രാജ്യത്തെ 60 മില്യണ്‍ പേര്‍ക്കും മാനസിക തകരാറ്!

രാജ്യത്തെ 60 മില്യണ്‍ പേര്‍ക്കും മാനസിക തകരാറ്!

ന്യൂഡെല്‍ഹി: രാജ്യത്തെ 60 മില്യണ്‍ പൗരന്മാരും മാനസിക തകരാറുകളുള്ളവരാണെന്ന് പഠനം. സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ ഇന്ത്യ സ്‌പെന്‍ഡ് നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തലുള്ളത്.

ഇന്ത്യയില്‍ 10 ലക്ഷം ആളുകള്‍ക്ക് ഒരു മാനസികാരോഗ്യ വിദഗ്ധന്‍ എന്ന അനുപാതമാണുള്ളതെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) മാനദണ്ഡങ്ങള്‍ അനുസരിച്ച് 66,200 മാനസിക രോഗ വിദഗ്ധരുടെ കുറവാണ് രാജ്യത്തുള്ളത്.

ഇന്ത്യ മൊത്തം ആരോഗ്യബജറ്റില്‍ 0.06 ശതമാനം മാനസികാരോഗ്യ പരിപാലനത്തിനായി ചെലവിടുന്നു. ഇതു ബംഗ്ലാദേശിലേതിനേക്കാളും കുറവാണ്. 0.44 ശതമാനമാണ് ബംഗ്ലാദേശ് മാനസികാരോഗ്യം പരിപാലിക്കുന്നതിനായി ചെലവിടുന്നത്. മിക്ക വികസിത രാഷ്ട്രങ്ങളും തങ്ങളുടെ ബജറ്റിന്റെ നാലുശതമാനത്തിലേറെ മാനസികാരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ യുടെ 2011ലെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇന്ത്യ സ്‌പെന്‍ഡ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ 10-20 മില്യണ്‍ (മൊത്തം ജനസംഖ്യുടെ 1-2 ശതമാനം) ജനങ്ങളും ഗുരുതരമായ മനോരോഗങ്ങളായ സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍ മുതലായവ അനുഭവിക്കുന്നവരാണ്. 50 മില്യണ്‍ ആളുകള്‍ (ജനസംഖ്യയുടെ അഞ്ചു ശതമാനം) സാധാരണ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. 2016ല്‍ കേന്ദ്രആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെപി നദ്ദയാണ് 2016 മേയില്‍ ഈ കണക്കുകള്‍ ലോക്‌സഭയെ അറിയിച്ചത്. നാഷണല്‍ കമ്മിഷന്‍ ഓണ്‍ മാക്രോ ഇക്കണോമിക്‌സ് ആന്‍ഡ് ഹെല്‍ത്ത് 2005ല്‍ പുറത്തു വിട്ട വിവരങ്ങളാണിത്. വിഷയത്തില്‍ ലഭ്യമായ ഏറ്റവും പുതിയ കണക്കുകളാണിവ.

ആരോഗ്യമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയിലുള്ള വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ സാധാരണ സൂക്ഷിക്കേണ്ടതില്ല. എന്നാല്‍ ഇന്ത്യ സ്‌പെന്‍ഡ് മൂന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുറത്തുവിടുന്ന കണക്കുകളെ ആശ്രയിച്ചാണ് മേല്‍പ്പറഞ്ഞ വിലയിരുത്തല്‍ നടത്തുന്നത്.

ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്, റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് സൈക്യാട്രി, ലോകോപ്രിയ ബോര്‍ഡോളോയി റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് അസം എന്നീ സ്ഥാപനങ്ങളുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ സ്‌പെന്‍ഡ് പഠനം നടത്തിയിട്ടുള്ളത്. 2014-15 കാലയളവിലുണ്ടായിരുന്നതിനേക്കാള്‍ ബെംഗളൂരുവിലെ മനോരോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2014-15ല്‍ 17,227 രോഗികളുണ്ടായിരുന്നിടത്ത് 2015-16 കാലയളവില്‍ 16,325 പേരാണുള്ളത്. എന്നാല്‍ അസമിലെ മനോരോഗികളുടെ എണ്ണത്തില്‍ പേരിനു മാത്രമാണ് കുറവുണ്ടായിട്ടുള്ളത്. 2014-15 കാലയളവില്‍ 1825 മനോരോഗികളുണ്ടായിരുന്നിടത്ത് 2015-16 കാലയളവില്‍ 1812 രോഗികള്‍ അസമിലുണ്ട്. റാഞ്ചിയില്‍ 2014-15 കാലയളവില്‍ 4150 മാനസികരോഗികള്‍ ഉണ്ടായിരുന്നത് 2015-16 കാലയളവില്‍ 4274 പേര്‍ ആയി കൂടിയിട്ടുണ്ട്.

Comments

comments

Categories: Life, Slider