തന്റെ ഫോണെടുക്കാന്‍ ധോണിക്ക് സമയമില്ലെന്ന് യുവരാജ്

തന്റെ ഫോണെടുക്കാന്‍ ധോണിക്ക് സമയമില്ലെന്ന് യുവരാജ്

ന്യൂഡല്‍ഹി: ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍ എം എസ് ധോണിക്ക് തന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ സമയം കിട്ടാറില്ലെന്ന് ക്രിക്കറ്റ് താരം യുവരാജ് സിംഗ്. വസ്ത്ര വില്‍പന രംഗത്തെ യുവരാജിന്റെ പുതിയ സംരംഭമായ യുഡബ്ല്യുസി ഫാഷന്റെ ലോഞ്ചിംഗിന് ധോണി പങ്കെടുക്കാതിരുന്നതിന് കാരണം ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞാന്‍ ധോണിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ധോണി ആരുടെയും ഫോണ്‍ കോള്‍ എടുക്കാറില്ലെന്നാണ് തോന്നുന്നത്. അദ്ദേഹം ചിലപ്പോള്‍ ട്വന്റി-20 ക്രിക്കറ്റുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കും. എന്തായാലും എനിക്ക് ധോണിയുടെ സഹായം തുടര്‍ന്നുണ്ടാകുമെന്നാണ് കരുതുന്നത്-യുവരാജ് വ്യക്തമാക്കി.
ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍, ഫറാ ഖാന്‍ തുടങ്ങിയ താരങ്ങളും വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, ബ്രാവോ, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍ തുടങ്ങിയ ക്രിക്കറ്റര്‍മാരും ചടങ്ങില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് ധോണിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത്.
ധോണിയെ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല എന്ന് മറ്റ് ക്രിക്കറ്റ് താരങ്ങളും മുമ്പ് വെളിപ്പെടുത്തിയിരുന്നു. റിട്ടയര്‍മെന്റിനെക്കുറിച്ച് സംസാരിക്കുന്നതിനായി ധോണിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്ന് വിവിഎസ് ലക്ഷ്മണ്‍ മുമ്പ് പറഞ്ഞിരുന്നു. യുവരാജ് സിംഗിന്റെ വാക്കുകളോട് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: Sports