ടെസ്‌ല ഡ്യൂഷെ ബാങ്കില്‍ നിന്ന് 300 മില്യണ്‍ ഡോളര്‍ വായ്പ നേടി

ടെസ്‌ല ഡ്യൂഷെ ബാങ്കില്‍ നിന്ന് 300 മില്യണ്‍ ഡോളര്‍ വായ്പ നേടി

 

കാലിഫോര്‍ണിയ: യുഎസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല മോട്ടോഴ്‌സ് ഡ്യൂഷെ ബാങ്കില്‍ നിന്ന് പണയ വ്യവസ്ഥയില്‍ വായ്പ സ്വീകരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. 300 മില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ ഡ്യൂഷെ ബാങ്കില്‍ നിന്ന് വായ്പയായി സ്വീകരിച്ചിട്ടുള്ളത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ടെസ്ല വിശദമാക്കിയത്. പൊതുവിപണിയില്‍ നിന്നുള്ള സാമ്പത്തിക സമാഹരണം കുറയ്ക്കാന്‍ ഇതു സഹായകമാകുമെന്നാണ് കരുതുന്നത്.

2018 സെപ്റ്റംബര്‍ 20 വരെയാണ് വായ്പയുടെ കാലാവധി. കമ്പനിയുടെ പുതിയ മോഡലായ മോഡല്‍ 3 അടുത്ത വര്‍ഷം പുറത്തിറക്കുന്നതിനോട് അനുബന്ധിച്ച് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ടെസ്‌ല ലക്ഷ്യം വെക്കുന്നുണ്ട്. ഇതിനായി നെവാഡയിലുള്ള ജിഗാ ഫാക്റ്ററിയുടെ ശേഷി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. ഇതിനു പുറമെ സിഇഒ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള മറ്റൊരു കമ്പനിയായ സോളാര്‍ സിറ്റിയെ 2.6 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാനും ടെസ്‌ല മോട്ടോഴ്‌സ് ഉദ്ദേശിക്കുന്നുണ്ട്. പണവിനിമയം സംബന്ധിച്ച തടസങ്ങള്‍ ഇതു വര്‍ധിപ്പിക്കും. ഇരു കമ്പനികളുടേയും മൊത്തം വായ്പ 5.43 ബില്യണ്‍ ഡോളര്‍ വരും. കഴിഞ്ഞ വര്‍ഷം ഇരു കമ്പനികളിലും കൂടി ചെലവായ തുക 830 മില്യണ്‍ ഡോളറാണ്.

Comments

comments

Categories: Auto