വ്യാപാരം നിലച്ചാല്‍ യുദ്ധം: ജാക്ക് മാ

വ്യാപാരം നിലച്ചാല്‍ യുദ്ധം: ജാക്ക് മാ

ബിജിംഗ്: ലോകത്ത് എപ്പോള്‍ വ്യാപാരം നിലയ്ക്കുന്നുവോ പിന്നാലെ യുദ്ധവുമെത്തുമെന്ന് പ്രമുഖ ചൈനീസ് ഇ- കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും ചെയര്‍മാനുമായ ജാക്ക് മാ. ആഗോളവല്‍ക്കരണത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരം രാജ്യങ്ങള്‍ തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ്, ആഗോളവല്‍ക്കരണത്തെ പ്രശ്‌നകാരിയായി കാണുന്നവര്‍ക്കുള്ള വിമര്‍ശനമെന്ന നിലയില്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്.

ആഗോളവല്‍ക്കരണത്തിന്റെ പാതയിലൂടെ ലോകം മുന്നോട്ടുപോകണം. ആഗോളവല്‍ക്കരണം നല്ലതാണ്. വ്യാപാരം എപ്പോള്‍ നിലയ്ക്കുന്നുവോ അപ്പോള്‍ യുദ്ധം ആരംഭിക്കും- ജാക്ക് മാ പറഞ്ഞു.
നവംബറില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഗോളവല്‍ക്കരണത്തിനെതിരായി വികാരം ഉയര്‍ന്നുവരുന്നു. ചൂടുപിടിച്ച ചര്‍ച്ചകളില്‍ ചൈന എപ്പോഴും പ്രതിപാദ്യ വിഷയമായും മാറുന്നു. മിക്കപ്പോഴും തെരഞ്ഞെടുപ്പുകളുണ്ടാകും. അപ്പോഴെല്ലാം എല്ലാവരും ചൈനയെ വിമര്‍ശിക്കുന്നു. ആഗോള വ്യാപാരം നമുക്കെങ്ങനെ അവസാനിപ്പിക്കാന്‍ കഴിയും. അതിലേക്കായി ഒരു മതില്‍ പണിയാന്‍ നമുക്കെങ്ങനെ സാധിക്കും-മാ ചോദിക്കുന്നു.
അന്താരാഷ്ട്ര വ്യാപാരം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ആ മുന്നേറ്റം തുടരണം. എങ്കില്‍ മാത്രമെ കൂടുതല്‍ ആളുകള്‍ക്ക് നേട്ടമുണ്ടാകുകയുള്ളു. ടെക്‌നോളജിയെ പുതുതലമുറ പരമാവധി പ്രയോജനപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കണം. അങ്ങനെയെങ്കില്‍ അവര്‍ക്കും എവിടെ നിന്നു വേണമെങ്കിലും സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും വ്യപാരത്തിലേര്‍പ്പെടാനും കഴിയും- അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി20 രാജ്യതലവന്മാരുടെ സമ്മേളനം ചൈനയില്‍ പുരോഗമിക്കുകയാണ്. ബിസിനസ് തലവന്മാരുടെ വാക്കുകള്‍ ശ്രവിക്കുന്നതിന് രാഷ്ട്രീയ നേതാക്കള്‍ക്കുള്ള മികച്ച അവസരമാണ് സമ്മേളനമെന്നും ജാക്ക് മാ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy, Slider