മാവോ സേതുങ് ഇല്ലാതെ നാല് പതിറ്റാണ്ട്: ഭൗതികവാദത്തെ എതിര്‍ത്ത മാവോയുടെ പേരില്‍ ഭൗതികവാദം

മാവോ സേതുങ് ഇല്ലാതെ നാല് പതിറ്റാണ്ട്: ഭൗതികവാദത്തെ എതിര്‍ത്ത മാവോയുടെ പേരില്‍ ഭൗതികവാദം

വെള്ളിയാഴ്ചയായിരുന്നു പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ സ്ഥാപകന്‍ മാവോ സേതുങിന്റെ നാല്‍പതാം ചരമവാര്‍ഷിക ദിനം. കാര്‍ഷികവൃത്തിയിലും സമത്വവാദത്തിലും കഴിഞ്ഞിരുന്ന ചൈനയെ വിപ്ലവത്തിലൂടെ ശക്തമാക്കിയതില്‍ മുഖ്യ പങ്ക് വഹിച്ച മാവോയുടെ ചരമവാര്‍ഷിക ദിനം ആചരിക്കാന്‍ ഷാവോഷാനിലെ മാവോയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്ന പാര്‍ക്കില്‍ ആയിരക്കണക്കിനു പേരാണ് ഒത്തുകൂടിയത്.
1966 മുതല്‍ 76 വരെ ചൈനയില്‍ അരങ്ങേറിയ സാംസ്‌കാരിക വിപ്ലവത്തിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു വിധേയനാകേണ്ടി വന്നെങ്കിലും ശക്തയായ ചൈനയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മാവോ വഹിച്ച പങ്കിനെ ഇന്നും ഭൂരിഭാഗം ചൈനീസ് ജനതയും അംഗീകരിക്കുന്നുണ്ടെന്നതിനു തെളിവായി അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനാചരണം. മരിച്ച് നാല് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ചൈനയില്‍ ഇന്നും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണു മാവോ. അദ്ദേഹത്തിന്റെ ജന്മദേശമായ ഹുനാന്‍ പ്രവിശ്യയിലെ ഷാവോഷാന്‍ ഗ്രാമം സന്ദര്‍ശിക്കാന്‍ പ്രതിവര്‍ഷമെത്തുന്ന സന്ദര്‍ശകരുടെ എണ്ണം പത്ത് ലക്ഷത്തിലേറെ വരും. ബീജിംഗില്‍ ടിയനാന്‍മെന്‍ ചത്വരത്തില്‍ സ്ഥിതി ചെയ്യുന്ന എംബാം ചെയ്ത മാവോയുടെ മൃതശരീരം സൂക്ഷിച്ചിരിക്കുന്ന ശവകുടീരം സന്ദര്‍ശിക്കാനുമെത്തുന്നുണ്ട് ലക്ഷക്കണക്കിന് പേര്‍.
1949, ഒക്ടോബര്‍ ഒന്നിനു ടിയനാന്‍മെന്‍ ചത്വരത്തിന്റെ കവാടത്തിനു മുന്‍പില്‍നിന്നാണ് മാവോ ചൈനയെ കമ്മ്യൂണിസ്റ്റ് സേറ്റായി പ്രഖ്യാപിച്ചത്. ഈ സ്ഥലത്ത് മാവോയുടെ വലിയൊരു ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ട്. ഇന്നും പുറത്തിറങ്ങുന്ന ചൈനീസ് കറന്‍സിയില്‍ മാവോയുടെ ചിത്രം പതിയുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നതാകട്ടെ, ചൈനീസ് പൊതുസമൂഹത്തില്‍ മാവോയുടെ പ്രാധാന്യം തന്നെയാണ്.
മാവോ മരിച്ച് 20 വര്‍ഷങ്ങള്‍ക്കു ശേഷം, burying mao (മാവോയെ കുഴിച്ചു മൂടുന്നു) എന്ന പേരിലൊരു പുസ്തകം പുറത്തിറങ്ങി. റിച്ചാര്‍ഡ് ബാം എന്ന ചരിത്ര ഗവേഷകനാണ് പുസ്തകം രചിച്ചത്. മാവോയ്ക്ക് ശേഷം ചൈനയില്‍ യാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റുകളും പരിഷ്‌കരണവാദികളും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നുവരികയുണ്ടായി. ഡെങ് സിയോപിങിന്റെ നേതൃത്വത്തിലുള്ളവരായിരുന്നു പരിഷ്‌കരണവാദികള്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിന്റ് സ്ഥാനം വഹിച്ചിട്ടില്ലെങ്കിലും മാവോയുടെ മരണത്തിനു ശേഷം 1978 മുതല്‍ 1989 വരെ ചൈനീസ് രാഷ്ട്രീയത്തില്‍ പ്രധാനിയായിരുന്നു സിയോപിങ്. ചൈനയില്‍ വിപണി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക പരിഷ്‌കരണത്തിന് പിന്തുണ നല്‍കിയിരുന്നത് സിയോപിങായിരുന്നു.
റിച്ചാര്‍ഡ് ബാം burying mao എന്ന പുസ്തകത്തിലൂടെ പറയുന്നതും പരിഷ്‌കരണവാദികളുടെയും യാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റുകളുടെയും ഇടയില്‍ നിലനിന്നിരുന്ന വ്യത്യാസമാണ്. മാവോ വിഭാവനം ചെയ്ത ആശയങ്ങളില്‍നിന്നുള്ള ചൈനയുടെ പിന്മാറ്റത്തെക്കുറിച്ചാണ്. എന്നാല്‍ റിച്ചാര്‍ഡ് ബാമോ അദ്ദേഹത്തെ പോലൊരു ചരിത്രഗവേഷകനോ ഇന്ന് മാവോയെ കുറിച്ച് ഒരു പുസ്തകം എഴുതുകയാണെങ്കില്‍ mao unburied എന്ന പേര് പുസ്തകത്തിന് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.
മാവോ വിഭാവം ചെയ്ത ആശയങ്ങളില്‍നിന്ന് നേര്‍വിപരീതമായ കാര്യങ്ങളാണു ചൈനയില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ നടക്കുന്നതെന്നതാണ് ഏറ്റവും വൈരുദ്ധ്യം നിറഞ്ഞ കാര്യം. ബീജിംഗിലെ ടിയനാന്‍മെന്‍ ചത്വരത്തില്‍ എംബാം ചെയ്ത് സുക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കാത്തത് ഒരു ഉദാഹരണമാണ്. മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് സ്ഫടികവും ശിലയും ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന പെട്ടിയിലാണ്. ജീവിച്ചിരുന്നപ്പോള്‍ മാവോ പറഞ്ഞിട്ടുണ്ട്, തന്റെ മൃതദേഹം ദഹിപ്പിക്കണമെന്ന്. ഇന്നും ചൈനയിലെ പുരോഗമനവാദികളായ ബുദ്ധിജീവികള്‍ ആവശ്യപ്പെടുന്നുണ്ട് മാവോയുടെ മൃതദേഹം ദഹിപ്പിച്ച്, അതിന്റെ ചാരം അദ്ദേഹത്തിന്റെ ജന്മദേശമായ ഷാവോഷാനിലെത്തിക്കണമെന്ന്. എന്നാല്‍ ഭരണകൂടം അതിന് തയാറാകുന്നില്ല. ഭൗതികവാദത്തിനെതിരായിരുന്നു മാവോ. പക്ഷേ, അദ്ദേഹത്തിന്റെ പേരില്‍ ഇപ്പോള്‍ ചൈനയില്‍ അരങ്ങേറുന്നത് ഭൗതികവാദമാണ്.
ടിയനാന്‍മെന്‍ ചത്വരത്തിലെ പ്രവേശനകവാടമായ gate of heavenly peace (സ്വര്‍ഗീയ സമാധാനത്തിന്റെ കവാടം)ല്‍ മാവോയുടെ വലിയ ഛായാചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് കോട്ടം വരുത്തുന്ന രീതിയില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ലഭിക്കുന്ന ശിക്ഷ ചുരുങ്ങിയത് 14 മാസം തടവ് ശിക്ഷയാണ്. മാവോയുടെ ചിത്രമാണ് ഇന്നും അച്ചടിച്ച് പുറത്തിറക്കുന്ന ചൈനീസ് കറന്‍സിയിലുള്ളത്.
മാവോയുടെ ഇഷ്ടഭക്ഷണങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ വരെയുണ്ട് മാവോയുടെ ജന്മദേശമായ ഷാവോഷാനില്‍. മാവോയുടെ പേരില്‍ ആരാധനാ കേന്ദ്രം വരെയുണ്ട് അവിടെ. മാവോയുടെ പടമുള്ള ചൈനീസ് കറന്‍സി കൊണ്ടുള്ള നോട്ട്മാലയും പ്ലാസ്റ്റിക് മാലയും പുഷ്പങ്ങളുമൊക്കെ കൊണ്ട് അലംകൃതമായ മാവോയുടെ ചിത്രങ്ങളും സന്ദര്‍ശകര്‍ക്ക് ഷാവോഷാനില്‍ ദര്‍ശിക്കാനാവും. മാവോ നേതൃത്വം കൊടുത്ത സാംസ്‌കാരിക വിപ്ലവത്തിലൂടെ ഏകദേശം ഒരു മില്യണ്‍(പത്ത് ലക്ഷം) പേരെയാണു ചൈനയില്‍ കൊന്നൊടുക്കിയത്. മനുഷ്യത്വരഹിത നടപടികളിലൂടെ കുപ്രസിദ്ധി നേടിയ അഡോള്‍ഫ് ഹിറ്റ്‌ലറിനോടും ജോസഫ് സ്റ്റാലിനോടുമാണ് ചരിത്രം നിരീശ്വരവാദിയും വിപ്ലവകാരിയുമായ മാവോയെ സാമ്യപ്പെടുത്തുന്നത്. ഹിറ്റ്‌ലറിനെ പോലെ, ജോസഫ് സ്റ്റാലിനെ പോലെ ലക്ഷക്കണക്കിന് മനുഷ്യരുടെ രക്തക്കറ പുരണ്ട മാവോയെ, ചൈനീസ് ജനതയ്ക്ക് എങ്ങനെ ദൈവതുല്യനായി പരിഗണിക്കാനാവും എന്ന ചോദ്യവും മറുവശത്ത് ഉയരുന്നുണ്ട്. മാവോയോടുള്ള ആരാധന ചൈനയില്‍ മാത്രമൊതുങ്ങുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഈ മാസം ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്‌നിയിലും മെല്‍ബോണിലും മാവോയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഒരു സംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അവ വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതേസമയം ലണ്ടനിലെ ഒരു റസ്‌റ്റോറന്റ് സാംസ്‌കാരിക വിപ്ലവത്തിന്റെ ആശയം ഉള്‍പ്പെടുത്തി ഒരു പരിപാടി നടത്തുകയുണ്ടായി.
നൂറ്റാണ്ടുകളോളം വിദേശീയരുടെയും ജപ്പാന്റെയും അധീനതയില്‍ അവഹേളനവും ദുരിതവും അനുഭവിച്ച് കഴിഞ്ഞിരുന്ന രാജ്യമാണ് ചൈന. അത്തരം ദുരവസ്ഥയില്‍നിന്നും രാജ്യത്തെ ഏകോപിപ്പിച്ച് ശക്തവും സ്വതന്ത്രവുമാക്കുന്നതില്‍ മാവോ വഹിച്ച പങ്കാണ് മാവോയെ ഇന്നും സ്വീകാര്യനാക്കുന്നത്. മരിച്ച് നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും ചൈനയില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് പ്രസക്തി നിലനില്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ചൈനയില്‍ മാവോയ്ക്ക് ശേഷം വന്ന ഭരണാധികാരികള്‍ക്കും മാവോയെ പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. ചൈനയുടെ നിലവിലെ പ്രസിഡന്റ് മാവോയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തിയല്ല. മാവോയെക്കാള്‍ ജിന്‍പിങിന് സ്വീകാര്യത കണ്‍ഫ്യൂഷ്യസിനോടാണ്. മാവോയെ അധിക്ഷേപിച്ച വ്യക്തിയാണ് കണ്‍ഫ്യൂഷ്യസ്. എങ്കിലും കണ്‍ഫ്യൂഷ്യസിന്റെ അധികാരക്രമവും ധര്‍മിഷ്ഠതയും ദൃഢവിശ്വാസവുമാണു ജിന്‍പിങിനെ നയിക്കുന്നത്. എന്നാല്‍ ജിന്‍പിങിന് അറിയാം വിപ്ലവ പാര്‍ട്ടിയുടെ ജീവനാഡിയാണ് മാവോയുടെ ആശയം. അത് ഉപേക്ഷിച്ചു കൊണ്ട് അധികാരത്തില്‍ തുടരാനാവില്ലെന്നും.

Comments

comments

Categories: Slider, World