ഡിസ്‌കൗണ്ടില്ലെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തില്ല

ഡിസ്‌കൗണ്ടില്ലെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തില്ല

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഡിസ്‌കൗണ്ട് ഓഫറുകളില്ലെങ്കില്‍ രാജ്യത്തെ 54%ത്തോളം വരുന്ന നഗരജനത ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താറില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഇന്‍ഷോര്‍ട്‌സും ഇപ്‌സോസും സംയുക്തമായി സംഘടിപ്പിച്ച ആപ്പ് അധിഷ്ഠിത വോട്ടിംഗിലാണ് ഉപഭോക്താക്കള്‍ ഇങ്ങനെ പ്രതികരണം രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ഉല്‍പ്പന്നത്തിന്റെ വില തന്നെയാണ് ഉപഭോക്താവ് താമസിക്കുന്ന പ്രദേശത്തെ റീട്ടെയ്ല്‍ സ്റ്റോറിലെ അതേ ഉല്‍പ്പന്നത്തിനെങ്കില്‍ ആ ഉല്‍പ്പന്നം ഓണ്‍ലൈനില്‍ വാങ്ങുന്നതിന് താല്‍പര്യം കാണിക്കില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു.

ന്യൂഡെല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡീഗഡ്, ലക്‌നൗ തുടങ്ങിയ പ്രമുഖ മെട്രോ നഗരങ്ങളില്‍ നിന്നായി ഏകദേശം 1.5 ലക്ഷം ഉപഭോക്താക്കളാണ് സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇതില്‍ 80%ത്തോളം ആളുകളും 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്. സര്‍ക്കാര്‍ എഫ്ഡിഐ നിയമങ്ങളില്‍ വരുത്തിയ ഭേദഗതിയുടെയും ഡിസ്‌കൗണ്ട് ഓഫറുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ സര്‍വെ ഫലം രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. നേരത്തെ ഇന്റെര്‍നെറ്റ് സെര്‍ച്ചിംഗ് ഭീമന്‍ ഗൂഗിള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടും ഇതേ ആശങ്കകളാണ് ഉയര്‍ത്തുന്നത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഡിസ്‌കൗണ്ട് എന്നതിനും ദീര്‍ഘകാലം നിലനില്‍പ്പില്ല എന്ന സൂചനയാണ് ഗൂഗിള്‍ റിപ്പോര്‍ട്ട് തരുന്നത്.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ കമ്പനികള്‍ മെഗാ ബിസിനസിലേക്ക് കടക്കണമെങ്കില്‍ ചുരുങ്ങിയത് പത്തുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടതുണ്ടെന്ന് ഗൂഗിള്‍ ഇന്ത്യാ മേധാവി രാജന്‍ ആനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി (പര്‍ച്ചേസിംഗ് പവര്‍) ഇന്റര്‍നെറ്റ് കമ്പനികളെ വരുമാന നേട്ടത്തിനു സഹായിക്കാന്‍ കെല്‍പ്പുള്ളതല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories