ഇന്ത്യയില്‍ 2,234 ആളുകള്‍ക്ക് രക്തം നല്‍കലിലൂടെ എച്ച്‌ഐവി ബാധിച്ചു

ഇന്ത്യയില്‍  2,234 ആളുകള്‍ക്ക് രക്തം നല്‍കലിലൂടെ എച്ച്‌ഐവി ബാധിച്ചു

 

ന്യൂഡെല്‍ഹി: രാജ്യത്തെ 2,234 ആളുകള്‍ക്ക് രക്തം നല്‍കലിലൂടെ എച്ച്‌ഐവി ബാധിച്ചിട്ടുള്ളതായി നാക്കോ (നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍) സ്ഥിരീകരണം. 2014 ഒക്‌റ്റോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലയളവിലെ കണക്കുകളനുസരിച്ചാണിത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റില്‍ ഇതിനെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

സാമൂഹ്യപ്രവര്‍ത്തകനായ ചേതന്‍ കോത്താരി നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് നാക്കോ രക്തം മാറ്റിയതിലൂടെ എച്ച്‌ഐവി ബാധിച്ചവരുടെ എണ്ണം വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം രക്തം പകര്‍ത്തലിലൂടെ നിരവധിയാളുകള്‍ക്ക് എച്ച്‌ഐവി ബാധിക്കുന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യ ഓഗസ്റ്റ് 16ന് ഉന്നയിച്ച ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി.

ബ്ലഡ് ബാങ്കുകളില്‍ സ്വീകരിക്കുന്ന യൂണിറ്റുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിന് പരിമിതമായ മാര്‍ഗങ്ങളേ ലഭ്യമായിട്ടുള്ളൂവെന്നതിനാല്‍ ഇത്തരത്തില്‍ എച്ച്‌ഐവി ബാധിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങള്‍ക്ക് വിശദീകരണവുമായി നാക്കോ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിഗത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും രക്തദാനത്തിലൂടെയാണ് ഇത്രയും പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചത് എന്നതിന് ശാസ്ത്രീയമായ ഉറപ്പില്ലെന്നും നാക്കോ ചൂണ്ടിക്കാട്ടി.

ലോക്‌സഭയില്‍ ആരോഗ്യമന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് രക്തം മാറ്റിവെക്കുന്നതിലൂടെ ഉണ്ടാകുന്ന എച്ച്‌ഐവി ബാധ 0.1 ശതമാനമാണ്. എന്നാല്‍ നാക്കോ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇത് 1.7 ശതമാനമാണ്. യുഎസില്‍ 2008ലാണ് രക്തം മാറ്റിയതിലൂടെ എച്ച്‌ഐവി ബാധിച്ചതായുള്ള അവസാനകേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തിലുള്ള അവസാനത്തെ കേസ് യുകെയില്‍ 2000 ലും കാനഡയില്‍ 1985ലുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories