 30 ലക്ഷം രൂപ വരെ വിലയുള്ള എസ്‌യുവികള്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ കൂടുതല്‍ നല്‍കിയാല്‍ പൂര്‍ണമായും ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഇത്രയും വില നല്‍കി വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഹൈബ്രിഡ് മോഡലിന് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് നിസാന്‍ മേധാവി ഗ്വില്ലെം സികാര്‍ഡ്.
സര്‍ക്കാരിന്റെ ഫെയിം പദ്ധതിയനുസരിച്ച് ഇലക്ട്രിക്ക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് എക്‌സൈസ് തീരുവയില്‍ ആനുകൂല്യം നല്‍കുന്നുണ്ട്. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയിലൂടെ മാരുതി സുസുക്കിയാണ് ഈ വിപണിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ഇത്തരം വാഹന വില്‍പ്പനയിലൂടെ മാരുതി സുസുക്കിക്ക് 12.3 ശതമാനം എക്‌സൈസ് നികുതി ഇളവാണ് ലഭിക്കുന്നത്. അഞ്ച് മുതല്‍ 15 ശതമാനം ഇന്ധനക്ഷമതയാണ് മാരുതി സുസുക്കിയുടെ ഹൈബ്രിഡ് എന്‍ജിനിലൂടെ ലാഭിക്കാന്‍ സാധിക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനുകള്‍ ഇന്ധനക്ഷമതയില്‍ കാര്യമായ നേട്ടം ഉപഭോക്താവിന് നല്‍കുകയില്ലെങ്കിലും നികുതി ആനുകൂല്യങ്ങളലൂടെ ഉപഭോക്താക്കള്‍ക്ക് വിലയില്‍ കാര്യമായ കുറവുണ്ടാക്കും.
ഇന്ത്യയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ സാധിക്കില്ല. ഘട്ടം ഘട്ടമായി ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിപ്പെടുകയാണ് വേണ്ടത്. നിലവില്‍ ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യം മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളാണ്. -മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി.
രാജ്യത്തെ മുഖ്യ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും വാഹന നിര്‍മാതാക്കളെ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ട്. ഈ മേഖലയിലെ പ്രമുഖ കമ്പനിയായ വോള്‍വൊ ഓട്ടൊ ഇന്ത്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യത്തെ 40 കിലോമീറ്ററില്‍ പൂജ്യം ശതമാനം മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളാണ് ഇവര്‍ തയാറാക്കുന്നത്.
ഇന്ധനക്ഷമത ഉറപ്പു വരുത്താന്‍ പുതിയ നിയമപരിഷ്‌കരണങ്ങള്‍ കൂടി വരുന്നതോടെ കമ്പനികള്‍ക്ക് കൂടുതല്‍ മൈലേജുള്ള വാഹനങ്ങള്‍ നിര്‍മിക്കേണ്ടതായി വരും. മൈല്‍ഡ് ഹൈബ്രിഡ് ഇതിലൂടെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വരും വര്‍ഷങ്ങളില്‍ രാജ്യത്ത് ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.

Comments

comments

Categories: Tech