മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ഓണാഘോഷം; ഉദ്ഘാടനത്തിനു മന്ത്രിമാര്‍

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ഓണാഘോഷം; ഉദ്ഘാടനത്തിനു മന്ത്രിമാര്‍

തിരുവനന്തപുരം: ഓഫിസ് സമയത്ത് ഓണാഘോഷം വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഗണിച്ചു. ജോലി സമയത്ത് സെക്രട്ടേറിയറ്റിലും അനക്‌സിലും പൂക്കളമിട്ടും ഓണപ്പാട്ടുകള്‍ ആലപിച്ചും ആഘോഷം പൊടിപൊടിച്ചു. മന്ത്രിമാരായി കെ.ടി. ജലീലും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആഘഷത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നിലടക്കം അഞ്ചു പൂക്കളങ്ങളാണ് ജീവനക്കാര്‍ അണിയിച്ചൊരുക്കിയത്. കഴിഞ്ഞ രാത്രി തന്നെ പൂക്കളങ്ങള്‍ തയാറാക്കിയിരുന്നു. എന്നാല്‍ ഇന്നു പകലാണ് അവസാനഘട്ട മിനുക്കുപണികള്‍ നടത്തിയത്. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ ഒരുക്കിയത്. ജോലിസമയത്തല്ലാതെ ഓണാഘോഷം നടത്തണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജെ. ബെന്‍സി പറഞ്ഞു. ആഘോഷത്തിനായി നഷ്ടപ്പെട്ട സമയം ഇന്ന് അരമണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റില്‍ എത്തുന്ന സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഉദ്ദേശ്യത്തോടെയാണ് പിണറായി വിജയന്‍ ഓഫിസ് സമയത്തെ ഓണാഘോഷത്തിനെതിരേ നിലപാടെടുത്തത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രിയുടെ സദുദ്ദേശ്യത്തിന് പൊതുവില്‍ അംഗീകാരവും ലഭിച്ചിരുന്നു. അതിനാലാണ് അധിക സമയം ജോലി ചെയ്യാമെന്ന് പ്രഖ്യാപനം അസോസിയേഷന്‍ നേതാക്കള്‍ നടത്തിയതും.

Comments

comments

Categories: Politics, Slider