ജിയോ നിരക്കുകള്‍ ഇനിയും താഴ്ത്തിയേക്കും; സൗജന്യഡാറ്റ 2017 ജനുവരിക്കു ശേഷവും

ജിയോ നിരക്കുകള്‍ ഇനിയും താഴ്ത്തിയേക്കും;  സൗജന്യഡാറ്റ 2017 ജനുവരിക്കു ശേഷവും

 

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 4ജി സേവനഘടകമായ റിലയന്‍സ് ജിയോ കൂടുതല്‍ നിരക്കു താഴ്ത്തല്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ എണ്ണം അതിവേഗം വര്‍ധിപ്പിക്കുകയാണ് ജിയോ ലക്ഷ്യം വക്കുന്നത്.

ജിയോയുടെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2017 ജനുവരിക്കു ശേഷവും സൗജന്യ ഡാറ്റ സേവനം തുടരാനിടയുണ്ടെന്ന് വിപണിനിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ മുതലായ കമ്പനികള്‍ക്കു കൂടുതല്‍ തലവേദന സൃഷ്ടിക്കുന്ന തീരുമാനമായിരിക്കുമത്. സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഡിസംബര്‍ 31 വരെ സൗജന്യ വോയ്‌സ്, ഡാറ്റ സേവനങ്ങളിലൂടെ ഇപ്പോള്‍ തന്നെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

ഏറ്റവും കുറച്ചു സമയത്തിനുള്ളില്‍ 100 മില്യണ്‍ ഉപഭോക്താക്കളെ സ്വന്തമാക്കുകയാണ് റിലയന്‍സ് ജിയോയുടെ ലക്ഷ്യം. അതു കൊണ്ടു തന്നെ വിപണി പ്രവേശത്തിന്റെ ഭാഗമായി അവതരിപ്പിച്ച പദ്ധതികള്‍ ദീര്‍ഘിപ്പിക്കുന്നതിന് ഇടയുണ്ടെന്നാണ് റിലയന്‍സ് വൃത്തങ്ങളും സൂചന നല്‍കുന്നു. മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങളെ ആശ്രയിച്ചാണ് ജിയോ സൗജന്യ വോയ്‌സ് സൗകര്യവും കുറഞ്ഞ ഡാറ്റ നിരക്കും അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാവുന്നതാണെന്നും വിദേശ റേറ്റിംഗ് ഏജന്‍സികളിലെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. 91.000 കോടി രൂപയാണ് ജിയോയ്ക്കായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുതല്‍ മുടക്കിയിട്ടുള്ളത്.

റിലയന്‍സ് ജിയോയുടെ ഭാവി പ്രവര്‍ത്തനം എത്രമാത്രം ഉപഭോക്താക്കളെ ജനുവരിക്കകം സ്വന്തമാക്കാന്‍ സാധിക്കുമെന്നതിനെ ആശ്രയിച്ചാണുള്ളതെന്ന് എയര്‍ടെല്‍ മുന്‍ സിഇഒ സഞ്ജയ് കപൂര്‍ പറഞ്ഞു. തിങ്കളാഴ്ച ജിയോ 4ജി സിമ്മുകള്‍ വാങ്ങാന്‍ വന്നവരുടെ നീണ്ട നിര ഇന്ത്യയിലെ മിക്ക റിലയന്‍സ് ഡിജിറ്റല്‍ , എക്‌സ്പ്രസ് സ്റ്റോറുകളുടെ മുന്നിലും ഉണ്ടായിരുന്നു. എന്നാല്‍ ആദ്യദിനത്തില്‍ ജിയോ സിമ്മുകള്‍ എത്രമാത്രം വിറ്റഴിച്ചുവെന്നത് വ്യക്തമാക്കാന്‍ റിലന്‍സ് തയാറായിട്ടില്ല. ജിയോയുടെ വിപണി പ്രവേശനത്തിന്റെ ഭാഗമായി സിമ്മുകള്‍ സൗജന്യമായാണ് റിലയന്‍സ് വിതരണ ചെയ്യുന്നതെങ്കിലും ഡെല്‍ഹിയിലെ ചില വിപണന ശാലകള്‍ 300-1000 രൂപ ജനങ്ങളില്‍ നിന്നു വാങ്ങിക്കുന്നുണ്ട്. ആക്റ്റിവേഷന്‍ സംബന്ധിച്ച് യാതൊരുറപ്പും നല്‍കാതെയാണ് ഈ തുക നേടിയെടുക്കുന്നത്. വിപണിനിരീക്ഷകരായ മോര്‍ഗന്‍ സ്റ്റാന്‍ലി ജിയോ ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ശക്തമായ ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് സൂചിപ്പിച്ചു.

Comments

comments

Categories: Slider, Top Stories