വിഘടനവാദികള്‍ മനുഷ്യത്വത്തില്‍ വിശ്വാസമില്ലാത്തവര്‍

വിഘടനവാദികള്‍ മനുഷ്യത്വത്തില്‍ വിശ്വാസമില്ലാത്തവര്‍

ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്കു തയാറാകാതിരുന്ന വിഘടനവാദികള്‍ക്കെതിരേ തുറന്നടിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

കേന്ദ്രം നിയോഗിച്ച സര്‍വകക്ഷി സംഘങ്ങളുമായി ഹുറിയത്ത് നേതാക്കള്‍ ചര്‍ച്ചയ്ക്കു തയാറാവാതിരുന്നത് മനുഷ്യത്വമില്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ സമാധാന ചര്‍ച്ചയ്ക്ക് തയാറാവാതിരുന്നവര്‍ മനുഷ്യത്വമുളളവരോ കശ്മീരികളോ ജനാധിപത്യവാദികളോ അല്ല. അവര്‍ ചര്‍ച്ചകളിലോ ജനാധിപത്യത്തിലോ വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ചയാണ് കേന്ദ്രസംഘം ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലെത്തിയത്. വ്യക്തിപരമായാണ് പല നേതാക്കളും ഹുറിയത്ത് നേതാക്കളെ സന്ദര്‍ശിക്കാനത്തെിയത്. എന്നാല്‍ അവര്‍ പിന്മാറി.
സര്‍വകക്ഷി സംഘത്തില്‍നിന്ന് മാറി വ്യക്തിപരമായി സംഭാഷണത്തിന് അനുവദിക്കണമെന്ന സീതാറാം യെച്ചൂരി, ശരദ് യാദവ്, അസദുദ്ദീന്‍ ഉവൈസി, ഗോപാല്‍ നാരായണന്‍, ഡി. രാജ, ഫയാസ് മിര്‍ എന്നീ ആറ് ദേശീയ നേതാക്കളുടെ അഭ്യര്‍ഥനയും ഹുറിയത്ത് തള്ളി. ഇതിനെതിരേയാണ് സംഘത്തെ നയിച്ച ആഭ്യന്തരമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷമായി പ്രതികരിച്ചത്.
കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് ആരുമായും ഏതു തരത്തിലുള്ള ചര്‍ച്ചക്കും തയാറാണ്. ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ മാത്രമല്ല എല്ലാ പഴുതുകളും കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ടിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ വിഷയം കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. താഴ്‌വരയില്‍ സമാധാനം പുലരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജമ്മു കശ്മീരില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് തന്റെ വിശ്വാസമെന്ന് രാജ്‌നാഥ് പറഞ്ഞു. കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ പെല്ലറ്റ് ഗണ്ണിനു പകരം മുളക്‌പൊടി ഉപയോഗിച്ചുള്ള പാവ ഷെല്ലുകള്‍ ശ്രീനഗറില്‍ എത്തിച്ചിട്ടുണ്ട്. ഇനിമുതല്‍ പാവ ഷെല്ലുകളാകും സുരക്ഷാ സേന സംഘര്‍ഷാവസ്ഥയില്‍ ഉപയോഗിക്കുക. ഇത് ആളുകളുടെ ജീവനെ അപായപ്പെടുത്തില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Politics

Related Articles