യെസ് ബാങ്കിന് അപരന്‍: സ്വീകരിച്ചത് 123,000രൂപ; തൊഴില്‍ തട്ടിപ്പും

യെസ് ബാങ്കിന് അപരന്‍: സ്വീകരിച്ചത് 123,000രൂപ; തൊഴില്‍ തട്ടിപ്പും

ധര്‍മ്മപുരി (തമിഴ്‌നാട്): പ്രമുഖ ബാങ്കായ യെസ് ബാങ്കിന്റെ ബ്രാഞ്ച് ചമഞ്ഞ് തട്ടിപ്പ് സ്ഥാപനം സമാഹരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപ. പുറമെ തൊഴില്‍ വാദ്ഗാനം ചെയ്തും ആയിക്കണക്കിനു രൂപ പിരിച്ചെടുത്തു. യെസ് ബാങ്കിന്റെ ലോഗോ അടക്കം അനുകരിച്ചാണ് വ്യാജ ബാങ്ക് തട്ടിപ്പു നടത്തിയത്. തട്ടിപ്പ് ആസൂത്രണം ചെയ്ത യെസ് ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റ് സോമസുന്ദരം അടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലാണ് യെസ് എബിഎസ് ബാങ്ക് എന്ന പേരില്‍ ധനകാര്യ സ്ഥാപനം തുടങ്ങിയത്. ബാങ്ക് പ്രാഥമിക ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച ബിസിനസ് പ്രതിനിധി സോമസുന്ദരം, സ്വന്തം നിലയില്‍ ഓഫിസ് ആരംഭിക്കുകയായിരുന്നു. നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ സ്വന്തമായി ബ്രാഞ്ച് തന്നെ ആരംഭിക്കുന്ന നിലയിലെത്തി. സുഹൃത്തുക്കളായ മൂന്നു പേരെക്കൂടി ചേര്‍ത്ത് ഓഫിസ് പ്രവര്‍ത്തനം തുടങ്ങി.

യെസ് ബാങ്കിന്റെ ബ്രാഞ്ച് എന്ന നിലയില്‍ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശ്വാസ്യത നേടാനുമായി.പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു മാസത്തിനുള്ളില്‍ 83 നിക്ഷേപകരില്‍ നിന്നാണ് ഒന്നേകാല്‍ ലക്ഷത്തോളം രൂപ നിക്ഷേപമായി സ്വീകരിച്ചത്. യെസ് ബാങ്കിന്റെ ബ്രാഞ്ച് എന്ന നിലയിലാണ് പ്രവര്‍ത്തനം നടത്തി വന്നത്. ഉദ്യോഗാര്‍ഥികളില്‍ നിന്ന് 1000 രൂപ വീതം ഫീസിനത്തിലും വാങ്ങിയിരുന്നു. ഇതിന്, ചലാന്‍ ഫോമും പേ സ്ലിപ്പും നല്‍കിയിരുന്നു. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ തിരുച്ചെങ്കോട്, നാമക്കല്‍, രാസിപുരം, ആത്തയംപട്ടി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാനും ഇവര് പദ്ധതിയിട്ടു.

ധര്‍മപുരിയില്‍ പുതിയ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുവെന്ന് യെസ് ബാങ്കിന്റെ സേലം ബ്രാഞ്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചതോടെയാണ് കള്ളം വെളിച്ചത്തായത്. ഇതേക്കുറിച്ച് അന്വേഷിച്ച അധികൃതര്‍ ബാങ്ക് വ്യാജമാണെന്നു കണ്ടെത്തി. തുടര്‍ന്ന് വിവരം പോലീസിനു കൈമാറുകയും ചെയ്തു.

സേലം ബ്രാഞ്ച് മാനെജരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സുന്ദശന്‍, മുരുകേശന്‍, ബാലാജി എന്നിവരാണ് കൂട്ടുപ്രതികള്‍. ഇവരിപ്പോള്‍ ധര്‍മ്മപുരി ജയിലില്‍ റിമാന്‍ഡിലാണ്.

Comments

comments

Categories: Banking, Slider