സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയിടത്തു തന്നെ; വലിയ കാന്‍വാസിനകത്ത് പ്രവര്‍ത്തിച്ചു തുടങ്ങണം: കിഷോര്‍ ബിയാനി

സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയിടത്തു തന്നെ; വലിയ കാന്‍വാസിനകത്ത് പ്രവര്‍ത്തിച്ചു തുടങ്ങണം: കിഷോര്‍ ബിയാനി

ന്യൂഡെല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നിരാശജനകമാണെന്നും, ഇവയില്‍ 90% സ്റ്റാര്‍ട്ടപ്പുകളും തുടങ്ങിയിടത്തു തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി. ദിനപത്രങ്ങളില്‍ ഒരു പേജ് പരസ്യം നല്‍കുന്നതിലൂടെ മാത്രമാണ് സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളെ ആകര്‍ഷകമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സ്റ്റാര്‍ട്ടപ്പുകള്‍ വലിയ കാന്‍വാസിനകത്ത് നിര്‍ബന്ധമായും പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും കിഷോര്‍ ബിയാനി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യമനുസരിച്ച് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനുള്ള ശേഷി ഇവിടെയുള്ള പുതു സംരംഭങ്ങള്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കണോമിസ്റ്റ് ഇന്ത്യാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തെ 90%ത്തോളം വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ അവസരങ്ങള്‍ തേടി അലയുന്നില്ല, ഇത് തീര്‍ത്തും നിരാശജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്,’ കിഷോര്‍ ബിയാനി പറയുന്നു. അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ 3000 കോടിയിലധികം നേട്ടമുണ്ടാക്കാന്‍ ഈ കമ്പനികള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുകമ്പനികളുടെ പ്രവര്‍ത്തനം പത്രപരസ്യങ്ങളിലെ ആകര്‍ഷണീയതയ്ക്കുമപ്പുറം വലിയൊരു കാന്‍വാസിലേക്ക് മാറേണ്ടതുണ്ടെന്നും ബിയാനി വിശദീകരിച്ചു.

പുതിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഭൂരിഭാഗം വരുന്ന കമ്പനികളും രണ്ടോ മൂന്നോ തവണ നിക്ഷേപം സമാഹരിച്ചവയാണ്, ഇതിലൂടെ ഓരോ കമ്പനിയുടെയും 80%ത്തോളം വരുന്ന ഓഹരികള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് കോര്‍പ്പറേറ്റ് ഹൗസുകള്‍ കമ്പനികള്‍ ഏറ്റെടുക്കുകയാണ് പതിവെന്നും ബിയാനി വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഈ നിമിഷം മുതല്‍ വലിയ രീതിയില്‍ ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. നിലവിലുള്ള പ്രവര്‍ത്തന പ്ലാറ്റ്‌ഫോമില്‍ നിന്നും മാറി വലിയൊരു കാന്‍വാസിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ കൂടുമാറണം. സ്റ്റാര്‍ട്ടപ്പ് സാരഥികള്‍ അതിനു ശേഷിയും വൈദഗ്ധ്യവും ഉള്ളവരാണെന്നും ബിയാനി പറഞ്ഞു.

ആപ്പ് അധിഷ്ടിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ ഒല തന്നെ ഒരു ഉദാഹരണമാണ്. 3,500 കോടിയിലധികം വരുമാനം നേടാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു എന്നതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ ഒല ശ്രമിച്ചിട്ടില്ലെന്നും കിഷോര്‍ ബിയാനി പറയുന്നു. ഉപഭോഗ സംസ്‌കാരമാണ് രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നത്, നിര്‍മാണ ജോലികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കാം. അതേസമയം, സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തിനാവശ്യമായ തൊഴില്‍ സാധ്യതകളുണ്ടാക്കാന്‍ കഴിയും വിധം വളര്‍ച്ച കൈവരിച്ചിട്ടില്ലെന്നും ബിയാനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories