കാവേരി വിധി: കര്‍ണാടക കത്തുന്നു

കാവേരി വിധി:  കര്‍ണാടക കത്തുന്നു

 

ബെംഗലൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതിനെതിരെ കര്‍ണ്ണാടകയില്‍ വന്‍ പ്രതിഷേധം. എഴുനൂറോളം ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടിലേ്ക്ക് വെള്ളം ഒഴുക്കിവിടുന്ന കനാലുകളില്‍ തടസ്സം സൃഷ്ടിക്കുമെന്നാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഭീഷണി മുഴക്കുന്നത്.

കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് പത്ത് ദിവസത്തേയ്ക്ക് പതിനയ്യായിരം ഘനയടി വീതം വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ണ്ണാടകത്തില്‍ പ്രതിഷേധം കത്തുന്നത്. മാണ്ഡ്യ ജില്ലയില്‍ കര്‍ഷകര്‍ ചൊവ്വാഴ്ച്ച ബന്ദ് ആചരിച്ചു. പ്രതിഷേധക്കാര്‍ ഒരു ബസ് അടിച്ചുതകര്‍ത്തു. ഇതേത്തുടര്‍ന്ന് കര്‍ണ്ണാടക-തമിഴ്‌നാട് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.

മൈസൂരു-ബെംഗലൂരു ദേശീയപാതയിലെ മാണ്ഡ്യയില്‍ പാതയില്‍ കുത്തിയിരുന്ന പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ച് ഗതാഗതം തടസപ്പെടുത്തി. ബസ്സുകള്‍ തടഞ്ഞതിനെത്തുടര്‍ന്ന്
ബെംഗലൂരുവില്‍ നിന്നും മൈസൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള എഴുനൂറോളം ബസ് സര്‍വീസുകള്‍ കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി. കര്‍ണാടകത്തിലേക്ക് പുറപ്പെട്ട ബസ്സുകളും ട്രക്കുകളും ഹൊസൂര്‍ അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിച്ചു. വെള്ളിയാഴ്ച്ച കര്‍ണാടകയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories