ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് നഷ്ടമാക്കിയത് കറുത്ത വര്‍ഗക്കാരുടെ ക്വാട്ട: ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് നഷ്ടമാക്കിയത് കറുത്ത വര്‍ഗക്കാരുടെ ക്വാട്ട: ഡിവില്ലിയേഴ്‌സ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് 2015ലെ ക്രിക്കറ്റ് ഏകദിന ലോകകപ്പ് നഷ്ടമായത് കറുത്ത വര്‍ഗക്കാരുടെ ക്വാട്ട തികയ്ക്കാനുള്ള ശ്രമഫലമായിരുന്നുവെന്ന് ടീം ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ്. സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടപ്പോള്‍ താന്‍ കരഞ്ഞതിന് കാരണവും ഇതാണന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ‘എ ബി: ദി ഓട്ടോബയോഗ്രഫി’ എന്ന തന്റെ ആത്മകഥയിലാണ് ദക്ഷിണാഫ്രിക്കന്‍ നായകന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ അതേ താരങ്ങള്‍ ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്കന്‍ ടീമിനെ സെമിയിലും ഇറക്കാനാണ് ഡിവില്ലിയേഴ്‌സ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സെമി ഫൈനലിന് മുമ്പ് നടന്ന യോഗത്തില്‍ കെയ്ല്‍ അബോട്ടിന് പകരം വെര്‍നണ്‍ ഫിലാന്‍ഡറെ ഉള്‍പ്പെടുത്താന്‍ തനിക്ക് നിര്‍ദ്ദേശം ലഭിക്കുകയായിരുന്നുവെന്നും അതാണ് തിരിച്ചടിയായതെന്നും അദ്ദേഹം ആത്മകഥയില്‍ പരാമര്‍ശിച്ചു.

ടീമില്‍ നാല് കറുത്ത വര്‍ഗക്കാരായ കളിക്കാരെങ്കിലും ഉണ്ടായിരിക്കണമെന്ന നിലപാടിനെ തുടര്‍ന്നായിരുന്നു കെയ്‌ലിന് പകരം പിന്‍ തുടയില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഫിലാന്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതനായതെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. എന്നാല്‍ ഫിലാന്‍ഡറെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം നല്‍കിയ വ്യക്തിയാരെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ വെളിപ്പെടുത്തിയില്ല.

ശരീര നിറത്തിന്റെ പേരിലുള്ള വിവേചനപരമായ നടപടി തന്നെ തളര്‍ത്തിയെന്നും ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ഹാഷിം അംല, ജെ പി ഡുമിനി, ഇമ്രാന്‍ താഹിര്‍ എന്നീ കറുത്ത വര്‍ഗക്കാരോടുകൂടിയ ടീമിനെ തന്നെ സെമിയിലും ഇറക്കിയാല്‍ എന്തായിരുന്നു പ്രശ്‌നമെന്നും ആരാഞ്ഞ ഡിവില്ലിയേഴ്‌സ് ടീമില്‍ എത്ര കറുത്ത വര്‍ഗക്കാരുണ്ടെന്ന് ആരും എണ്ണി നോക്കില്ലെന്നും ആത്മകഥയിലൂടെ കുറ്റപ്പെടുത്തി.

Comments

comments

Categories: Sports