ഐടിസി ഗാര്‍ഹികോല്‍പ്പന്ന മേഖലയ്ക്കു പ്രാമുഖ്യം നല്‍കും: സഞ്ജീവ് പുരി

ഐടിസി ഗാര്‍ഹികോല്‍പ്പന്ന മേഖലയ്ക്കു പ്രാമുഖ്യം നല്‍കും: സഞ്ജീവ് പുരി

ന്യൂഡെല്‍ഹി: ഗാര്‍ഹികോല്‍പ്പന്ന മേഖലയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐടിസി പ്രാധാന്യം നല്‍കുകയെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ സഞ്ജീവ് പുരി. സാമ്പത്തിക മാധ്യമമായ മിന്റിന് അനുവദിച്ച അഭിമുഖത്തിലാണ് സഞ്ജീവ് പുരി ഇതു വ്യക്തമാക്കിയത്.

ഐടിസിക്ക് 3000 കോടി രൂപയോ അതിനടുത്തോ വരുമാനം നേടിത്തരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ബ്രാന്‍ഡുകള്‍ എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) മേഖലയിലാണ്. ആശിര്‍വാദ്, സണ്‍ഫീസ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇതിനുദാഹരണമായി സഞ്ജീവ് പുരി ചൂണ്ടിക്കാട്ടി. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഭാവിയില്‍ ഏറ്റവും അവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയായിരിക്കും എഫ്എംസിജി. നിലവിലെ മത്സരാധിഷ്ഠിതമായ വാണിജ്യാന്തരീക്ഷത്തില്‍ ഐടിസിയുടെ ശക്തി പൂര്‍ണതയിലെത്തിക്കാന്‍ ആവശ്യമായ നടപടികളെന്ന നിലയിലാണ് എഫ്എംസിജി മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സഞ്ജീവ് പുരി സൂചിപ്പിച്ചു.

ഐടിസിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രണ്ടാമത്തെ ഘടകമെന്ന് സഞ്ജീവ് പുരി പറഞ്ഞു. മാര്‍ക്കറ്റിംഗും ഡിസ്ട്രിബ്യൂഷനും ഒരു കുടക്കീഴിലാക്കിയെങ്കിലും ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിച്ചതിന്റെ ഭാഗമായി സ്റ്റോപ്പ് കീപ്പിംഗ് യൂണിറ്റുകളുടെ എണ്ണവും 50ല്‍ നിന്ന് 1000 ആക്കി ഉയര്‍ത്തിയെന്ന് സഞ്ജീവ് പുരി പറഞ്ഞു.

മുന്‍ ചെയര്‍മാന്‍ വൈസി ദേവേശ്വര്‍ സ്ഥാനമൊഴിയുമ്പോള്‍ പിന്‍ഗാമിയായി ഐടിസിയുടെ തലപ്പത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയാണ് സഞ്ജീവ് പുരി. ഔദ്യോഗിക കാലാവധി കഴിഞ്ഞെങ്കിലും മൂന്നു വര്‍ഷം കൂടി ദേവേശ്വര്‍ നേതൃത്വപദവിയില്‍ തുടരുമെന്നാണ് സൂചന. ഐഐടി കാണ്‍പൂരില്‍ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പുരി ഐടിസിയുടെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചു വ്യക്തമായ ധാരണയുള്ളയാളാണ്. നിലവില്‍ കമ്പനി പുറത്തിറക്കുന്ന കണ്‍സ്യൂമര്‍ ഗുഡ്‌സ്, പേപ്പര്‍ബോര്‍ഡ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചുമതലയാണ് സഞ്ജീവ് പുരിക്കുള്ളത്.

Comments

comments

Categories: Branding