ജിയോ ഒരു ഇന്‍ഫോകോം ഇന്റര്‍നെറ്റ് കമ്പനി; നഷ്ടക്കച്ചവടമാകില്ല: മുകേഷ് അംബാനി

ജിയോ ഒരു ഇന്‍ഫോകോം ഇന്റര്‍നെറ്റ് കമ്പനി; നഷ്ടക്കച്ചവടമാകില്ല: മുകേഷ് അംബാനി

മുംബൈ: റിലയന്‍സ് ജിയോ ഒരു ഇന്‍ഫോകോം ഇന്റര്‍നെറ്റ് കമ്പനിയാണെന്നും ടെലികോം ഓപ്പറേറ്റര്‍ മാത്രമല്ലെന്നും വ്യക്തമാക്കി മുകേഷ് അംബാനി. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, വിര്‍ച്വല്‍ റിയാലിറ്റി, ഡ്രൈവറില്ലാത്ത കാര്‍ എന്നിവയെല്ലാം ഭാവിയില്‍ ഇതിന്റെ ചിറകിനടിയില്‍ വരുമെന്നും മുകേഷ് അംബാനി.

റിലയന്‍സ് ജിയോയ്ക്ക് ഉപയോക്താക്കളില്‍നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ പക്ഷേ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കണക്റ്റിവിറ്റി ബിസിനസിലാണെന്നും കൂട്ടിച്ചേര്‍ത്തു.

നിക്ഷേപകരുടെ ആശങ്കകള്‍ക്കും മുകേഷ് അംബാനി മറുപടി നല്‍കി. ജിയോ ഓഫര്‍ ചെയ്ത സൗജന്യ വോയ്‌സ് കോളുകളും കുറഞ്ഞ വിലയില്‍ നല്‍കുന്ന ഡാറ്റയും രണ്ടര ലക്ഷം കോടി രൂപ ചെലവഴിച്ച നിക്ഷേപത്തിലേക്ക് നല്ല വരുമാനം കൊണ്ടുവരുമെന്ന് മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ജിയോയിലൂടെ പണം പാഴാക്കുകയല്ലെന്ന് ഉറപ്പ് പറയാന്‍ കഴിയും. റിലയന്‍സ് ജിയോ മുടക്കുമുതലിലേക്ക് നല്ല നിലയില്‍ വരുമാനം കൊണ്ടുവരും. നിക്ഷേപ കാലാവധിക്കുമുമ്പ് തന്നെ 18-19 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന തങ്ങളുടെ നിക്ഷേപകര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു. മറ്റേത് ഓപ്പറേറ്ററുമായും സഹകരിക്കുന്നതു പോലെ സഹോദരന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായും അടിസ്ഥാന സൗകര്യങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ ജിയോ സഹകരിക്കുമെന്നും മുകേഷ് വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories