ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ്

ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ്

ബെംഗളൂരു: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ 5000 കോടി രൂപ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മുകേഷ് അംബാനി. കമ്പനിയുടെ ഡിജിറ്റല്‍ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ഉപയോഗിച്ചായിരിക്കും നിക്ഷേപം അനുവദിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍, ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റിലയന്‍സ് ഗ്രൂപ്പ് പദ്ധതി. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സമുച്ചയങ്ങളുടെ ഭാഗമായി കമ്മ്യൂണിക്കേഷന്‍ രംഗത്ത് ആധിപത്യം നേടാനാണ് കമ്പനിയുടെ ശ്രമം.

ജിയോ പ്ലാറ്റ്‌ഫോം വഴി ബിസിനസ് വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്ന ആയിരത്തോളം ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി പങ്കാളിത്തത്തിലേര്‍പ്പെടാന്‍ പദ്ധതിയുള്ളതായും മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ജിയോ സര്‍വീസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഡിജിറ്റല്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഹബ്ബ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം അറിയിച്ചു. ഡിജിറ്റല്‍ ബിസിനസ് ആരംഭിക്കാന്‍ താല്‍പര്യമുള്ള രാജ്യത്തെ യുവാക്കള്‍ക്ക് ഒരു വേദിയൊരുക്കുകയാണ് ലക്ഷ്യമെന്നും അംബാനി ഗ്രൂപ്പ് വ്യക്തമാക്കി.

നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യത്തെ ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടുമായും ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസ് ഒലയുമായും ചര്‍ച്ച ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റിലയന്‍സിന്റെ മൊബീല്‍ സര്‍വീസ് ജിയോയുമായി സ്റ്റാര്‍ട്ടപ്പ് സര്‍വീസ് സംയോജനമാണ് കമ്പനി ഉദ്ദേശിക്കുന്നത്. എന്നാല്‍ ചര്‍ച്ച സംബന്ധിച്ച് മൂന്ന് കമ്പനികളും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സാംസങ്, മൈക്രോമാക്‌സ് തുടങ്ങി ഏകദേശം ഇരുപതോളം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുമായും റിലയന്‍സ് കൈകോര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് തങ്ങളുടെ സര്‍വീസ് ഓഫറുകള്‍ അതീവ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ സഹകരണത്തിലൂടെ ശ്രമിക്കുന്നതെന്നും അംബാനി പറഞ്ഞു. രാജ്യത്തുടനീളം തങ്ങളുടെ 4ജി നെറ്റ്‌വര്‍ക്ക് സേവനം ലഭ്യമാക്കിയതിനു ശേഷം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 100 ദശലക്ഷം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding