2020ല്‍ കല്‍ക്കരി മേഖലയില്‍ നിക്ഷേപിക്കേണ്ടത് പ്രതിരോധമേഖലയുടെ നാലു മടങ്ങ്: പ്രതീക്ഷ 10ലക്ഷം കോടി രൂപ

2020ല്‍ കല്‍ക്കരി മേഖലയില്‍ നിക്ഷേപിക്കേണ്ടത് പ്രതിരോധമേഖലയുടെ നാലു മടങ്ങ്: പ്രതീക്ഷ 10ലക്ഷം കോടി രൂപ

ന്യൂഡെല്‍ഹി: 2020 ആകുമ്പോഴേക്കും ഇന്ത്യക്ക് പ്രതിരോധമേഖലയില്‍ മുതല്‍ മുടക്കുന്നതിന്റെ നാലു മടങ്ങ് തുക കല്‍ക്കരി മേഖലയിലേക്ക് നിക്ഷേപിക്കേണ്ടതായി വരുമെന്ന് വിലയിരുത്തല്‍. ഏകദേശം 10 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ ഇന്ത്യക്ക് നിക്ഷേപിക്കേണ്ടി വരുമെന്ന് കരുതുന്ന തുക. സാമ്പത്തിക നിരീക്ഷകരായ ഇന്ത്യ സ്‌പെന്‍ഡാണ് ഈ നിരീക്ഷണം നടത്തുന്നത്.

ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളനുസരിച്ച് 1.5 ബില്യണ്‍ ടണ്‍ കല്‍ക്കരിയാണ് 2020ല്‍ ആവശ്യമായി വരിക. എന്നാല്‍ ഇന്ത്യ സ്‌പെന്‍ഡ് നടത്തിയ പഠനപ്രകാരം എത്ര കൂടിയാലും 1.2 ബില്യണ്‍ ടണ്ണില്‍ കൂടുതല്‍ കല്‍ക്കരി ഇക്കാലമാകുമ്പോഴേക്കും ഇന്ത്യക്ക് ആവശ്യമായി വരില്ല. 2020ലേക്കുള്ള ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയായി അനില്‍ സ്വരൂപിനെ നിയമിച്ചിരുന്നു. ഒരു ബില്യണോളം ടണ്‍ കല്‍ക്കരി കോള്‍ ഇന്ത്യ ലിമിറ്റഡി(സിഐഎല്‍)ല്‍ നിന്നു കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അനില്‍ സ്വരൂപ് വ്യക്തമാക്കിയിരുന്നു. 500 മില്യണ്‍ ടണ്‍ മുതല്‍ 600 മില്യണ്‍ ടണ്‍ വരെ കല്‍ക്കരിക്കായി സ്വകാര്യ മേഖലയെ ആശ്രയിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനമായ സിഐഎലിനാണ് 80 ശതമാനം കല്‍ക്കരി ഉല്‍പ്പാദനത്തിന്റെയും ചുമതല ഉള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 74 മില്യണ്‍ ടണ്ണായി സിഐഎല്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തെ കല്‍ക്കരി ആവശ്യത്തിന്റെ അടിസ്ഥാന വളര്‍ച്ചാ നിരക്കില്‍ രണ്ടുഘട്ടങ്ങളുണ്ടെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനം വിലയിരുത്തുന്നു. വൈദ്യുതി ഇതര മേഖലകളിലെ ആവശ്യം ഉയര്‍ന്നതാണ് ഇതില്‍ പ്രധാനകാരണം. ഊര്‍ജ്ജോല്‍പ്പാദനത്തില്‍ പുനരുല്‍പ്പാദിപ്പിക്കാവുന്ന സ്രോതസുകള്‍ക്ക് കല്‍ക്കരിയെ മറകടക്കാന്‍ സാധിക്കില്ലെന്നതാണ് രണ്ടാമത്തെ കാരണം.

2020 ആകുമ്പോഴേക്കും ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം സാര്‍വത്രികമാക്കുന്നതിന് കൂടുതല്‍ കല്‍ക്കരി കണ്ടെത്തേണ്ടതായി വരും. 29,400 കോടി രൂപയാണ് ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ ഭാഗമായി കല്‍ക്കരി മേഖലയില്‍ വര്‍ഷികമായി ഇന്ത്യ ചെലവിടുന്ന തുക. എന്നാല്‍ ലഭ്യമായ ഏറ്റവും ചെലവു കുറഞ്ഞ ഊര്‍ജ്ജസ്രോതസായി ഇന്ത്യയില്‍ ഇപ്പോഴും കണക്കാക്കുന്നത് കല്‍ക്കരിയെ ആണ്. അതുകൊണ്ടു തന്നെ രാജ്യത്തെ 75 ശതമാനത്തോളം ഊര്‍ജ്ജോല്‍പ്പാദനവും കല്‍ക്കരിയെ ആശ്രയിച്ചാണ് നടക്കുന്നത്.
പ്രകൃതിക്ഷോഭം, മാനുഷികമായ അപകടങ്ങള്‍ എന്നിവ കല്‍ക്കരി മേഖലയിലെ ഊര്‍ജ്ജോല്‍പ്പാദനത്തിനു തടസം നില്‍ക്കുന്ന കാര്യങ്ങളാണ്. കൂടാതെ രാജ്യത്തെ കല്‍ക്കരിയുടെ അളവ് താഴുന്നത് ഇറക്കുമതിയെ ആശ്രയിക്കാന്‍ പ്രേരണ ചെലുത്തും. നിലവില്‍ 45 മില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്നതിന് സ്വകാര്യമേഖലയെയാണ് ആശ്രയിക്കുന്നത്. 2020 ല്‍ 500 മില്യണ്‍ ടണ്‍ കല്‍ക്കരി നേടിയെടുക്കാനുള്ള പദ്ധതി 61 ശതമാനം വളര്‍ച്ച സ്വകാര്യ ഖനികള്‍ക്കുണ്ടാക്കുമെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനത്തില്‍ ചൂണ്ടിക്കാട്ടി.

2020ല്‍ ലക്ഷ്യമിടുന്ന കല്‍ക്കരിയുല്‍പ്പാദനം സാധ്യമാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കല്‍, ചരക്കു ഗതാഗതം , മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നീ മേഖലകളിലാണ് 10 ലക്ഷം കോടിയോളം രൂപ സര്‍ക്കാരിന് നിക്ഷേപിക്കേണ്ടതായി വരിക.

Comments

comments

Categories: Slider, Top Stories