ആഗോള അജണ്ട നിശ്ചയിക്കേണ്ടത് ബ്രിക്‌സ് രാജ്യങ്ങള്‍: മോദി

ആഗോള അജണ്ട നിശ്ചയിക്കേണ്ടത് ബ്രിക്‌സ് രാജ്യങ്ങള്‍: മോദി

ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ തയാറെന്ന് ചൈന. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ ആശങ്കയറിയിച്ച് നരേന്ദ്ര മോദി. ഭീകരതയുടെ സ്‌പോണ്‍സര്‍മാരെ ഒറ്റപ്പെടുത്തണമെന്നും പ്രധാനമന്ത്രി

ഹാങ്‌സൗ (ചൈന): ആഗോള അജണ്ട നിശ്ചയിക്കുന്നതിലും അന്താരാഷ്ട്ര തലത്തില്‍ വിവിധ വിഷയങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിലും നിര്‍ണായക ശക്തിയാകേണ്ടത് അഞ്ച് ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) രാജ്യങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള അജണ്ട നിശ്ചയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതില്‍ നമുക്കെല്ലാവര്‍ക്കും തുല്യ പങ്കുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുന്ന തരത്തിലാകണം ഇത്-ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്നലെ നടന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പറഞ്ഞു. അടുത്ത മാസം ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളുടം നേതാക്കളെ ക്ഷണിച്ചു.

ലോകജനസംഖ്യയിലെ 43 ശതമാനം ബ്രിക്‌സ് രാജ്യങ്ങളിലാണ്. ആഗോള ജിഡിപിയിലേക്ക് 37 ശതമാനം സംഭാവന ചെയ്യുന്നതും ലോക വ്യാപാരത്തിന്റെ 17 ശതമാനം കൈയടിക്കിവെച്ചിരിക്കുന്നതും ബ്രിക്‌സ് രാജ്യങ്ങള്‍ തന്നെ. യോഗത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയുമായി ഉണ്ടാക്കിയെടുത്ത നല്ല ബന്ധം തുടരാന്‍ ചൈന തയാറാണെന്ന് ജിന്‍പിങ് പറഞ്ഞു.

മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്. 30 മിനുറ്റ് നീണ്ട ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമടക്കം നിരവധി കാര്യങ്ങള്‍ വിഷയമായി. ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ചൈന നടപടികള്‍ സ്വീകരിക്കുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യയുടെ ആശങ്ക മോദി ജിന്‍പിങ്ങിനെ അറിയിച്ചു.

ഇരു രാജ്യങ്ങളുടെയും ആഗ്രഹങ്ങളും ആശങ്കകളും തന്ത്രപരമായ താല്‍പ്പര്യങ്ങളും രണ്ടുകൂട്ടരും കണക്കിലെടുക്കേണ്ടതുണ്ടെന്ന് മോദി ചര്‍ച്ചയില്‍ തുറന്ന് പറഞ്ഞതായി വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. 46 ബില്ല്യണ്‍ ഡോളറിന്റെ ചൈന പാക്കിസ്ഥാന്‍ ഇടനാഴി ബലോചിസ്ഥാന്‍, ഗില്‍ജിത്-ബല്‍ടിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നീ മേഖലകളിലൂടെയാണ് കടന്നു പോകുന്നത്. ഇതിനെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

അടുത്തിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വന്നിരുന്നു. കശ്മീര്‍ വിഷയത്തിലും പാക്കിസ്ഥാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിലും ഇന്ത്യയുടെ എന്‍എസ്ജി (ആണവ വിതരണ സംഘം) അംഗത്വവുമായി ബന്ധപ്പെട്ടുമെല്ലാം ചൈന നിഷേധാത്മക സമീപനമായിരുന്നു സ്വീകരിച്ചത്. അമേരിക്കയുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതിലും ചൈന അസ്വസ്ഥരായിരുന്നു. ഇതിന് ഇന്ത്യ കടുത്ത വില നല്‍കേണ്ടി വരുമെന്ന് ചൈനീസ് മാധ്യമങ്ങളില്‍ ലേഖനങ്ങളും വന്നു. മ്യാന്‍മറുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചതിലും ചൈനയെ പ്രകോപിപ്പിച്ചിരുന്നു.

ബലോചിസ്ഥാന്റെ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണച്ച നരേന്ദ്ര മോദിയുടെ നിലപാട് പാക്കിസ്ഥാനെയെപ്പോലെ ചൈനയെയും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുമായി മികച്ച ബന്ധം തുടരുമെന്ന് ഇപ്പോള്‍ ചൈനീസ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories