ദില്‍മ റൂസഫിന്റെ ഇംപീച്‌മെന്റ്: സാമ്പത്തിക വെല്ലുവിളികളില്‍ കുരുങ്ങി ബ്രസീല്‍

ദില്‍മ റൂസഫിന്റെ ഇംപീച്‌മെന്റ്: സാമ്പത്തിക വെല്ലുവിളികളില്‍ കുരുങ്ങി ബ്രസീല്‍

ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്ത നടപടി ലാറ്റിനമേരിക്കന്‍ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഇല്ലാതാക്കിയെങ്കിലും സാമ്പത്തിക വെല്ലുവിളികള്‍ക്ക് അറുതിയായില്ല. വ്യവസായരംഗത്ത് കടുത്ത വെല്ലുവിളികള്‍ നിലനില്‍ക്കുന്നതായി ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസാണ് വ്യക്തമാക്കിയത്.

ദില്‍മ റൂസഫിന്റെ പിന്‍ഗാമിയെന്ന നിലയില്‍ കഴിഞ്ഞ കുറേ ആഴ്ചകളായി ബ്രസീലിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മൈക്കല്‍ ടെമെര്‍ സമ്പദ്ഘടനയെ പുനര്‍നവീകരിക്കുന്നതിലൂടെയുള്ള പ്രത്യേക നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇതു വ്യവസായ മേഖലയിലെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനു സഹായകമായിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക കണക്കുകളില്‍ ഗണ്യമായ ഉയര്‍ച്ച ഇതു പ്രദാനം ചെയ്തിട്ടില്ല. സര്‍ക്കാരിന് ചില പരിഷ്‌കരണ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിലൂടെ അവതരിപ്പിക്കാനും അവ നടപ്പിലാക്കുന്നതിനുള്ള അംഗീകാരം നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.

സാമൂഹ്യ സുരക്ഷ സംബന്ധിച്ച സുപ്രധാന പരിഷ്‌കരണങ്ങള്‍ ഇനിയും നടപ്പിലാക്കേണ്ടതുണ്ടെന്ന് മൂഡീസ് വൈസ് പ്രസിഡന്റ് സമര്‍ മാസിയാദ് പറഞ്ഞു. ഈ വര്‍ഷം ആദ്യം തീരുമാനിച്ച 52 ബില്യണ്‍ ഡോളറിന്റെ മൂലധന ചെലവിടല്‍ കര്‍ശനമായി പാലിക്കാന്‍ ടെമെര്‍ സര്‍ക്കാരിനു സാധിക്കുമോയെന്ന കാര്യത്തിലും മൂഡീസ് സംശയം പ്രകടിപ്പിച്ചു.

സാമൂഹ്യ സുരക്ഷാ വിഷയത്തിലുള്ള പരിഷ്‌കരണങ്ങള്‍ കൂടാതെ നിര്‍ദിഷ്ട മൂലധന ചെലവിടല്‍ പ്രാവര്‍ത്തികമാക്കുക എന്നത് ദുഷ്‌കരമാണെന്ന് മൂഡീസ് വിലയിരുത്തി. ഫെഡറല്‍ ചെലവിടലിന്റെ 40 ശതമാനവും ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരേണ്ടതായതിനാലാണിത്. ബ്രസീലിന്റെ സാമ്പത്തിക സ്ഥിതിയെ മുന്നോട്ടു നയിക്കുന്നത്, പ്രധാനമായും ടെമെര്‍ സര്‍ക്കാര്‍ 2016-18 കാലയളവില്‍ കോണ്‍ഗ്രസില്‍ സമര്‍പ്പിക്കുന്ന തീരുമാനങ്ങളില്‍ എത്രയെണ്ണം സ്വീകാര്യമാകും എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് മൂഡീസ് വ്യക്തമാക്കി.

Comments

comments

Categories: World