ആഭ്യന്തര ഉല്‍പ്പാദനം: യൂറോസോണിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍

ആഭ്യന്തര ഉല്‍പ്പാദനം:  യൂറോസോണിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍

 

ബ്രസ്സല്‍സ്: യൂറോപ്യന്‍ മേഖലയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം മന്ദഗതിയില്‍. 0.3 ശതമാനം മാത്രം വളര്‍ച്ചയാണ് 2016ന്റെ രണ്ടാം പാദത്തില്‍ 19 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോസോണിന് നേടാനായത്. മുന്‍ പാദത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോ കറന്‍സി മാത്രം ഉപയോഗിക്കുന്ന യൂറോസോണില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 0.3 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ 0.4 ശതമാനവും മാത്രമാണ് വളര്‍ച്ച കൈവരിച്ചതെന്ന് യൂറോപ്യന്‍ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക് ഏജന്‍സിയായ യൂറോസ്റ്റാറ്റ് വ്യക്തമാക്കുന്നു.

ആദ്യ മൂന്ന് മാസത്തില്‍ യൂറോസോണിന്റെ ജിഡിപി 0.5 ശതമാനമായി വര്‍ധിച്ചിരുന്നു. ഈ കാലയളവില്‍ പ്രതീക്ഷിച്ചിരുന്ന വളര്‍ച്ച 0.6 ശതമാനമാണ്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1.5 ശതമാനം വളര്‍ച്ച നേടിയ റുമാനിയ ആണ് യൂറോസോണില്‍ ഒന്നാം സ്ഥാനത്ത്. ഹംഗറി ഒരു ശതമാനം വളര്‍ച്ച നേടി. എന്നാല്‍ ഫ്രാന്‍സ്, ഇറ്റലി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ വളര്‍ച്ച നിരാശജനാകമായിരുന്നു.

യൂറോസോണിലെ ഗാര്‍ഹിക ഉപഭോഗത്തിനായുള്ള ചെലവിടല്‍ 0.2 ശതമാനവും യൂറോപ്യന്‍ യൂണിയന്റേത് 0.4 ശതമാനവും വര്‍ധിച്ചതാണ് ജിഡിപി വളര്‍ച്ച ഇത്രയെങ്കിലും സാധ്യമാകാന്‍ കാരണം. മൊത്ത സ്ഥിര മൂലധനം യൂറോസോണില്‍ അതേനില തുടര്‍ന്നപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ ഇത് 0.2 ശതമാനം വര്‍ധിച്ചു. ഇരു സോണുകളിലും കയറ്റുമതിയും ഇറക്കുമതിയും വര്‍ധിച്ചുവെന്ന് യൂറോസ്റ്റാറ്റ് കണക്കുകള്‍ പറയുന്നു.

യൂറോസോണ്‍ സെന്‍ട്രല്‍ ബാങ്ക് ധനനയം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം ശേഷിക്കെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വലിയ ഉത്തേജന നടപടികളൊന്നും പ്രഖ്യാപിക്കില്ലെന്നും നിലവിലെ താഴ്ന്ന പലിശ നിരക്കുകള്‍ തുടരുമെന്നും തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy