എസ് ബിഐ ലയന നടപടികള്‍ ഒക്ടോബര്‍ അവസാനത്തോടെ തുടങ്ങും

എസ് ബിഐ ലയന നടപടികള്‍ ഒക്ടോബര്‍ അവസാനത്തോടെ തുടങ്ങും

മുംബൈ: അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിന്റെ നടപടികള്‍ ഒക്‌റ്റോബര്‍ അവസാനത്തോടെ തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായി എസ് ബിഐ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. ലയന പ്രക്രിയ അടുത്ത മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാമെന്നും എസ്ബിഐ കണക്കുകൂട്ടുന്നു. ഇതോടെ ആസ്തികളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ നാല്‍പ്പത്തിയഞ്ചാമത്തെ ബാങ്കായി എസ്ബിഐ മാറും. ലയനശേഷം എസ്ബിഐയുടെ ആസ്തി 37 ട്രില്യണ്‍ രൂപയായി വര്‍ധിക്കും.

ഓഗസ്റ്റ് ആദ്യത്തില്‍ എസ്ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡ് അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഈ മാസം അവസാനത്തോടെ ലയനം സംബന്ധിച്ച പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് പിന്നീട് റിസര്‍വ് ബാങ്കിന് കൈമാറിയ ശേഷമാണ് അന്തിമ അനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുക. ഈ നടപടിക്രമങ്ങള്‍ ഒരു മാസത്തോളമെടുക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നീ ലിസ്റ്റഡ് അസോസിയേറ്റ് ബാങ്കുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ അണ്‍ലിസ്റ്റഡ് അസോസിയേറ്റ് ബാങ്കുകളുമാണ് എസ്ബിഐയ്ക്കുള്ളത്.
എസ്ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഏറ്റെടുക്കലുകള്‍ക്ക് അനുമതി നല്‍കിയ ശേഷമാണ് ബാങ്ക് ഓഹരിയുടമകള്‍ക്കായി പരാതിപരിഹാര സമിതി രൂപീകരിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സെന്‍ട്രല്‍ ബോര്‍ഡ്, സമിതിയുടെ ശുപാര്‍ശകള്‍ പരിശോധിക്കും.
ലയനത്തിനുശേഷം എസ്ബിഐയിലെ സര്‍ക്കാര്‍ ഓഹരി ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ വിവരങ്ങള്‍ പ്രകാരം 61.30 ല്‍നിന്ന് 59.70 ആയി കുറയും. ലയനം സാധ്യമാകുന്നതോടെ എസ്ബിഐ ക്ക് 22,500 ശാഖകളും 58,000 എടിഎമ്മുകളും അമ്പത് കോടിയിലധികം ഉപയോക്താക്കളുമാണ് ഉണ്ടാകുക.
എസ്ബിഐ ക്ക് നിലവില്‍ 36 രാജ്യങ്ങളിലായി 16,500 ഓളം ശാഖകളാണ് ഉള്ളത്. 2008ല്‍ എസ്ബിഐ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയെയും രണ്ട് വര്‍ഷം കഴിഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെയും ഏറ്റെടുത്തിരുന്നു. എസ്ബിടിയെ ലയിപ്പിക്കുന്നതിനെതിരെ കേരളത്തിലെ കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി നിലനില്‍ക്കുന്നതായും അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

Comments

comments

Categories: Banking, Slider
Tags: merger, october, SBI, start