‘അവര്‍ ന്യൂബോണ്‍’: കുഞ്ഞുങ്ങള്‍ക്ക് പേരിടാനും സ്റ്റാര്‍ട്ടപ്പ്; പേര് കണ്ടുപിടിക്കാന്‍ പ്ലാറ്റ്‌ഫോം മത്സരം പോലെ

‘അവര്‍ ന്യൂബോണ്‍’: കുഞ്ഞുങ്ങള്‍ക്ക് പേരിടാനും സ്റ്റാര്‍ട്ടപ്പ്;  പേര് കണ്ടുപിടിക്കാന്‍ പ്ലാറ്റ്‌ഫോം മത്സരം പോലെ

 

സ്ത്രീ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ കുഞ്ഞിന് എന്ത് പേരിടുമെന്ന ആശയക്കുഴപ്പത്തിലായിരിക്കും മിക്ക മാതാപിതാക്കളും. ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജനിക്കുമ്പോള്‍ തന്നെ പേര് നല്‍കാനായി മാതാപിതാക്കള്‍ തയാറാകും. ആരും കേട്ടിട്ടില്ലാത്ത, വ്യത്യസ്തമായ പേരുകള്‍ കുഞ്ഞുങ്ങള്‍ക്കിടാനാണ് മാതാപിതാക്കള്‍ക്ക് പ്രിയം. പഴയ പേരുകള്‍ ഒന്നും പോര, പുതിയത് തന്നെ വേണം. അതിനായി ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ളവയില്‍ തിരയും. ഇനി കുഞ്ഞിന് പേര് കണ്ടുപിടിക്കാനും എളുപ്പമാണ്. കുഞ്ഞിന്റെ പേര് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി സഹായവുമായെത്തിയിരിക്കുകയാണ് രത്‌നാകര്‍ പൊധുരി, ശ്രീകാന്ത് പൊധുരി എന്നീ സഹോദരങ്ങള്‍.

കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കാന്‍ മാതാപിതാക്കളെ സഹായിക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങിയിരിക്കുകയാണ് ഇരുവരും. കഴിഞ്ഞ ജൂലൈയിലാണ് ‘ആര്‍ ന്യൂബോണ്‍’ (അവര്‍ ന്യൂബോണ്‍) എന്ന ആശയം ഉത്ഭവിച്ചത്. കമ്പനിയുടെ പിറവിക്ക് പിന്നിലും ഒരു കഥയുണ്ട്. രത്‌നാകര്‍ പൊധുരിയും ഭാര്യയും തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. കുഞ്ഞിന് വളരെ അര്‍ത്ഥമുള്ള, വ്യത്യസ്തമായ പേര് നല്‍കണമെന്നായിരുന്നു ആഗ്രഹം. അതിനായി ഇന്റര്‍നെറ്റില്‍ തിരഞ്ഞു, സുഹൃത്തുക്കളോടും ബന്ധുക്കളോടും ചോദിച്ചു. എന്നാല്‍ ഇഷ്ടപ്പെടുന്ന നല്ല പേര് കിട്ടിയില്ല. ഇവിടെ നിന്നാണ് രതാന്കറിന് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനുള്ള ആശയം ലഭിച്ചത്.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മാതൃകയില്‍ ഒരു മത്സരം പോലെയാണ് ‘അവര്‍ ന്യൂബോണില്‍’ പേര് കണ്ടുപിടിക്കാന്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. ഇതുവരെ 23 മാതാപിതാക്കള്‍(മത്സരാര്‍ത്ഥികള്‍) ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പേര് കണ്ടുപിടിച്ചു കഴിഞ്ഞു. പേര് നിര്‍ദേശിക്കാനും ഇതില്‍ ആളുകളുണ്ട്. 172 പേര് നിര്‍ദേശകര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ 25 ഡോളറാണ് മത്സരം ആരംഭിക്കാന്‍ മാതാപിതാക്കള്‍ നല്‍കേണ്ടത്. നിര്‍ദേശകര്‍ സമര്‍പ്പിച്ചിരിക്കുന്ന പേരില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന പേര് കണ്ടെത്തിയാല്‍ ആ പേര് നിര്‍ദേശിച്ചയാള്‍ക്ക് 20 ഡോളര്‍ സമ്മാനത്തുക ലഭിക്കും. ഇതില്‍ അഞ്ച് ഡോളര്‍ ‘അവര്‍ ന്യൂബോണി’നു ലഭിക്കും. ഇന്ത്യയില്‍ മത്സരത്തിന് 1,500 രൂപയും വിജയിക്കുന്ന പേരിന് 1,200 രൂപയുമാണ് തുക.

പേരിന്റെ ആദ്യാക്ഷരം, നക്ഷത്രങ്ങളും ഗ്രഹഫലങ്ങളും്, ന്യൂമറോളജി എന്നിവയെല്ലാം പേരിടാനായി മാതാപിതാക്കള്‍ ഇന്ന് കൂടുതലായും ശ്രദ്ധിക്കും. ഇന്ത്യന്‍ ബേബി നെയിംസ് എന്ന് ഇന്റര്‍നെറ്റില്‍ തിരയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 35 വയസ്സിനു താഴെയുള്ള 65 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. അതിനാല്‍ തന്നെ ഈ പദ്ദതി ആരംഭിക്കാന്‍ നല്ല അവസരമാണുള്ളതെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് തങ്ങളുടെ ആശയം പ്രാവര്‍ത്തികമാക്കുകയായിരുന്നുവെന്ന് രത്‌നാകര്‍ പറയുന്നു.

ഇന്ത്യയിലാണ് ഈ പ്ലാറ്റ്‌ഫോം കൂടുതലായും ഉപയോഗിക്കുന്നത്. 80 ശതമാനത്തോളം ട്രാഫിക് ഇന്ത്യയില്‍ നിന്നുണ്ടെന്ന് രത്‌നാകര്‍ പറയുന്നു.

ടെക്‌സാസില്‍ ജെസി പെന്നി എന്ന കമ്പനിയില്‍ ടെക് ആര്‍ക്കിടെക്ടായി ജോലി ചെയ്യുകയാണ് രത്‌നാകര്‍. ഇന്ത്യയില്‍ അവര്‍ ന്യൂബോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് ശ്രീകാന്താണ് ഏകോപിപ്പിക്കുന്നത്. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം സജീവമാക്കാനുള്ള ശ്രമത്തിലാണ് ഈ സഹോദരങ്ങള്‍.

Comments

comments

Categories: Life, Slider