യോഗേശ്വറിന്റെ വെള്ളി മെഡല്‍ സ്വര്‍ണമാകില്ല

യോഗേശ്വറിന്റെ വെള്ളി മെഡല്‍ സ്വര്‍ണമാകില്ല

ന്യൂഡെല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സ് 60 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി സ്വന്തമാക്കിയ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തില്ല. സ്വര്‍ണ മെഡല്‍ നേടിയ അസര്‍ബൈജാന്റെ ടോഗ്രുല്‍ അസ്ഗരോവ് ഉത്തേജക പരിശോധനയില്‍ വിജയിച്ചതോടെയാണ് യോഗേശ്വറിന്റെ സാധ്യത ഇല്ലാതായത്.

ടോഗ്രുല്‍ അസ്ഗരോവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടുവെന്നായിരുന്നു മുമ്പ് പുറത്തുവന്ന അനൗദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിംഗ് അസര്‍ബൈജാന്‍ താരം പരിശോധനയില്‍ വിജയിച്ചതായി അറിയിച്ചതോടെയാണ് കുറച്ച് ദിവസങ്ങളായി നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.

ലണ്ടന്‍ ഒളിംപിക്‌സ് 60 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ബെസിക് കുദുകോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു വെങ്കല മെഡല്‍ ജേതാവായ യോഗേശ്വറിനെ വെള്ളി മെഡലിന് അര്‍ഹനാക്കിയത്. ലണ്ടന്‍ ഒളിംപിക്‌സ് പ്രീ ക്വാര്‍ട്ടറില്‍ കുദുകോവിനോട് പരാജയപ്പെട്ട യോഗേശ്വര്‍ റെപ്പഷാഗെ റൗണ്ടിലൂടെയായിരുന്നു വെങ്കല മെഡല്‍ നേടിയത്.

എന്നാല്‍ 2013ല്‍ വാഹനാപകടത്തില്‍ മരണപ്പെട്ട എതിരാളിയോടുള്ള ആദരസൂചകമായി ഇന്ത്യന്‍ താരം വെള്ളി മെഡല്‍ കുദുകോവിന്റെ കുടുംബാംഗങ്ങളോട് തന്നെ സൂക്ഷിച്ചുകൊള്ളാന്‍ അനുവാദം നല്‍കിയിരുന്നു. ഇത്തവണത്തെ റിയോ ഒളിംപിക്‌സില്‍ 65 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച യോഗേശ്വര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

Comments

comments

Categories: Sports