വെനസ്വേലയില്‍ പ്രസിഡന്റിനെതിരേ പ്രതിഷേധമിരമ്പി

വെനസ്വേലയില്‍ പ്രസിഡന്റിനെതിരേ പ്രതിഷേധമിരമ്പി

കരാക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധക്കടലിരമ്പം ഉയരുകയാണ്. ബ്രസീലിനു ശേഷം ഇപ്പോള്‍ പ്രതിഷേധം വെനസ്വേലയിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് നിക്കോളാസ് മദുറോ തുടരുന്ന കാര്യത്തില്‍ ഹിതപരിശോധന നടത്തമെന്നാവശ്യപ്പെട്ട് വെനിസ്വേലയില്‍ തലസ്ഥാനമായ കരാക്കസില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ഈ മാസം ഒന്നിനു വന്‍ റാലി നടന്നു. ആയിരകണക്കിനാളുകള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. വിവിധയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിപക്ഷ പ്രതിഷേധത്തിനു പിന്നാലെ സര്‍ക്കാര്‍ അനുകൂലികളും മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ അനുകൂല മാര്‍ച്ചില്‍ പ്രസിഡന്റ് മദൂറോ പങ്കെടുക്കുകയും ചെയ്തു.
പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുന്ന വെനസ്വേലയില്‍ പ്രസിഡന്റ് മദൂറോ രാജിവയ്ക്കണമെന്നാവശ്യം ശക്തമാണ്. സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്ന നിലപാടുകളുമായി മുന്നോട്ട് പോകുകയാണ് പ്രസിഡന്റെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മദുറോയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്ത് പട്ടിണിയും കുറ്റകൃത്യവും അഴിമതിയും വര്‍ധിച്ച് വരികയാണെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ മാര്‍ച്ചിനെ നേരിടാന്‍ ഭരണപാര്‍ട്ടികളും അനുകൂല മാര്‍ച്ച് നടത്തി. റാലിയെ മദുറോ അഭിസംബോധന ചെയ്തു. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു.

Comments

comments

Categories: World

Related Articles