ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍: ഷി ജിന്‍പിങ്

ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍: ഷി ജിന്‍പിങ്

ഹാങ്‌സോ: ലോകരാജ്യങ്ങളുടെ വര്‍ധിച്ചുവരുന്ന സംരക്ഷണ നടപടികള്‍ (പ്രൊട്ടക്ഷനിസം ) ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ജി20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷി ജിന്‍പിങ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവന്ന ബ്രിട്ടന്റെ തീരുമാനവും നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും കണക്കിലെടുക്കുമ്പോള്‍ സ്വതന്ത്ര വ്യാപാരത്തിനും ആഗോളവല്‍ക്കരണത്തിനുമെതിരെ ജി20 രാജ്യങ്ങള്‍ നിലപാടെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

ആഗോള സമ്പദ് വ്യവസ്ഥ നിര്‍ണായക ദശാസന്ധിയിലാണെന്ന് ഷി ജിന്‍പിങ് അഭിപ്രായപ്പെട്ടു. വളരെ കുറഞ്ഞ ഡിമാന്‍ഡും സ്ഥിരതയില്ലാത്ത ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റും ദുര്‍ബലമായ വ്യാപാര-നിക്ഷേപവുമാണ് ആഗോള സമ്പദ് വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്. പുതിയൊരു സാങ്കേതികവിദ്യ-വ്യവസായ വിപ്ലവം സാധ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദൃഢവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് മോണിറ്ററി, ഫിസ്‌കല്‍, സ്ട്രക്ച്ചറല്‍ തലങ്ങളിലുള്ള പരിഷ്‌കാരങ്ങള്‍സ്വീകരിക്കണമെന്ന് ഉച്ചകോടിക്ക് സമാപനം കുറിച്ചുകൊണ്ട് ജി20 രാഷ്ട്രത്തലവന്‍മാര്‍ ഒപ്പുവെച്ച ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു. കര്‍മത്തില്‍ വിശ്വസിക്കുന്നവരുടെ ടീമായി ജി20 ഗ്രൂപ്പിനെ മാറ്റണമെന്നും അല്ലാതെ ഒന്നിച്ചുകൂടിയിരുന്ന് അധരവ്യായാമം ചെയ്യുന്നതിനുള്ള വേദിയായി ജി20 മാറരുതെന്നും ചൈനീസ് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.
അതേസമയം, ജി20 ഉച്ചകോടി ഉഭയകക്ഷി തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമായും വിവിധ രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തി. വ്യാപാരവും നിക്ഷേപവും നികുതി നയങ്ങളും വ്യാവസായിക പ്രശ്‌നങ്ങളുമെല്ലാം ഉഭയകക്ഷി ചര്‍ച്ചകളില്‍ വിഷയങ്ങളായി. ചൈനയുടെ വ്യാവസായിക അമിതോല്‍പ്പാദനത്തിനെതിരെ (ഇന്‍ഡസ്ട്രിയല്‍ ഓവര്‍കപാസിറ്റി) യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ രംഗത്തെത്തി. അമിതോല്‍പ്പാദനം മൂലം അടുത്ത കാലത്തായി യൂറോപ്യന്‍ ഉരുക്ക് വ്യവസായ രംഗത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നും പ്രശ്‌ന പരിഹാരത്തിന് ചൈന സ്വയം സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാവസായിക അമിതോല്‍പ്പാദനം ആഗോള പ്രശ്‌നമാണെങ്കിലും അതില്‍ ചൈനീസ് പങ്ക് വലുതാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് പറഞ്ഞു.
അതേസമയം ഉച്ചകോടിക്കുമേല്‍ മറ്റ് വിഷയങ്ങളുടെ നിഴല്‍ വീഴാതിരിക്കാന്‍ ശ്രദ്ധിച്ച ചൈനസാമ്പത്തിക വിഷയങ്ങളില്‍ ഊന്നല്‍ നല്‍കുന്നതിനാണ് പരിശ്രമിച്ചത്.

മത്സരാധിഷ്ഠിതമായി കറന്‍സി വിലയിടിവ് നടത്തുന്നത് നിര്‍ത്തണമെന്നും വിദേശ വാര്‍ത്താവിനിമയ-സാങ്കേതികവിദ്യ കമ്പനികള്‍ക്ക് ചൈനയില്‍ അവസരങ്ങള്‍ പരിമിതപ്പെടുത്തരുതെന്നും യുഎസ് ചൈനയോട് ആവശ്യപ്പെട്ടു. ഈ രണ്ട് കാര്യങ്ങളിലും ചൈനയില്‍നിന്ന് അനുകൂല പ്രതികരണമാണ് യുഎസിന് ലഭിച്ചത്.

Comments

comments

Categories: World