197 ദശലക്ഷം നിക്ഷേപം നേടി എജു-ടെക് സ്റ്റാര്‍ട്ടപ്പുകള്‍

197 ദശലക്ഷം നിക്ഷേപം നേടി എജു-ടെക് സ്റ്റാര്‍ട്ടപ്പുകള്‍

ചെന്നൈ: രാജ്യത്തെ എജു-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഈ ഓഗസ്റ്റ് വരെ വെഞ്ച്വര്‍ കാപിറ്റല്‍, സ്വകാര്യ ഇക്വറ്റി എന്നിവിടങ്ങളില്‍ നിന്നു 197 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപത്തേക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണിത്. 2015 ല്‍ 17 ഇടപാടുകളില്‍ നിന്നായി 67 ദശലക്ഷം ഡോളറാണ് എജു ടെക് നേടിയത്. ഗവേഷക സ്ഥാപനമായ വെഞ്ച്വര്‍ ഇന്റലിജന്‍സിന്റെ കണക്കു പ്രകാരം 2012 ലാണ് എജു-ടെക് മേഖല ഏറ്റവും കൂടുതല്‍ നിക്ഷേപം നേടിയത്. 235 ദശലക്ഷം ഡോളറായിരുന്നു 2012 ല്‍ എജു-ടെക് മേഖലയിലെ ആകെ നിക്ഷേപം.

എജു-ടെക് മേഖലയില്‍ ടെസ്റ്റ് പ്രപ്പറേഷന്‍, വൊക്കേഷണല്‍ സ്റ്റാര്‍ട്ടപ്പുകള്‍, സെര്‍ട്ടിഫിക്കേഷന്‍ സ്ഥാപനങ്ങള്‍ എന്നിവയാണ് നിക്ഷേപകരുടെ ഇഷ്ട വിഭാഗങ്ങള്‍. കഴിഞ്ഞ മാര്‍ച്ചില്‍ പ്രമുഖ എജു-ടെക് സ്ഥാപനമായ ബൈജൂസ് ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫീനയില്‍ നിന്നും 70 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടിയിരുന്നു. ഒരു സ്റ്റാര്‍ട്ടപ്പ് എജുക്കേഷന്‍ കമ്പനി നേടുന്ന ഏറ്റവും വലിയ നിക്ഷേപമായിരുന്നുവത്. ആരിന്‍ കാപിറ്റല്‍, മണിപ്പാല്‍ ഗ്രൂപ്പിന്റെ ഡോ രാജന്‍ പാല്‍, മുന്‍ ഇന്‍ഫോസിസ് സിഇഒ മോഹന്‍ദാസ് പൈ എന്നിവരാണ് എജു-ടെക് മേഖലയിലെ സജീവമായുള്ള നിക്ഷേപകര്‍. വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപകരുടെ പട്ടികയില്‍ കല്ലാരി കാപിറ്റല്‍, ബ്ലൂം വെഞ്ച്വേഴ്‌സ്, എന്നിവര്‍ ടെക്‌നോളജി സംബന്ധിയായ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

സ്വകാര്യ ഇക്വറ്റി നിക്ഷേപകര്‍ സിഎക്‌സ് പാര്‍ട്‌ണേഴ്‌സ് വഴി നിയന്ത്രിത മേഖലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സി എക്‌സ് പാര്‍ട്‌ണേഴില്‍ നിന്നും ഹൈദരാബാദ് ആസ്ഥാനമായ നാരായണ ഗ്രൂപ്പിന്റെ സ്ഥാപനമായ എന്‍സ്പിരയില്‍ 60 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടിയിരുന്നു. സെറെസ്ട്രാ എജു ഇന്‍ഫ്രാ ഫണ്ടിന് കെ-12 സ്‌കൂളിന്റെ 74 ശതമാനം ഓഹരികളും നല്‍കികൊണ്ട് ജെയിന്‍ ഗ്രൂപ്പ് 35 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടിയിരുന്നു. സ്ട്രാറ്റെജിക് നിക്ഷേപകരും ഈ മേഖലയില്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്. ടെസ്റ്റ് ബുക്ക് പ്രസിദ്ധീകരണ കമ്പനിയായ എസ് ചന്ദ് ഈ വര്‍ഷം സ്ട്രാറ്റെജിക് നിക്ഷേപകരായ ഐഎഫ്‌സിയുടെ നേത്യത്വത്തില്‍ 26 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചിരുന്നു.

Comments

comments

Categories: Entrepreneurship