ട്രംപിന്റെ മെക്‌സിക്കന്‍ സന്ദര്‍ശനം പരാജയമെന്നു വിലയിരുത്തല്‍

ട്രംപിന്റെ  മെക്‌സിക്കന്‍ സന്ദര്‍ശനം പരാജയമെന്നു വിലയിരുത്തല്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി വെറും പത്ത് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പ്രചരണ കോലാഹലം ഉച്ചസ്ഥായിലെത്തുകയാണ്. വോട്ടര്‍മാരെ കണ്‍കെട്ട് വിദ്യയിലൂടെയും വാക് വൈഭവം പ്രകടിപ്പിച്ചും പാട്ടിലാക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. ട്രംപ് കഴിഞ്ഞ മാസം 31ന് നടത്തിയ മെക്‌സിക്കന്‍ യാത്രയും തുടര്‍ന്ന് കുടിയേറ്റ നിയമത്തെക്കുറിച്ച് നടത്തിയ പ്രസ്താവനകളും ഉദാഹരണങ്ങളാണ്.
ഓഗസ്റ്റ് 31ന് ബുധനാഴ്ച മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്കോ പെനേറ്റോയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്, താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുടെ കുടിയേറ്റ, വ്യാപാര നയങ്ങളില്‍ കണിശമായ നിലപാട് സ്വീകരിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. മെക്‌സിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം അരിസോണയിലെ ഫീനിക്‌സില്‍ ഇലക്ഷന്‍ റാലിയില്‍ പങ്കെടുത്ത ട്രംപ് പറയുകയുണ്ടായി കുടിയേറ്റ, വ്യാപാര നയങ്ങളില്‍ നിന്നും താന്‍ ഒരിക്കലും പിന്മാറില്ലെന്ന്. അതേസമയം മെക്‌സിക്കന്‍ പ്രസിഡന്റ് പെനേറ്റോയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ട്രംപ് തയാറായതുമില്ല.
ട്രംപിന്റെ കുടിയേറ്റ നയങ്ങളെ വളരെ പരിഹാസ്യമായിട്ടാണ് ഇപ്പോള്‍ അമേരിക്കന്‍ ജനത കണക്കാക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ കൊണ്ട് കോര്‍ത്തിണക്കിയ ശൂന്യവാക്കിനപ്പുറം മറ്റൊന്നുമില്ലെന്ന് അവര്‍ പറയുന്നു. ട്രംപിന്റെ നയങ്ങളില്‍ പരാമര്‍ശിക്കുന്ന ഭൂരിഭാഗം കാര്യങ്ങളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ബുധനാഴ്ച ട്രംപ് നടത്തിയ മെക്‌സിക്കന്‍ സന്ദര്‍ശനത്തിലും അതിനു ഏതാനും മണിക്കൂറുകള്‍ക്കു ശേഷം യുഎസിലെ അരിസോണയില്‍ നടത്തിയ പ്രസംഗത്തിലും അക്കാര്യം ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നതിനു മുന്‍പ് നടന്ന പ്രചരണ പരിപാടികളിലുടനീളം ട്രംപ്, മെക്‌സിക്കന്‍ ജനതയെ രൂക്ഷമായ ഭാഷയില്‍ അവഹേളിക്കുകയുണ്ടായി. യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറുന്ന മെക്‌സിക്കന്‍ ജനതയില്‍ ഭൂരിഭാഗവും ബലാല്‍സംഗ വീരന്മാരും കുറ്റവാളികളുമാണെന്നും ഇവരെ നിയന്ത്രിക്കാന്‍ താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുമായി മെക്‌സിക്കോ പങ്കിടുന്ന 2,000 മൈല്‍ അതിര്‍ത്തി പ്രദേശത്ത് മെക്‌സിക്കോയുടെ ചെലവില്‍ മതില്‍ കെട്ടുമെന്നും ട്രംപ് പറഞ്ഞു.
ഇതിനു പുറമേ മെക്‌സിക്കന്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണെന്നും മെക്‌സിക്കന്‍ നീതിന്യായ സംവിധാനം ആത്മാര്‍ഥതയില്ലാത്തതാണെന്നും, മെക്‌സിക്കോ അമേരിക്കയുടെ സുഹൃത്തല്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ട്രംപ് പറഞ്ഞിരുന്നു.
നിരവധി പ്രശ്‌നങ്ങളുള്ളവരെയും ഏറ്റവും കുഴപ്പം പിടിച്ച ആളുകളെയുമാണ് മെക്‌സിക്കോ അമേരിക്കയിലേക്ക് കയറ്റിവിടുന്നത്. ഇതിലൂടെ അവരുടെ പ്രശ്‌നവും കൂടി അമേരിക്കയിലേക്ക് അവര്‍ വ്യാപിപ്പിക്കുകയാണ്. അവര്‍ മയക്ക്മരുന്നുകളും കുറ്റകൃത്യങ്ങളും ഇവിടേയ്ക്കു കൊണ്ടുവരുന്നതായും ട്രംപ് പറഞ്ഞു നിരവധി പ്രസ്താവനകള്‍ നടത്തിയവയില്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന് പറഞ്ഞതാണ് ഏറ്റവും വിവാദമായത്. ഇതേത്തുടര്‍ന്ന് ട്രംപിനെതിരേ വന്‍ പ്രതിഷേധം രൂപപ്പെടുകയുണ്ടായി. ചിലയിടങ്ങളില്‍ അദ്ദേഹം പങ്കെടുത്ത റാലികളിലും കണ്‍വെന്‍ഷനുകളിലും അക്രമം വരെ അരങ്ങേറി.
എന്നാല്‍ ബുധനാഴ്ച മെക്‌സിക്കോ സന്ദര്‍ശനം നടത്തിയപ്പോള്‍, വിദേശരാജ്യത്തുള്ള തലവനെ സ്വീകരിക്കുമ്പോള്‍ നല്‍കുന്ന മാന്യതയും ബഹുമാനവും കൊടുത്തു കൊണ്ടാണ് പ്രസിഡന്റ് എന്റിക്കോ പെനേറ്റോ, ട്രംപിനെ വരവേറ്റത്. കൂടിക്കാഴ്ചയ്ക്കു ശേഷം പെനേറ്റോ തന്റെ സുഹൃത്താണെന്നും, മെക്‌സിക്കോയില്‍ താന്‍ നിര്‍മിക്കുമെന്നു പറഞ്ഞ മതിലിനെക്കുറിച്ചു യാതൊരു പരാമര്‍ശവും നടത്തിയില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപ് പ്രസ്താവനയിറക്കി അധികം താമസിയാതെ തന്നെ പെനേറ്റോ ട്വിറ്ററില്‍ ഒരു കുറിപ്പിട്ടു. ട്രംപ് അതിര്‍ത്തിയില്‍ നിര്‍മിക്കുമെന്ന പറഞ്ഞ മതിലിന്റെ ചെലവ് താന്‍ വഹിക്കില്ലെന്നു സൂചിപ്പിച്ചതായി പെനേറ്റോ ട്വിറ്ററില്‍ കുറിച്ചു. പെനേറ്റോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് അമേരിക്കയിലെ അരിസോണയിലേക്ക് തിരിച്ചു. അവിടെ ഫീനിക്‌സില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയും ചെയ്തു. റാലിയില്‍ അദ്ദേഹം കുടിയേറ്റ നിയമം കര്‍ശനമാക്കുമെന്നാണ് പ്രസംഗിച്ചത്.
‘കുറ്റവാളികളായ അപരിചിതര്‍ നമ്മളുടെ തെരുവുകള്‍ കൈയ്യടക്കിയിരിക്കുകയാണ്. ഇവര്‍ അമേരിക്കന്‍ വംശജരെ കൊലപ്പെടുത്തുകയും അവരുടെ തൊഴില്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ഇത്തരക്കാരെ തൊഴിച്ച് പുറത്താക്കണം. കുടിയേറ്റ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ പ്രത്യേക സേനയെ നിയമിക്കണം. മതില്‍ നിര്‍മിക്കണം. അതുവഴി അമേരിക്കയെ സുരക്ഷിതമാക്കണം-ട്രംപ് പറഞ്ഞു. അരിസോണ പ്രസംഗത്തിലൂടെ വെളിവായത് ട്രംപിന്റെ ഭീരുത്വമാണ്. ഇമിഗ്രേഷന്‍ നയത്തിലെ അദ്ദേഹത്തിന്റെ ഇരട്ടത്താപ്പും.

Comments

comments

Categories: World