തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്ന നിങ്ങളുടെ ജീവിതം

തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്ന നിങ്ങളുടെ ജീവിതം

ജോബിന്‍ എസ് കൊട്ടാരം

ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ഭാവി നിര്‍ണ്ണയിക്കുന്നത്. വ്യക്തികളുടെയാണെങ്കിലും സ്ഥാപനങ്ങളുടെയാണെങ്കിലും വിജയം നിര്‍ണ്ണയിക്കുന്നതില്‍ ചില തീരുമാനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ പ്രാധാന്യമുള്ളതാണ്.

1903ല്‍ ബോസ്റ്റണിലെ ഒരു സാധാരണ സെയില്‍സ്മാനായിരുന്ന കിങ് ക്യാംപ് ഗില്ലറ്റ് ഡിസ്‌പോസിബിള്‍ ബ്ലേഡുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച പ്പോള്‍ ആ തീരുമാനത്തെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും സാധിച്ചില്ല. ബാര്‍ബര്‍മാരുടേയും മറ്റും അടുക്കല്‍ ചെന്ന് വീണ്ടും മൂര്‍ച്ച കൂട്ടേണ്ടിവരുന്ന റേസറുകളാണ് അതുവരെ ആളുകള്‍ ഷേവിംഗിനായി ഉപയോഗിച്ചുകൊണ്ടിരുന്നത്.

ഒന്നാം ലോകമഹായുദ്ധകാലത്ത് മാത്രം അമേരിക്കന്‍ സൈന്യം, ഗില്ലറ്റില്‍ നിന്നും വാങ്ങിയത് ഏതാണ്ട് 35 ലക്ഷത്തോളം റേസറുകളും 32 ലക്ഷത്തോളം ബ്ലേഡുകളുമായിരുന്നു. ഈയൊരു ഉല്‍പ്പന്നം പുറത്തിറക്കാനുള്ള തീരുമാനമാണ് കിങ് ഗില്ലറ്റ് എന്ന സാധാരണക്കാരനെ ലോകമറിയുന്ന ഒരു വ്യവസായ പ്രമുഖനാക്കിത്തീര്‍ത്തത്. ജനറല്‍ ഇലക്ട്രിക്‌സിനെ ഒരു ലോകോത്തര സ്ഥാപനമാക്കിത്തീര്‍ത്തത് ക്രോണ്‍റ്റോണ്‍വിലെയില്‍ സ്വന്തം ട്രെയ്‌നിംഗ് സെന്റര്‍ തുടങ്ങുകയെന്ന ജാക്ക് വെല്‍ഷിന്റെ ആശയമായിരുന്നു. ഈ ട്രെയ്‌നിംഗ് അക്കാദമിയാണ് ജനറല്‍ ഇലക്ട്രിക്‌സിന്റെ ഭാഗദേയം നിര്‍ണ്ണയിച്ച നൂറുകണക്കിന് തലവന്മാരെ വാര്‍ത്തെടുത്തത്.

ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ വാള്‍മാര്‍ട്ടിനെ ആ നിലയിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്, മുഴുവന്‍ ജോലിക്കാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്, അവരെ പ്രചോദിപ്പിക്കാനും; തീരുമാനങ്ങളെടുക്കാന്‍ സഹായിക്കാനും കമ്പനിയുടെ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുന്നതിനും ‘ശനിയാഴ്ച – മീറ്റിംഗ്’ വിളിച്ചു കൂട്ടിയ നടപടിയായിരുന്നു. മോട്ടിവേഷണല്‍ ട്രെയ്‌നിംഗുകളും മീറ്റിംഗുകളും കമ്പനിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ‘ശനിയാഴ്ച- മീറ്റിംഗ്’ കമ്പനിസ്ഥാപകനായ സാം വാള്‍ട്ടണ്‍ ആരംഭിച്ചത്.

നമ്മുടെ ജീവിതത്തിലും നാം ഇന്നു കാണുന്ന പല നേട്ടങ്ങളിലേയ്ക്കും കോട്ടങ്ങളിലേയ്ക്കും നമ്മെ നയിച്ചിട്ടുള്ളത് നമ്മള്‍ ഇന്നലെകളില്‍ കൈക്കൊണ്ട തീരുമാനങ്ങളാണെന്ന് വ്യക്തമാകും. നമ്മുടെ ജീവിതത്തില്‍ നാം എടുക്കുന്ന ഓരോ തീരുമാനങ്ങള്‍ക്കും നാം നല്‍കേണ്ടിവരുന്ന വില വളരെ വലുതാണ്. നെഗറ്റീവ്, പോസിറ്റീവ് വശങ്ങളെക്കുറിച്ച് ആലോചിച്ച് വേണം നാം തീരുമാനത്തിലെത്തേണ്ടത്. ഒരു തീരുമാനമെടുക്കുമ്പോള്‍ താഴെപ്പറയുന്ന ഏഴ് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. മാര്‍ഗങ്ങളും  പദ്ധതികളും എന്താണെന്ന് മനസിലാക്കുക

നിങ്ങള്‍ ഒരു പ്രശ്‌നത്തിലാണ് പെട്ടിരിക്കുന്നതെങ്കില്‍പോലും നിങ്ങളുടെ മുമ്പിലുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ആലോചിക്കുക. ഒപ്പം പദ്ധതികളും തയാറാക്കുക.

2.    സമയക്ലിപ്തത

ഓരോ കാര്യവും ചെയ്തു തീര്‍ക്കുന്നതിന് ഒരു സമയ പരിധി നിശ്ചയിക്കുക. പെട്ടെന്ന് തീരുമാനം എടുക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് ആലോചിക്കുക. കൂടുതല്‍ സമയം ചെലവഴിക്കുന്നതുകൊണ്ട് തീരുമാനം കൂടുതല്‍ മെച്ചപ്പെട്ടതാകുമോയെന്നും ആലോചിക്കാം.

3.    വിവരശേഖരണം

ഏറ്റവും മികച്ച തീരുമാനമെടുക്കുന്നതിന് നിങ്ങളെ പര്യാപ്തരാക്കുന്ന തരത്തിലുള്ള ഏറ്റവും പുതിയ അറിവുകള്‍ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തുക. കാലഹരണപ്പെട്ട വിവരങ്ങളാണ് നിങ്ങളുടെ പക്കലുള്ളതെങ്കില്‍ അവയെ ആശ്രയിക്കാതിരിക്കുക.

4.    അനന്തര ഫലങ്ങളെക്കുറിച്ച് ആലോചിക്കുക.

തെറ്റായ തീരുമാനമാണ് എടുക്കുന്നതെങ്കില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാവാം എന്നതിനെക്കുറിച്ച് കൂടി ചിന്തിക്കുക. ശരിയായ തീരുമാനം നമുക്ക് തരുന്ന നേട്ടങ്ങളെക്കുറിച്ചും ആലോചിക്കാം. ഏറ്റവും മോശമായത് സംഭവിച്ചാല്‍പ്പോലും അതിനെയും നേരിടാനുള്ള കരുത്ത് നമുക്കുണ്ടാകണം.

5.    മൂല്യങ്ങള്‍, വിശ്വാസങ്ങള്‍

നിങ്ങളുടെ മൂല്യങ്ങള്‍, വിശ്വാസങ്ങള്‍ ഇവയൊക്കെ കണക്കിലെടുത്തുവേണം തീരുമാനങ്ങളിലെത്തേണ്ടത്. മറ്റുള്ളവര്‍ക്ക് ശരി എന്നു തോന്നുന്ന ഒരു തീരുമാനം ഒരുപക്ഷേ നമ്മെ സംബന്ധിച്ചടത്തോളം ശരിയായതാവണമെന്നില്ല

6.    ഗുണദോഷങ്ങള്‍ വേര്‍തിരിക്കാം

നിങ്ങള്‍ എടുക്കാന്‍ പോകുന്ന തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ ഒരു വെള്ളപേപ്പറെടുത്ത് രണ്ടായി മടക്കി അതിന്റെ രണ്ട് വശങ്ങളിലുമായി എഴുതുക. ഗുണദോഷങ്ങളുടെ തട്ടില്‍ ഏതാണ് ഉയര്‍ന്നു നില്‍ക്കുന്നതെന്ന് നോക്കുക. ഗുണങ്ങളാണ് കൂടുതലെങ്കില്‍ തീര്‍ച്ചയായും ആ തീരുമാനവുമായി നിങ്ങള്‍ക്ക് മുന്നോട്ടുപോകാം.

7.    തീരുമാനം നടപ്പില്‍വരുത്തുക

ഏറ്റവും പ്രധാന ഘടകമാണിത്. എന്തു തീരുമാനമാണോ എടുത്തത്, അത് സമയബന്ധിതമായി നടപ്പില്‍വരുത്തുക എന്നുള്ളതാണിത്. നിങ്ങള്‍ തീരുമാനം നടപ്പില്‍ വരുത്തുന്നതിന് മുമ്പ് വലിയ പബ്ലിസിറ്റി നല്‍കണമെന്നില്ല. കാരണം നമ്മുടെ തീരുമാനങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞു കഴിഞ്ഞശേഷം അത് നടപ്പില്‍ വരുത്തുന്നതിന് സാധിക്കാതെ വന്നാല്‍ അത് ഒരുപക്ഷേ നമുക്ക് നാണക്കേടിന് തന്നെ ഇടയാക്കിയേക്കാം. ഇത്തരത്തില്‍ മികച്ച തീരുമാനങ്ങളെടുത്തുകൊണ്ട്, നിങ്ങള്‍ക്കും മികച്ച ഒരു ജീവിതം സൃഷ്ടിക്കാം. വിജയാശംസകള്‍.

8. ചിന്ത

എപ്പോഴും ഉപ്പിനെപ്പോലെ അതുല്യ സ്വഭാവസവിശേഷതയുള്ളവരായി മാറുക. ഉപ്പിന്റെ സാന്നിധ്യം നമുക്ക് അനുഭവപ്പെടുകയില്ല. പക്ഷെ, ഉപ്പില്ലാതെ വന്നാല്‍ അതിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും.

(ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ സ്പീക്കറും സൈക്കോളജിസ്റ്റും എഴുത്തുക

Comments

comments

Categories: FK Special
Tags: decision, life