സാറ്റലൈറ്റ് തകര്‍ന്ന സംഭവം: സ്‌പേസ് എക്‌സില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പേസ്‌കോം

സാറ്റലൈറ്റ് തകര്‍ന്ന സംഭവം:  സ്‌പേസ് എക്‌സില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പേസ്‌കോം

കാലിഫോര്‍ണിയ: ഇസ്രയേലിലെ സ്‌പേസ് കമ്യൂണിക്കേഷന്‍സ് (സ്‌പേസ്‌കോം) അമേരിക്കയിലെ മുന്‍നിര വ്യവസായിയായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടു. സ്‌പേസ്‌കോമിന്റെ സാറ്റലൈറ്റായ അമോസ്-6 കഴിഞ്ഞയാഴ്ച സ്‌പേസ് എക്‌സ് വിക്ഷേപണ കേന്ദ്രത്തില്‍ വച്ചു പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. സ്‌പേസ് എക്‌സ് 50 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുകയോ സൗജന്യ ഉപഗ്രഹ വിക്ഷേപണ സൗകര്യം ഒരുക്കുകയോ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അമോസ്-6 ഉപഗ്രഹം നിര്‍മിച്ച് ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസില്‍ നിന്നും 205 മില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്നും സ്‌പേസ്‌കോം വ്യക്തമാക്കി.

സ്‌പേസ് കോമിന്റെ ആവശ്യം സംബന്ധിച്ച് സ്‌പേസ് എക്‌സില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെഉണ്ടായിട്ടില്ല. സ്വകാര്യ സ്ഥാപനമായ സ്‌പേസ് എക്‌സ് വിക്ഷേപണ കേന്ദ്രത്തിലെ അപകടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയെ കുറിച്ചും വ്യക്തമാക്കിയിട്ടില്ല.

സ്‌പേസ് എക്‌സിനു മൊത്തം 70 പദ്ധതികളാണ് നടപ്പിലാക്കാനായി ഉള്ളത്. 10 ബില്യണ്‍ ഡോളറിന്റെ വിക്ഷേപണ ദൗത്യങ്ങള്‍ ഇതിലൂടെ സ്‌പേസ് എക്‌സ് നിര്‍വഹിക്കേണ്ടതുണ്ട്. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല മോട്ടോഴ്‌സിനും സൗരോര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ സിറ്റി കോര്‍പ്പറേഷനും പുറമെ ഇലോണ്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ് സ്‌പേസ് എക്‌സ്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പൊട്ടിത്തെറിയില്‍ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് പൂര്‍ണമായി തകര്‍ന്നു.

അപകടത്തിന്റെ വാര്‍ത്തകള്‍ പുറത്തായതിനെ തുടര്‍ന്ന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇതര കമ്പനികളായ ടെസ്ല, സോളാര്‍ സിറ്റി എന്നിവയുടെ ഓഹരി വിലകള്‍ ഇടിഞ്ഞു. ഇലോണ്‍ മസ്‌കിന്റെ വ്യക്തിഗത ആസ്തിയില്‍ ഇതു 390 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. സാറ്റലൈറ്റ് തകര്‍ന്നത് ഓഹരിമൂല്യത്തില്‍ 30 മില്യണ്‍ ഡോളറിന്റെ ഇടിവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌പേസ്‌കോം കമ്പനി വ്യക്തമാക്കി. സ്‌പേസ് കോം ഓഹരികള്‍ വ്യാഴാഴ്ച ഒന്‍പതു ശതമാനത്തോളം താഴ്ന്നിരുന്നു.

ബെയ്ജിംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിന്‍വെയ് ടെക്‌നോളജി ഗ്രൂപ്പുമായി നിശ്ചയിച്ചിരുന്ന ലയനം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് സ്‌പേസ്‌കോം വൃത്തങ്ങള്‍ പറയുന്നത്. സിന്‍വെയ് കഴിഞ്ഞമാസം 285 മില്യണ്‍ ഡോളറിന് സ്‌പേസ് കോം ഏറ്റെടുക്കാന്‍ സമ്മതമറിയിച്ചിരുന്നു. എന്നാല്‍ അമോസ്-6ന്റെ വിജയകരമായ വിക്ഷേപണം ഇതു പ്രാവര്‍ത്തികമാക്കുന്നതിന് നിര്‍ണായക ഘടകമാകുമെന്നും സിന്‍വെയ് സൂചിപ്പിച്ചിരുന്നു.

Comments

comments

Categories: World