പിഇ നിക്ഷേപകരുടെ കരുത്തില്‍ റീട്ടെയ്ല്‍ റിയല്‍റ്റി തിരിച്ചുവരവില്‍

പിഇ നിക്ഷേപകരുടെ കരുത്തില്‍ റീട്ടെയ്ല്‍ റിയല്‍റ്റി തിരിച്ചുവരവില്‍

ബെംഗളൂരു: സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ കരുത്തില്‍ രാജ്യത്തെ റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് വിപണി തിരിച്ചുവരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഏകദേശം 1,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ റീട്ടയ്ല്‍ റിയല്‍റ്റി വിപണിയില്‍ നടത്തിയത്. മാളുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങിയവയാണ് റീട്ടെയ്ല്‍ റിയല്‍ എസ്‌റ്റേറ്റിന്റെ പരിധിയില്‍ വരുന്നത്. പ്രമുഖ റിയല്‍റ്റി കണ്‍സള്‍ട്ടന്‍സിയായ ജെഎല്‍എല്‍ ഇന്ത്യ നടത്തിയ പഠനത്തിലാണ് രാജ്യത്തേക്ക് വന്ന മൊത്തം സ്വാകാര്യ ഇക്വിറ്റി നിക്ഷേപത്തിന്റെ എട്ട് ശതമാനവും റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലേക്കൊണെന്ന് വ്യക്തമായത്.

2008ലുണ്ടാ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇത്രയും നിക്ഷേപം ഇവര്‍ നടത്തുന്നത് ആദ്യമായാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 2008ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് നിക്ഷേപത്തേക്കാള്‍ ഈവര്‍ഷം കൂടുമെന്നാണ് വിലയിരുത്തലുകള്‍.
ആഗോള രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ നിക്ഷേപ സൗഹൃദമാക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ പരിഷ്‌കരണങ്ങളാണ് സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഇന്ത്യയ്ക്ക് മുമ്പില്‍ അതിവേഗം വളര്‍ച്ച കൈവരിച്ചിരുന്ന ചൈനയുടെ സാമ്പത്തിക വളര്‍ച്ച പ്രതിസന്ധി നേരിട്ടതും ഇവരുടെ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിര്‍ണായകമായി.
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്കായി നിരവധി നയപരിഷ്‌കരണങ്ങള്‍ നടത്തിയ സര്‍ക്കാര്‍ റീട്ടെയ്ല്‍ റിയല്‍റ്റി പ്രോപ്പര്‍ട്ടികളുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിച്ചാല്‍ ആഗോള സ്വകാര്യ ഇക്വിറ്റി നിക്ഷേപം ഇനിയും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ വര്‍ഷം മെയ് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ റീട്ടെയ്ല്‍ റിയല്‍റ്റി മേഖലയിലേക്ക് എത്തിച്ചത് 149 മില്ല്യന്‍ ഡോളറാണ്. ഈ മേഖലയിലെ വിദഗ്ധരെ കൂടി ആശ്ചര്യപ്പെടുത്തിയാണ് ഇത്രയും നിക്ഷേപം വന്നത്.
സാമ്പത്തികവും രാഷ്ട്രിയവുമായ സ്ഥിരത, നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങളിലുള്ള ഉദാരവല്‍ക്കരണം എന്നിവ രാജ്യത്തെ റിയല്‍റ്റി വിപണിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിദഗ്ധര്‍ വിലിയിരുത്തുന്നത്.
ബ്ലാക്ക്‌സ്റ്റോണ്‍, സാന്‍ഡര്‍, സിപിപിഐബി, മാക്വയര്‍ തുടങ്ങിയവയാണ് പ്രമുഖ പിഇ സ്ഥാപനങ്ങള്‍. ഇതില്‍ ബ്ലാക്ക്‌സ്‌റ്റോണ്‍ നവി മുംബൈയിലുള്ള എല്‍&ടി റിയല്‍റ്റി ലിമിറ്റഡിന്റെ സീവുഡ് ഗ്രാന്‍ഡ് സെന്ററില്‍ 1,450 കോടിയുടെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തില്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പിഇ കമ്പനി ജിഐസി താനെയിലുള്ള വിവിന മാളില്‍ 149 മില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള റീട്ടെയ്ല്‍ റിയല്‍റ്റി വിപണിയില്‍ നിക്ഷേപം നടത്താനുള്ള പദ്ധതി സാന്‍ഡര്‍ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy