22,000 ഷെവര്‍ലെ ക്രൂസ് തിരിച്ചുവിളിക്കൊരുങ്ങി ജനറല്‍ മോട്ടോഴ്‌സ്

22,000 ഷെവര്‍ലെ ക്രൂസ് തിരിച്ചുവിളിക്കൊരുങ്ങി ജനറല്‍ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി: അമേരിക്കന്‍ കമ്പനി ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യന്‍ വിഭാഗം വീണ്ടും തിരിച്ചുവിളിക്കൊരുങ്ങുന്നു. എന്‍ജിന്‍ ജ്വലന പ്രക്രിയയുമായി ബന്ധപ്പെട്ടുള്ള തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നെ ഷെവര്‍ലെ സെഡാനായ ക്രൂസിന്റെ 22,000 യൂണിറ്റാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. 2009-11 കാലയളവില്‍ നിര്‍മിച്ച മോഡലുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.
തകരാര്‍ കണ്ടെത്തിയ വാഹനങ്ങള്‍ പരിശോധിക്കുന്നതിനും തകരാര്‍ പരിഹരിക്കുന്നതിനും ഒരു മണിക്കൂര്‍ സമയം മാത്രം മതിയാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉടന്‍ തന്നെ അടുത്തുള്ള ഷെവര്‍ലെ സര്‍വീസ് സെന്ററുമായി ക്രൂസ് ഉപഭോക്താക്കള്‍ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും സുരക്ഷയും മേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളിലെത്തിയ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍ അത് ഉടന്‍ പരിഹരിച്ച് നല്‍കും. ഇത് കമ്പനിയുടെ ഉപഭോക്തൃ സംതൃപ്തിയുടെ ഭാഗമാണ്. ക്രൂസിന് റിപ്പോര്‍ട്ട് ചെയ്ത തകരാറില്‍ ഇതുവരെ അപകടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പക്ഷെ, ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന കമ്പനി എന്നനിലയില്‍ തകരാര്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് നല്‍കും. ജനറല്‍ മോട്ടോഴ്‌സ് ആഫ്റ്റര്‍ സെയ്ല്‍സ് വൈസ് പ്രസിഡന്റ് മാര്‍ക്കസ് സ്റ്റെന്‍ബര്‍ഗ് അറിയിച്ചു.
രാജ്യത്തെ എല്ലാ ഷെവര്‍ലെ ഷോറൂമുകളിലും സൗജന്യമായാണ് ക്രൂസിന് രേഖപ്പെടുത്തിയ തകരാര്‍ പരിഹരിച്ച് നല്‍കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto