ബംഗ്ലാദേശ് വഴി ത്രിപുരയില്‍ എണ്ണയെത്തിക്കും

ബംഗ്ലാദേശ് വഴി  ത്രിപുരയില്‍  എണ്ണയെത്തിക്കും

IOC, IOCപൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐഒസി) അസമില്‍ നിന്ന് ബംഗ്ലാദേശ് വഴി ത്രിപുരയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ ഈ റൂട്ടിലൂടെയുള്ള പെട്രോളിയം നീക്കമാരംഭിക്കും. ഇന്ത്യയിലെ റോഡുകളില്‍ കൂടി പെട്രോളും ഡീസലും കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടുകളുള്ളതിനാലാണ് പുതിയ വഴി തേടുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഐഒസിയും ബംഗ്ലാദേശ് റോഡ് ആന്‍ഡ് ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റും (ആര്‍എച്ച്ഡി) ഓഗസ്റ്റ് 18 ന് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചിരുന്നു.

കരാര്‍ പ്രകാരം ഇന്ത്യന്‍ ഓയില്‍ ടാങ്കറുകള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അസമിലെ ബൊന്‍ഗൈഗനില്‍ നിന്ന് മേഘാലയയിലെ ദ്വൈകി അതിര്‍ത്തിയിലൂടെ ബംഗ്ലാദേശിലെ തമബില്‍, ഛാത്ല്‍പൂര്‍ വഴി ത്രിപുരയിലെ കൈലാസ്ഹറിലെത്തിക്കും. നാലു മണിക്കൂര്‍ കൊണ്ട് 136 കിലോമീറ്റര്‍ ദൂരം താണ്ടിയായിരിക്കും ത്രിപുരയില്‍ ഇന്ധനമെത്തിക്കുക. ബംഗ്ലാദേശ് വഴിയുള്ള പാതയുടെ ഉപയോഗത്തിലൂടെ സമയവും ചെലവും ലാഭിക്കാനാവും. നിലവില്‍ 400 കിലോമീറ്റര്‍ മലനിര ഉള്‍പ്പെടുന്ന പാത വഴി സഞ്ചരിക്കാന്‍ 10 മണിക്കൂറില്‍ കൂടുതല്‍ സമയം ആവശ്യമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ പ്രദേശത്തു കൂടി കൊണ്ടുപോകാന്‍ ബംഗ്ലാദേശ് അനുവാദം നല്‍കിയത്.
കഴിഞ്ഞയാഴ്ച ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) 2,350 ടണ്‍ അരി കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശ് വഴി ത്രിപുരയില്‍ എത്തിക്കുകയുണ്ടായി. 2012ല്‍ തെക്കന്‍ ത്രിപുരയിലെ 726 മെഗാവാട്ടിന്റെ പാലറ്റാന ഊര്‍ജ്ജ പദ്ധതിക്കുവേണ്ടി വലിയ യന്ത്രങ്ങളും ടര്‍ബൈനുകളും കൊണ്ടുപോകുന്നതിന് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനും ബംഗ്ലാദേശ് അനുവാദം നല്‍കിയിരുന്നു.

Comments

comments

Categories: Business & Economy

Related Articles