വില്‍പ്പനക്കാര്‍ക്ക് 1000 കോടി രൂപ വസ്തു-രഹിത വായ്പയുമായി സ്‌നാപ്ഡീല്‍

വില്‍പ്പനക്കാര്‍ക്ക് 1000 കോടി രൂപ വസ്തു-രഹിത വായ്പയുമായി സ്‌നാപ്ഡീല്‍

മുംബൈ: ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ സംരംഭമായ സ്‌നാപ്ഡീല്‍, കമ്പനിയുടെ ഭാഗമായിട്ടുള്ള വില്‍പ്പനക്കാര്‍ക്ക് 1000 കോടി രൂപയുടെ വസ്തു-രഹിത വായ്പ പ്രഖ്യാപിച്ചു. ഉത്സവ സീസണില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പ്ലാറ്റ്‌ഫോമിലെത്തിക്കുന്നതിന് വില്‍പ്പനക്കാരെ സഹായിക്കുകയാണ് വായ്പാ പദ്ധതിയിലൂടെ സ്‌നാപ്ഡീലിന്റെ ലക്ഷ്യം. കമ്പനിയുടെ നിലവില്‍ നടത്തികൊണ്ടിരിക്കുന്ന ‘കാപിറ്റല്‍ അസിസ്റ്റ്’ പ്രോഗ്രാം വഴിയായിരിക്കും വായ്പാ വിതരണം ചെയ്യുന്നത്. നിലവില്‍ ഫ്രീചാര്‍ജാണ് കാപിറ്റല്‍ അസിസ്റ്റ് പ്രോഗ്രാം മാനേജ് ചെയ്യുന്നതെന്നും, സ്‌നാപ്ഡീല്‍ ഷോപ്പോ, ഫ്രീചാര്‍ജ് പ്ലാറ്റ്‌ഫോമുകളിലെ എല്ലാ വ്യാപാരികള്‍ക്കും ‘കാപിറ്റല്‍ അസിസ്റ്റ്’ പിന്തുണ ലഭ്യമാക്കുന്നുണ്ടെന്നും സ്‌നാപ്ഡീല്‍ അറിയിച്ചു.

കൃത്യമായ രീതിയില്‍ സാധനങ്ങളുടെ ഡിമാന്റ് വര്‍ധിപ്പിച്ച് ബിസിനസ് വളര്‍ച്ച കൈവരിക്കാനുള്ള അവസരമാണ് വസ്തു-രഹിത വായ്പാ പദ്ധതിയിലൂടെ വ്യാപാരികള്‍ക്ക് ലഭിക്കുന്നതെന്നും സ്‌നാപ്ഡീല്‍ വ്യക്തമാക്കി. കാപിറ്റല്‍ അസിസ്റ്റ് വഴി വായ്പാ വിതരണ നടപടിക്രമങ്ങള്‍ തടസങ്ങളില്ലാതെ നടത്തുമെന്നും, ദീപാവലിക്കു മുന്‍പ് 1000 കോടി രൂപയിലധികം വായ്പാ വിതരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌നാപ്ഡീല്‍ മാര്‍ക്കറ്റ് ഡെവലപ്പ്‌മെന്റ് വിഭാഗം ഉന്നത ഉപാധ്യക്ഷന്‍ വിശാല്‍ ചധ പറഞ്ഞു.

കൂടുതല്‍ രേഖകളൊന്നും ആവശ്യപ്പെടാതെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ള വ്യാപാരികള്‍ക്ക് വസ്തു-രഹിത നിക്ഷേപം സമാഹരിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് കാപിറ്റല്‍ അസിസ്റ്റ്. ഇതുവഴി വലിയ സാമ്പത്തിക അവസരങ്ങളാണ് വില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്നത്. നിലവില്‍ 27 ബാങ്കുകളുമായും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായും സ്‌നാപ്ഡീല്‍ കാപിറ്റല്‍ അസിസ്റ്റ് പദ്ധതിക്ക് പങ്കാളിത്തമുണ്ട്. എസ്ബിഐ, എച്ചഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുമായും ടാറ്റാ കാപിറ്റല്‍, റിലയന്‍സ് കാപിറ്റല്‍, എല്‍&ടി ഫിനാന്‍സ്, ങീറോ ഫിന്‍കോര്‍പ്പ്, ആദിത്യ ബിര്‍ള ഫിനാന്‍സ്, ലെന്‍ഡിംഗ് കാര്‍ട്ട്, കാപിറ്റല്‍ ഫ്‌ളോട്ട് തുടങ്ങിയ ബാങ്കിതര സ്ഥാപനങ്ങളും കാപിറ്റല്‍ അസിസ്റ്റ് പദ്ധതിയില്‍ പങ്കാളികളാണ്. ഇതുവരെ കാപിറ്റല്‍ അസിസ്റ്റ് വഴി 2,200 ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് 450 കോടി രൂപയുടെ വായ്പാ സഹായം ലഭ്യമാക്കിയതായും സ്‌നാപ്ഡീല്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding