സൗദിയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം വേണമെന്ന് പ്രധാനമന്ത്രി

സൗദിയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം വേണമെന്ന് പ്രധാനമന്ത്രി

ഹാങ്‌ഷോ: സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്തു. ജി-20 ഉച്ചകോടിയുടെ ഭാഗമായി ചൈനയിലെത്തിയ പ്രധാനമന്ത്രി സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരനുമായി നടത്തിയിട്ടുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്.

ഇന്ത്യയിലെ റെയ്ല്‍ മേഖലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനാവശ്യമായ നിക്ഷേപങ്ങള്‍ക്കാണ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി പ്രാമുഖ്യം നല്‍കിയത്. ഗള്‍ഫ് മേഖലയുടെ സമഗ്ര വികസനത്തിനായുള്ള വിഷന്‍ 2030ന് രൂപം നല്‍കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരന് സാധിച്ചതില്‍ മോദി അഭിനന്ദിച്ചു. ഗള്‍ഫ് മേഖലയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തുന്നതിനായി രൂപം നല്‍കിയിട്ടുള്ള പദ്ധതിയാണ് വിഷന്‍ 2030.

ഈ വര്‍ഷം ഏപ്രിലില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചതും സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഏറ്റുവാങ്ങിയതും കൂടിക്കാഴ്ചയില്‍ മോദി അനുസ്മരിച്ചു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരിഷ്‌കരണങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ കൂടുതല്‍ സ്ഥിരാംഗങ്ങളെ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സൗദിയിലെ സല്‍മാന്‍ രാജാവിന്റെ ഇന്ത്യന്‍ സന്ദര്‍ശനം അടുത്തു തന്നെ പ്രതീക്ഷിക്കുന്നതായും മോദി സൂചിപ്പിച്ചു.

Comments

comments

Categories: Business & Economy