ഫെസ്റ്റിവല്‍ സീസണ്‍: വില്‍പ്പനയില്‍ വന്‍ പ്രതീക്ഷയോടെ കമ്പനികള്‍

ഫെസ്റ്റിവല്‍ സീസണ്‍: വില്‍പ്പനയില്‍ വന്‍ പ്രതീക്ഷയോടെ കമ്പനികള്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാകാന്‍ തയാറെടുക്കുന്ന ഇന്ത്യയില്‍ ഓഗസ്റ്റിലും വാഹന വില്‍പ്പനയില്‍ കമ്പനികള്‍ക്ക് മികച്ച നേട്ടം. മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിവിഎസ്, ഹീറൊ മോട്ടോര്‍ കോര്‍പ്പ് തുടങ്ങിയ കമ്പനികളെല്ലാം വില്‍പ്പന നേട്ടത്തില്‍ വന്‍ പ്രതീക്ഷയാണുള്ളത്. ഫെസ്റ്റിവല്‍ സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്താനാണ് ഓരോ കമ്പനികളും പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ വാഹനങ്ങള്‍ തങ്ങളുടെ ഷോറൂമില്‍ എത്തിച്ച്‌കൊണ്ടിരിക്കുകയാണ് കമ്പനികള്‍.

രാജ്യത്തെ 12 പ്രമുഖ കമ്പനികള്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് 16 ശതമാനം വില്‍പ്പന വളര്‍ച്ചയാണ്. ഇക്കാലയളവില്‍ വില്‍പ്പന നടത്തിയത് മൊത്തം 2,55,000 യൂണിറ്റ് വാഹനങ്ങളും. കമ്പനികള്‍ വിപണിയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കണോമിക്ക് ടൈംസ് വാഹന വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്രയും യൂണിറ്റ് വില്‍പ്പന നടത്തിയതായി വ്യക്തമാക്കിയത്. അതേസമയം, മൊത്ത വില്‍പ്പനയുടെ കണക്കുകള്‍ മാത്രമാണിത്. കമ്പനികള്‍ ചില്ലറ വില്‍പ്പന കണക്കുകള്‍ സ്ഥിരമായി പുറത്തുവിടാറില്ല.
നിലവില്‍ വിപണിയിലുള്ള സാഹചര്യം ഇനിയും തുടരുമെന്നാണ് വാഹന വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ധനവിലക്കുറവ്, പുതിയ മോഡലുകളുടെ രംഗപ്രവേശം, മണ്‍സൂണ്‍ ലഭ്യതയിലുണ്ടായ വര്‍ധന, ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നത് എന്നിവ വിപണിയില്‍ കാര്യമായ നേട്ടമുണ്ടാക്കുന്ന ഘടകങ്ങളാണ്. ഫെസ്റ്റിവല്‍ സീസണിലും നിലവിലെ സാഹചര്യം തുടരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കോംപാക്റ്റ് എസ് യുവി വിഭാഗമാണ് വിപണിയില്‍ മികച്ച വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്ന സെഗ്‌മെന്റ്. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന വളര്‍ച്ച നേടുന്ന കോംപാക്റ്റ് എസ്‌യുവികള്‍ ഫെസ്റ്റിവല്‍ സീസണില്‍ വന്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. മാരുതി സുസുക്കി വിറ്റാര ബ്രെസയാണ് ഈ സെഗ്‌മെന്റില്‍ വിപണിയില്‍ ഏറ്റവും വില്‍പ്പന നടക്കുന്നത്. തൊട്ടുപിറകില്‍ ഹ്യൂണ്ടായ് ക്രെറ്റയുണ്ട്. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര കെയുവി, റെനൊ ഡസ്റ്റര്‍ തുടങ്ങിയവയും വില്‍പ്പനയില്‍ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കുന്ന മോഡലുകളാണ്.
നിലിവിലുള്ള സാഹചര്യം അനുസരിച്ച് നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ വാഹന വില്‍പ്പന വളര്‍ച്ച എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെയാകുമെന്നാണ് ഇക്ര റേറ്റിംഗ്‌സ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 12.3 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. 1,19,931 യൂണിറ്റ് വാഹനങ്ങളാണ് മാരുതി ഇക്കാലയളവില്‍ ഉപഭോക്താക്കളിലെത്തിച്ചെതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്ന നേട്ടമാണ് കമ്പനിക്ക് കഴിഞ്ഞ മാസം നേട്ടമായത്. എര്‍ട്ടിഗ, എസ് ക്രോസ്, വിറ്റാര ബ്രെസ എന്നിവ മാത്രം കഴിഞ്ഞ മാസം വിറ്റത് 16,806 യൂണിറ്റാണ്.
ഹ്യൂണ്ടായ് മോട്ടോഴ്‌സ് കഴിഞ്ഞ മാസം നേടിയ വില്‍പ്പന വളര്‍ച്ച 6.7 ശതമാനമാണ്. അതേസമയം, ഫ്രഞ്ച് കമ്പനി റെനൊ കഴിഞ്ഞ മാസം വില്‍പ്പനയില്‍ പുതിയ ഉയരത്തിലെത്തി. 12,972 യൂണിറ്റ് വാഹനങ്ങളാണ് റെനൊ കഴിഞ്ഞ മാസം വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് എട്ട് മടങ്ങ് വളര്‍ച്ചയാണ് റെനൊ കഴിഞ്ഞ മാസത്തില്‍ രേഖപ്പെടുത്തിയത്. എന്‍ട്രി ലെവല്‍ വിഭാഗത്തിലുള്ള ക്വിഡിന് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വാധീനം ചെലുത്താന്‍ സാധിച്ചതാണ് റെനൊയ്ക്ക് നേട്ടമായത്.
അടുത്ത മൂന്ന് മാസങ്ങളിലായുള്ള ഫെസ്റ്റിവല്‍ സീസണില്‍ കമ്പനികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രൈസ് വാട്ടര്‍ഹൗസ് പങ്കാളിയായ അബ്ദുല്‍ മജീദ് വ്യക്തമാക്കി. മികച്ച മണ്‍സൂണ്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് തുടങ്ങിയവ വില്‍പ്പന വര്‍ധിക്കാനുള്ള കാരണങ്ങളാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡീസല്‍ വാഹനങ്ങള്‍ക്ക് രാജ്യത്ത് തുടരുന്ന അനിശ്ചിതാവസ്ഥ പെട്രോള്‍ മോഡലുകള്‍ക്കാകും ഡിമാന്‍ഡ് വര്‍ധിപ്പിക്കുക. ഇക്കാലയളവില്‍ പെട്രോള്‍ വാഹനങ്ങള്‍ക്കാകും കൂടുതല്‍ ഉപഭോക്താക്കളും തല്‍പ്പര്യം കാണിക്കുക.

Comments

comments

Categories: Auto