ഉര്‍ജിതിന് മുന്നിലെ വിഭിന്ന ദൗത്യം

ഉര്‍ജിതിന് മുന്നിലെ വിഭിന്ന ദൗത്യം

രാജേന്ദ്ര ഷെന്‍ഡെ

രിത്രപരമായി, കേന്ദ്ര ബാങ്കുകളുടെ തലവന്മാര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളെ വിസ്മരിച്ചുകൊണ്ട് റിപ്പോ നിരക്കുകളിലെ അറ്റകുറ്റപ്പണികളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. സമ്പാദിക്കുന്നവരുടെയും നിക്ഷേപകരുടെയും നഷ്ട സാധ്യത കുറയ്ക്കുന്ന ധന സാങ്കേതിക വിദഗ്ധരായാണ് അവര്‍ വര്‍ത്തിച്ചത്. ആഗോള താപനവും ഹരിത ഗൃഹ വാതകങ്ങളുടെ പ്രസരണവും സൃഷ്ടിക്കുന്ന സാമ്പത്തികമായ ആഘാതങ്ങളെക്കാള്‍ അവരുടെ ആശങ്കകളുടെ മുന്‍പന്തിയില്‍ നിന്നത് പണപ്പെരുപ്പവും പലിശ നിരക്കും കറന്‍സിയുമൊക്കെ തന്നെ.

എന്നാല്‍ അതിശയകരമെന്നു പറയട്ടെ, കേന്ദ്ര ബാങ്കുകളുടെ തലവന്‍മാര്‍ ഏതു ഭരണകൂടങ്ങള്‍ക്കു വേണ്ടിയാണോ ജോലി നോക്കുന്നത്, അവയെല്ലാം ഭീകരതയോളം അപകടസാധ്യതയുള്ളതാണ് കാലാവസ്ഥാ വ്യതിയാനമെന്ന് ഏറെക്കുറെ അസന്നിഗ്ധമായി തന്നെ പ്രഖ്യാപിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലുള്ള ഈ ആശയ വൈരുദ്ധ്യത്തിന്റെ അപകടം ഇന്ത്യയെ സംബന്ധിച്ചടത്തോളം കൂടുതല്‍ മുന്നറിയിപ്പ് നല്‍കുന്നതാണ്.

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്നത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ന്യൂഡെല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വൈദ്യുതോല്‍പ്പാദനത്തെക്കുറിച്ച് പഠിച്ചിരുന്നു. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പ്രപഞ്ച ആസ്തികളുടെ നാശത്തിനു കാരണമാകുന്ന പാരിസ്ഥിതികമായ വെല്ലുവിളികള്‍ക്കും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജ പ്ലാന്റുകള്‍ ഒരു പരിധിവരെ കാരണമാകുന്നുണ്ടെന്ന് അദ്ദേഹത്തിന് നന്നായറിയാം. ഹരിത ഗൃഹ വാതകങ്ങളുടെ 50 ശതമാനം പുറന്തള്ളലിനും പിന്നില്‍ വൈദ്യുതോല്‍പ്പാദന(അതിനൊപ്പമുണ്ടാകുന്ന ചൂട്)മാണ്.

ഐഐടി ഡെല്‍ഹിയില്‍ നിന്ന് ഗോള്‍ഡ് മെഡല്‍ നേട്ടത്തോടെ പുറത്തിറങ്ങിയ രാജന്‍, ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചി(ഐപിസിസി)ന്റെ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിരുന്ന പ്രൊഫസര്‍മാരുള്ള അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്ിലാണ് ഇക്കണോമിക്‌സിലും മാനെജ്‌മെന്റ് പഠനത്തിലും മിന്നിത്തിളങ്ങിയത്. ഊര്‍ജ്ജ നിലയങ്ങളില്‍ ഉപയോഗിക്കുന്ന കല്‍ക്കരി, ഓയില്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ 2100 ഓടെ പൂര്‍ണമായി ഒഴിവാക്കിയില്ലെങ്കില്‍ ലോകം സാമ്പത്തിക ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഐപിസിസി അടുത്തിടെ വിലയിരുത്തിയിരുന്നു.

എല്ലാ തരത്തിലും അഭിമാനിക്കാവുന്ന സ്ഥാപനമായ അമേരിക്കയിലെ എംഐടി സൊളാന്‍ സ്‌കൂളിലാണ് രാജന്‍ പിന്നീട്  ഡോക്റ്ററേറ്റ് ചെയ്തത്. സാമ്പത്തിക രംഗവും കാലാവസ്ഥാ വ്യതിയാനത്തിലെ നയവും തമ്മിലെ ബന്ധത്തെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് പേരുകേട്ടതായിരുന്നു ആ സ്ഥാപനം. രാജന്‍ ഉള്‍പ്പെട്ട ഫാക്വല്‍റ്റിയും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സൊലാന്‍ സ്‌കൂള്‍ കാംപസില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികളും നയങ്ങളും പോലും നടപ്പിലാക്കുകയുണ്ടായി. രാജന്‍ ഒരു പതിറ്റാണ്ടിലേറെ പ്രൊഫസറായി സേവനമനുഷ്ഠിച്ച ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസും 2100ല്‍ ഭൂമി ആള്‍പ്പാര്‍പ്പില്ലാത്ത ഇടമാകാതിരിക്കാന്‍ നമുക്ക് എത്ര ചെലവിടാനാവും എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ സ്ഥാപനമാണ്.

ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി രഘുറാം രാജന്‍ സേവനമനുഷ്ഠിച്ച മൂന്നു വര്‍ഷക്കാലം കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ച് രൂക്ഷമായ ചര്‍ച്ചകള്‍ നടന്ന വേളകളായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആദ്യ ഇരകളായ സമൂഹത്തിലെ സാധാരണക്കാരന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും 2005ലെ പാരിസ് ഉടമ്പടിയെന്ന് ഐഎംഎഫ് അധ്യക്ഷ ക്രിസ്റ്റീന ലഗാര്‍ദെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ദോശ ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യയിലെ നിശ്ചലതയും ആ ഭക്ഷണത്തിന്റെ വില വര്‍ധനയും തമ്മിലെ ബന്ധം ബോധ്യമാകുന്ന തരത്തില്‍ വിശദീകരിച്ചയാളാണ് രാജന്‍.

ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം കാര്യക്ഷമമായി പറഞ്ഞു. ആര്‍ബിഐയുടെ പരിധിയില്‍ നിന്നു ഏറെ മാറിനിന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സഹിഷ്ണുത എന്ന വിഷയത്തിലും തന്റെ അഭിപ്രായം രാജന്‍ പരസ്യമായി തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തെ തടയാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലെ സാമ്പത്തിക, ധനപരമായ നയങ്ങള്‍ ആവശ്യമുണ്ടെന്ന കാര്യം രാജന്റെ പ്രഭാഷണങ്ങളില്‍ മറഞ്ഞു തന്നെ കിടന്നു, സ്വന്തം രചനയായ ഫാള്‍ട്ട് ലൈന്‍സ്: ഹൗ ഹിഡന്‍ ഫ്രാക്‌ചേഴ്‌സ് സ്റ്റില്‍ ത്രിട്ടണ്‍ ദ വേള്‍ഡ് ഇക്കണോമിയില്‍ അദ്ദേഹം വിവരിക്കുന്ന തെറ്റായ രേഖകളെപ്പോലെ.

പുതിയ ആശയങ്ങള്‍ക്കും ഇന്നൊവേഷനും ഗവേഷണത്തിനുമുള്ള തന്റെ അഭിനിവേശത്തെ ശമിപ്പിക്കുന്നതിന് രാജന്‍ ഈ മാസം അക്കാദമിക് രംഗത്തേക്ക് തിരിച്ചുപോകുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന അപകടാവസ്ഥയെ സംബന്ധിച്ച് അദ്ദേഹം പങ്കുവയ്ക്കുന്ന അഗാധമായ വിശകലനങ്ങള്‍ക്കായി ഏറെപ്പേര്‍ കാത്തിരിന്നേക്കും. ഊര്‍ജ്ജ രംഗത്ത് മുന്‍കാല പരിചയമുള്ള ഊര്‍ജ്ജത്തിന്റെ സാമ്പത്തിക വശത്തെയും കാലാവസ്ഥാ മാറ്റത്തെയും കുറിച്ച് ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള ഉര്‍ജിത് പട്ടേല്‍ രഘുറാം രാജന്റെ പിന്‍ഗാമിയായി വരുമ്പോള്‍, ഒരുപക്ഷേ സാമ്പത്തിക രംഗവും കാലാവസ്ഥാ വ്യതിയാനവും തമ്മിലെ ബന്ധത്തിലെ ഇതുവരെ കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്ത കണ്ണികളെ ഇണക്കുന്നതിന് അതു സഹായിച്ചേക്കാം.
(ടിഇആര്‍ആര്‍ഇ പോളിസി സെന്റര്‍ ചെയര്‍മാനാണ് ലേഖകന്‍)

Comments

comments

Categories: FK Special