സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനൊരുങ്ങി ഷോപ്പ്ക്ലൂസ്

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനൊരുങ്ങി ഷോപ്പ്ക്ലൂസ്

ഹൈദരാബാദ്: ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സായ ഷോപ്പ്ക്ലൂസ് നാല് സ്റ്റാര്‍ട്ടപ്പുകളിലായി ഒരു കോടി രൂപ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഈ നിക്ഷേപത്തിനു പുറമെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങളിലും, സാങ്കേതികതയിലും, സ്ട്രാറ്റജിക് പാട്ണര്‍ഷിപ്പിലും സഹകരിക്കാനും ഷോപ്പ്ക്ലൂസിനു പദ്ധതിയുണ്ട്. ജുവല്‍റി സ്റ്റാര്‍ട്ടപ്പായ ഒര്‍നാടിവ, പെപ്പര്‍ അഗ്രോ, നോയിഡ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഗാം സ്റ്റുഡിയോസ്, സ്‌ക്രാപിഫൈ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളെയാണ് നിക്ഷേപം നടത്താനായി കമ്പനി തെരഞ്ഞെടുത്തിട്ടുള്ളത്. കമ്പനിയുടെ ‘നെക്സ്റ്റ് ബിഗ് ഇ-പ്രണര്‍ ചാലഞ്ച്’ ഇവന്റിനു ശേഷമാണ് ഈ സ്റ്റാര്‍പ്പുകളെ ഷോട്ട്‌ലിസ്റ്റ് ചെയ്തത്. ഒര്‍നാടിവ ഷോപ്പ്ക്ലൂസ് പ്ലാറ്റ്‌ഫോമിന്റെ തന്നെ ഭാഗമാണ്. തങ്ങളുടെ ബ്രാന്‍ഡ് ബില്‍ഡിംഗിനു വേണ്ടിയാണ് ഒര്‍നാടിവ ഈ നിക്ഷേപം വിനിയോഗിക്കുക.

നിക്ഷേപവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുകളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഷോപ്പ്ക്ലൂസ് നേതൃത്വം അറിയിച്ചു. ‘നിക്ഷേപം നടത്തുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഓഹരി പങ്കാളിത്തം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഷോപ്പ്ക്ലൂസ് മെര്‍ച്ചന്റ് സര്‍വീസ് അസിസ്റ്റന്റ് ഉപാധ്യക്ഷന്‍ ഗണേഷ് ബാലകൃഷ്ണന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ അടുത്തയാഴ്ച്ച പുറത്തുവിടുമെന്നും സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തികാവശ്യവും, പ്രവര്‍ത്തന കാലയളവും പരിഗണിച്ച് മൊത്തം നിക്ഷേപ തുക വീതിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Entrepreneurship