രഞ്ജി ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം കാശ്മീരിനെതിരെ

രഞ്ജി ട്രോഫി:  കേരളത്തിന്റെ ആദ്യ മത്സരം കാശ്മീരിനെതിരെ

 

കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് പുതിയ സീസണിലെ കേരളത്തിന്റെ മത്സരങ്ങള്‍ ഒക്ടോബര്‍ ആറിന് തുടങ്ങും. കല്യാണിയില്‍ ഒക്ടോബര്‍ ആറ് മുതല്‍ ഒമ്പത് വരെ നടക്കുന്ന ആദ്യ മത്സരത്തില്‍ ജമ്മു കാശ്മീരിനെയാണ് കേരളം നേരിടേണ്ടത്.

സി പൂളിലെ പത്ത് ടീമുകളിലൊന്നായ കേരളത്തിന് ഡിസംബര്‍ 7 മുതല്‍ 10 വരെ സര്‍വീസസിനെതിരെയാണ് അവസാന മത്സരം. പുതിയ നിയമാവലി അനുസരിച്ച് ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ നിഷ്പക്ഷ വേദികളിലാണ് വേദികളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇപ്രകാരം മറ്റ് ടീമുകള്‍ തമ്മിലുള്ള അഞ്ച് മത്സരങ്ങളും കേരളത്തില്‍ നടക്കും. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഹൈദരാബാദ്, ഛത്തീസ്ഖഢ്, ഹരിയാന, ഗോവ, ആന്ധ്രപ്രദേശ്, ത്രിപുര, സര്‍വീസസ് എന്നീ ടീമുകളാണ് കേരളത്തോടൊപ്പം സി പൂളിലുള്ളത്. ഹിമാചല്‍ പ്രദേശിനെ ഒക്ടോബര്‍ 13 മുതല്‍ 16 കൊല്‍ക്കത്തയിലും ഹൈദരാബാദിനെ 20-23 തിയതികളില്‍ ഭുവനേശ്വറിലും നേരിടുന്ന കേരളം ഛത്തീസ്ഖഢുമായി 27 മുതല്‍ 30 വരെ ജംഷഡ്പൂരിലാണ് ഏറ്റുമുട്ടുക.

നവംബര്‍ അഞ്ച് മുതല്‍ എട്ട് വരെ ജയ്പൂരില്‍ ഹരിയാനയെയും 13-16 തിയതികളില്‍ മുംബൈയില്‍ ഗോവയെയും നേരിട്ടതിന് ശേഷം 21 മുതല്‍ 24 വരെയുള്ള തിയതികളില്‍ ഗുവാഹത്തിയില്‍ വെച്ച് ആന്ധ്രയുമായും കേരളത്തിന് മത്സരിക്കണം. 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ ബരാബതിയില്‍ ത്രിപുരയെയും 7-9 തിയതികളില്‍ ഡല്‍ഹിയില്‍ സര്‍വീസസിനെയും കേരളം നേരിടും.

വിദര്‍ഭ-അസാം, ഡല്‍ഹി-ജാര്‍ഖണ്ഡ് മത്സരങ്ങള്‍ തിരുവനന്തപുരത്തും ജാര്‍ഖണ്ഡ്- വിദര്‍ഭ, രാജസ്ഥാന്‍-ഡല്‍ഹി മത്സരങ്ങള്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ഒഡീഷയും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരത്തിന് വേദിയായിരിക്കുന്നത് കൊച്ചിയാണ്. ഈ സീസണിലെ കേരളത്തിന്റെ ഏകദിന മത്സരങ്ങളെല്ലാം ഒഡീഷയിലാണ് നടക്കുക. സീനിയര്‍ വനിതകളുടെ ഏകദിന മത്സരങ്ങള്‍ ചെന്നൈയിലും ട്വന്റി-20 മത്സരങ്ങള്‍ കര്‍ണാടകയിലും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Comments

comments

Categories: Sports