ജപ്പാന്‍ ഉറ്റുനോക്കുന്നു ആബേയുടെ പരിഷ്‌കാരം

ജപ്പാന്‍ ഉറ്റുനോക്കുന്നു ആബേയുടെ പരിഷ്‌കാരം

ജപ്പാനില്‍ ഷിന്‍സോ ആബേയുടെ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി(എല്‍ഡിപി) ജൂലൈ മാസം നടന്ന തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. ജപ്പാന്‍ പാര്‍ലമെന്റിന്റെ അധോ, ഉപരിസഭകളില്‍ എല്‍ഡിപിക്ക് വന്‍ഭൂരിപക്ഷം ലഭിച്ചു. ഭരണഘടന ഭേദഗതി വരുത്താന്‍ ആവശ്യമുള്ള ഭൂരിപക്ഷമാണ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്.
ഷിന്‍സോ ആബേ ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് ജപ്പാന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അബേനോമിക്‌സിലൂടെ രാജ്യത്തെ സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. അബേനോമിക്‌സിലൂടെ ജപ്പാന്റെ സാമ്പത്തികവളര്‍ച്ച നാല് ശതമാനം ഉയരുകയും ഓഹരി വിപണി തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജപ്പാനെ സാമ്പത്തികമാന്ദ്യത്തില്‍നിന്നും കരകയറ്റാന്‍ അബേനോമിക്‌സിന് ഇതുവരെ സാധിച്ചിട്ടില്ലെന്നതു മറ്റൊരു ന്യൂനതയാണ്. ജപ്പാന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ പ്രധാനമന്ത്രി ആബേ, കടുത്ത നടപടികളെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നടപടികള്‍ ഒട്ടും ജനപ്രിയമായിരിക്കില്ലെന്ന് ശ്രുതിയുണ്ട്. വില്‍പന നികുതി നാല് ശതമാനത്തില്‍നിന്നും എട്ട് ശതമാനമായി ഉയര്‍ത്തിയേക്കുമെന്നാണു സൂചന. ഇതിനു പുറമേ, ബരാക് ഒബാമ ഭരണകൂടം വിഭാവനം ചെയ്ത ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പ് സാമ്പത്തിക കൂട്ടായ്മയില്‍ പങ്കാളിയാകാനും ജപ്പാന് പദ്ധതിയുണ്ട്. ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് (ഒബിഒആര്‍) സംരംഭത്തെ പ്രതിരോധിക്കുന്നതാണ് ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പ് കൂട്ടായ്മയെന്നാണു വിലയിരുത്തല്‍. ഇന്ത്യയെയും ജപ്പാനെയും ഒഴിവാക്കിക്കൊണ്ടുള്ളതാണ് ചൈനയുടെ ഒബിഒആര്‍ സംരംഭം.
എന്നാല്‍ വില്‍പന നികുതി വര്‍ധിപ്പിക്കലും, ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പ് കൂട്ടായ്മയില്‍ പങ്കാളിയാകുന്നതൊന്നുമല്ല ജപ്പാന്‍ ജനതയെ ആശങ്കപ്പെടുത്തുന്നത്.
സമീപഭാവിയില്‍ ജപ്പാന്റെ ഭരണഘടന പൊളിച്ചെഴുതാനും, താത്കാലികമായി അടച്ചിട്ടിരിക്കുന്ന ആണവ റിയാക്ടറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയുമാണ് ആബേ ഭരണകൂടം. ഒരുപക്ഷേ, ആബേയുടെ ഏറ്റവും വിവാദപരമായ തീരുമാനങ്ങളായിരിക്കും ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സൈനിക ശക്തി ഉപയോഗിക്കുന്നതില്‍നിന്നും വിലക്കുന്നതാണ് ജപ്പാന്റെ ഭരണഘടന. ഇതു പൊളിച്ചെഴുതാനാണ് ആബേ ഒരുങ്ങുന്നത്. ആണവോര്‍ജ്ജത്തെ അമിതമായി ആശ്രയിക്കുന്ന രാജ്യമാണ് ജപ്പാന്‍. 2011ലെ ഫുകുഷിമ ആണവ ദുരന്തത്തിനു ശേഷം ജപ്പാനില്‍ ആണവ റിയാക്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവ തുറന്നപ്രവര്‍ത്തിപ്പിക്കാനാണ് ആബേ ഗൗരവമായി ആലോചിക്കുന്നത്. ഈ രണ്ട് കാര്യങ്ങളിലും ജപ്പാന്‍ ജനതയുടെ എതിര്‍പ്പ് ശക്തമാണ്. എന്നാല്‍ പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷമുള്ള ആബേയുടെ പാര്‍ട്ടി തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ശക്തമായൊരു പ്രതിഷേധത്തിനായിരിക്കും ജപ്പാന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
സമാധാനവാദത്തെ പ്രോത്സാഹിപ്പിക്കും വിധമാണു ജപ്പാന്റെ ഭരണഘടന രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ഭരണഘടന പൊളിച്ചെഴുതാനുള്ള ആബേയുടെ നീക്കത്തെ ജപ്പാനില്‍ പ്രമുഖര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. ഇവരില്‍ ഒരാള്‍ ജപ്പാനിലെ ചക്രവര്‍ത്തി അകിഹിതോയാണ്. കഴിഞ്ഞമാസം എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്തു ചക്രവര്‍ത്തി അകിഹിതോ നടത്തിയ പ്രസംഗത്തില്‍ ജപ്പാന്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. വളരെ അപൂര്‍വം സാഹചര്യത്തില്‍ മാത്രമാണ് ജപ്പാന്‍ ചക്രവര്‍ത്തി ഇത്തരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ മാസം നടത്തിയ പ്രസംഗമാകട്ടെ രണ്ടാമത്തേതും. ആണവ റിയാക്ടര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കല്‍, ഭരണഘടന പൊളിച്ചെഴുത്ത് ഉള്‍പ്പെടെ ആബേ നടപ്പിലാക്കാന്‍ പോകുന്ന തീരുമാനങ്ങളോടുള്ള എതിര്‍പ്പാണു ചക്രവര്‍ത്തി പ്രകടമാക്കിയതെന്നും ഇതില്‍നിന്നും വ്യക്തമാണ്.

Comments

comments

Categories: World