യുഎസ് ഓപ്പണ്‍: അപ്രതീക്ഷിത തോല്‍വിയില്‍ സെറീന പുറത്ത്

യുഎസ് ഓപ്പണ്‍:  അപ്രതീക്ഷിത തോല്‍വിയില്‍ സെറീന പുറത്ത്

 

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ ഒന്നാം റാങ്കുകാരിയായ അമേരിക്കയുടെ സെറീന വില്യംസ് തോറ്റ് പുറത്തായി. ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവയാണ് സെറീനയുടെ ഫൈനല്‍ മോഹം ഇല്ലാതാക്കിയത്. 6-2, 7-6 (7-5) സ്‌കോറുകള്‍ക്കായിരുന്നു പതിനൊന്നാം സീഡായ പ്ലിസ്‌ക്കോവയുടെ ജയം.
സെറീനയ്‌ക്കെതിരായ ആദ്യ സെറ്റ് 27 മിനുറ്റിലുള്ളില്‍ രണ്ട് ഗെയിം പോയിന്റ് മാത്രം വിട്ടുനല്‍കി അനായാസമായാണ് ചെക് റിപ്പബ്ലിക് താരം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ ഒപ്പത്തിനൊപ്പമാണ് ഇരുവരും മുന്നേറിയത്. ഒരുഘട്ടത്തില്‍ 5-4ന്റെ ലീഡ് നേടി സെറീന രണ്ടാം സെറ്റ് നേടുമെന്ന് തോന്നിപ്പിച്ചു.
എന്നാല്‍ അടുത്ത ഗെയിം സ്വന്തമാക്കി പ്ലിസ്‌ക്കോവയും മത്സരം കടുത്തതാക്കി. സെറീന വീണ്ടും മുന്നിലെത്തിയെങ്കിലും ഏഴാമത്തെ എയ്‌സിലൂടെ ചെക് താരം 6-6 സമനില പിടിച്ചു. തുടര്‍ന്ന് ട്രൈ ബ്രേക്കറില്‍ ഡബിള്‍ ഫോള്‍ട്ടുകള്‍ വന്നതോടെ സെറീനയുടെ കിരീട പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. കരോലിന പ്ലിസ്‌ക്കോവ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലിന് യോഗ്യത നേടുന്നത് ഇതാദ്യമായാണ്.
തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കരോലിന പ്ലിസ്‌ക്കോവ കളിക്കളത്തിലിറങ്ങിയത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ എയ്‌സുകള്‍ തൊടുത്തതും പ്ലിസ്‌ക്കോവയായിരുന്നു. ഗ്രാന്‍ഡ് സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയതിന് ശേഷമായിരുന്നു സെറീനയുടെ പരാജയം.
തോല്‍വിയോടെ 185 ആഴ്ച നീണ്ടുനിന്ന ലോക ഒന്നാം റാങ്കും സെറീനയ്ക്ക് നഷ്ടമായി. ജര്‍മന്‍ താരം ഏഞ്ചലിക് കെര്‍ബറായിരിക്കും ഇനി ഒന്നാം സ്ഥാനത്ത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്ലാന്‍ഡ് സ്ലാം എന്ന റെക്കോര്‍ഡിനൊപ്പമെത്തിയ സെറീനയ്ക്ക് ആ നേട്ടം മറികടക്കാനുള്ള അവസരവും തോല്‍വിയോടെ നഷ്ടമായി.

Comments

comments

Categories: Slider, Sports