ലൈംഗിക തൊഴിലാളിപരാമര്‍ശം: ഡെയ് ലി മെയ്‌ലിനെതിരെ മെലാനിയ ട്രംപിന്റെ കേസ്

ലൈംഗിക തൊഴിലാളിപരാമര്‍ശം: ഡെയ് ലി മെയ്‌ലിനെതിരെ മെലാനിയ ട്രംപിന്റെ കേസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊനാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലിനെതിരെ 150 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാര കേസ് നല്‍കി. മെലാനിയയെ സംബന്ധിച്ച ലേഖനത്തില്‍ 1990 കളില്‍ ഇവര്‍ ലൈംഗിക തൊഴിലാളിയായിരുന്നുവെന്ന പരാമര്‍ശത്തിനെതിരെയാണ് കേസ് കൊടുത്തിട്ടുള്ളത്. ഡെയ്‌ലി മെയ്‌ലില്‍ വാര്‍ത്ത എഴുതിയ യുഎസ് ബ്ലോഗര്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.

മെലാനിയയ്‌ക്കെതിരെ ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് അവരുടെ അഭിഭാഷകന്‍ ചാള്‍സ് ഹാര്‍ഡര്‍ പറഞ്ഞു. 46 കാരിയായ മെലാനിയ സ്ലൊവേനിയക്കാരിയാണ്. 1990കളില്‍ ഇവര്‍ മോഡലിംഗ് രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലത്ത് ഇവര്‍ ലൈംഗികവൃത്തിയും ചെയ്തിട്ടുള്ളതായാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഡെയ്‌ലി മെയ്‌ലിന്റെ സ്ലൊവേനിയന്‍ ഘടകമായ സൂസിയിലും മെലാനിയയ്‌ക്കെതിരായുള്ള പരാമര്‍ശങ്ങളടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2005ലാണ് മെലാനിയയും ട്രംപും വിവാഹിതരാകുന്നത്. 1998ല്‍ സ്ലൊവേനിയന്‍ മാധ്യമത്തിനായി നഗ്ന ഫോട്ടോയ്ക്ക് അവര്‍ മോഡലായതായും ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ 1996ല്‍ തന്നെ മെലാനിയ അമേരിക്കയിലേക്ക് കുടിയേറിയതായി ചാള്‍സ് ഹാര്‍ഡര്‍ ചൂണ്ടിക്കാട്ടി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡെയ്‌ലി മെയ്ല്‍ ഓണ്‍ലൈന്‍ ലേഖനം പിന്‍വലിച്ചിട്ടുണ്ട്. മെലാനിയയ്‌ക്കെതിരെയുള്ള ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ പോലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന് ഇത് ദോഷകരമാകുന്നതാണ് വിലയിരുത്തല്‍.

Comments

comments

Categories: World