എക്‌സിം ബാങ്കിനേയും ഇസിജിസിയേയും ശക്തിപ്പെടുത്താന്‍ പ്രത്യേക കമ്മിറ്റി

എക്‌സിം ബാങ്കിനേയും ഇസിജിസിയേയും ശക്തിപ്പെടുത്താന്‍ പ്രത്യേക കമ്മിറ്റി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് (എക്‌സിം) ബാങ്കിന്റേയും എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പി(ഇസിജിസി)ന്റേയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രത്യേക കമ്മിറ്റിക്കു രൂപം നല്‍കി. കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കമ്മിറ്റി ആദ്യ യോഗം ചേര്‍ന്ന് ആറു മാസത്തിനകം എക്‌സിം ബാങ്കിനേയും ഇസിജിസിയേയും ശക്തിപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. എന്നാല്‍ കമ്മിറ്റിയുടെ ആദ്യ യോഗം എന്നാണ് ചേരുന്നതെന്ന് ഔദ്യോഗിക സ്ഥിരാകരണം വന്നിട്ടില്ല. ഈ മാസം ചെന്നൈയില്‍ വെച്ചു നടന്ന പരിപാടിയില്‍ നിര്‍മല സീതാരാമന്‍ കയറ്റുമതിയില്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടിരുന്ന ഇടിവ് പിടിച്ചു നിര്‍ത്താന്‍ സാധിച്ചതായി പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ സ്ഥിരതയാര്‍ന്നതും സാവധാനത്തിലുള്ളതുമായ പുരോഗതി നേടുമെന്ന പ്രതീക്ഷയും നിര്‍മലാ സീതാരാമന്‍ പങ്കുവെച്ചു.

ഇന്ത്യയില്‍ നിന്നുള്ള ചരക്കുകയറ്റുമതിയില്‍ ഉണ്ടായ തുടര്‍ച്ചയായ ഇടിവ് മേയിലാണ് തടഞ്ഞു നിര്‍ത്താന്‍ സാധിച്ചത്. 22.17 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് മേയില്‍ നടന്നത്. ഡോളര്‍ നിരക്കില്‍ 0.79 ശതമാനത്തിന്റെ ഇടിവാണ് ഈ മാസം രേഖപ്പെടുത്തിയിട്ടുള്ളത്. 22.35 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യക്ക് നേടിയെടുക്കാനായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്വീകരിച്ച സാമ്പത്തിക നയങ്ങളാണ് കയറ്റുമതിയിലുണ്ടായിട്ടുള്ള ഇടിവ് പിടിച്ചുനിര്‍ത്താന്‍ സഹായകമായതെന്ന് നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016 ജൂലൈ മാസത്തില്‍ കയറ്റുമതി 6.84 ശതമാനം ഇടിഞ്ഞ് 21.69 ബില്യണ്‍ ഡോളര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 23.28 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ രേഖപ്പെടുത്തിയിരുന്നത്.

Comments

comments

Categories: Business & Economy