ജിയോ തുടക്കമിട്ട ടെലികോം യുദ്ധം

ജിയോ തുടക്കമിട്ട ടെലികോം യുദ്ധം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും മകന്‍ ആകാഷ് അംബാനിയും ഉറ്റ അനുയായി മനോജ് മോദിയും മുംബൈയിലെ റിലയന്‍സ് ജിയോയിലെ ഓപ്പണ്‍ ഓഫീസില്‍

റിലയന്‍സ് ജിയോയുടെ 4ജി സേവനങ്ങളുടെ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി ടെലികോം രംഗത്ത് പുതിയ യുദ്ധമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യയെ ലോകത്തോടൊപ്പം നടത്തുകയെന്ന ദൗത്യവും ഏറ്റെടുത്തിരിക്കുന്നു

1,50,000 കോടി രൂപയുടെ നിക്ഷേപത്തിന്റെ കരുത്തുള്ള തന്റെ സംരംഭം റിലയന്‍സ് ജിയോയെ ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പെന്നാണ് മുകേഷ് അംബാനി വിശേഷിപ്പിച്ചത്. എന്തായാലും ഇന്ത്യന്‍ ടെലികോം രംഗത്ത് ഒരു യഥാര്‍ത്ഥ ‘ഡിസ്‌റപ്റ്ററു’ടെ റോള്‍ വഹിക്കാന്‍ റിലയന്‍സ് ജിയോക്ക് കഴിഞ്ഞു. ആദ്യമായി രാജ്യത്തുടനീളം മൊബീല്‍ ഫോണ്‍ കോളുകള്‍ സൗജന്യമാക്കുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. വോയ്‌സ് കോളുകള്‍ക്ക് കാശ് മുടക്കേണ്ട യുഗം അവസാനിക്കുകയാണ്-റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി ഇത് പറഞ്ഞപ്പോള്‍ ഇന്ത്യന്‍ ടെലികോം രംഗത്ത് പുതിയ ചരിത്രമാണ് എഴുതപ്പെട്ടത്.

ഫോണ്‍കോളുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്ന മറ്റ് കമ്പനികളെ നിഷ്പ്രഭമാക്കുന്നതിന് തുല്യമായിരുന്നു മുകേഷിന്റെ പ്രഖ്യാപനം. 4ജി ഡാറ്റാ സേവനങ്ങള്‍ ഏറ്റവും ചുരുങ്ങിയ നിരക്കില്‍ നല്‍കി ഉപഭോക്താക്കളെ കൈയിലെടുക്കാനുള്ള റിലയന്‍സ് ജിയോയുടെ പദ്ധതിക്ക് ആക്കം കൂട്ടാനാണ് യഥാര്‍ത്ഥത്തില്‍ ഫോണ്‍കോളുകള്‍ സൗജന്യമാക്കുകയെന്ന തന്ത്രം മുകേഷ് പയറ്റിയത്.

വോയ്‌സ് കോളുകള്‍ക്ക് കാശ് മുടക്കേണ്ട യുഗം അവസാനിക്കുകയാണ്

100 മില്ല്യണ്‍ ഉപഭോക്താക്കളെ നേടുകയെന്ന റിലയന്‍സ് ജിയോയുടെ ലക്ഷ്യം പെട്ടെന്ന് നേടാന്‍ ഇത് സഹായിക്കും. ഒപ്പം ഫോണ്‍കോളുകള്‍ക്ക് ഇനി ചാര്‍ജ് ചെയ്യേണമോയെന്ന് മറ്റ് ടെലികോം കമ്പനികളെ ചിന്തിപ്പിക്കാനും മുകേഷിന് കഴിഞ്ഞു. വ്യാഴാഴ്ച്ച ജിയോയുടെ താരിഫുകള്‍ പ്രഖ്യാപിച്ചുള്ള മുകേഷിന്റെ പ്രസംഗത്തിനു തൊട്ടുപിന്നാലെ മറ്റ് ടെലികോം കമ്പനികളുടെ വിപണിമൂല്യത്തില്‍ 14,000 കോടി രൂപയാണ് ഇടിവുണ്ടായത്. ജിയോയുടെ വരവിന്റെ ആഘാതം അതില്‍ നിന്നു തന്നെ വ്യക്തം. പരീക്ഷണകാലഘട്ടത്തില്‍ തന്നെ ജിയോയ്ക്ക് 25 മില്ല്യണ്‍ ഉപഭോക്താക്കളെ നേടാനായെന്നതും ഓര്‍ക്കുക. ജിയോ നല്‍കുന്ന സൗജന്യ സേവനങ്ങളുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ രാജ്യത്തെ മിക്ക ജനങ്ങളും തങ്ങളുടെ ഉപഭോക്താക്കളായി മാറുമെന്നാണ് മുകേഷിന്റെ പ്രതീക്ഷ.

കേവലം 50 രൂപയ്ക്ക് ഒരു ജിബി 4ജി ഡാറ്റ നല്‍കുന്ന ജിയോയുടെ പാക്കേജ് മറ്റ് കമ്പനികളുടെ ഡാറ്റാ ചാര്‍ജുകളിലും കുറവ് വരുത്തും. യഥാര്‍ത്ഥത്തില്‍ സ്മാര്‍ട്ട്‌ഫോണുകളുടെയും മൊബീല്‍ ഇന്റര്‍നെറ്റിന്റെയും ജനാധിപത്യവല്‍ക്കരണത്തിനാണ് മുകേഷ് അംബാനി നാന്ദി കുറിച്ചിരിക്കുന്നത്. 249 രൂപയ്ക്ക് പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സേവനം വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍ ഓഫര്‍ പ്രഖ്യാപിച്ചത് ജിയോ ഇംപാക്റ്റ് ആണ്.

സാങ്കേതിക വിദ്യയുടെ പരിണാമ പ്രക്രിയയിലെ ചില ഘട്ടങ്ങള്‍ മിസ് ചെയ്ത് ഒരു കുതിച്ചുചാട്ടത്തിന് ഇത് ഇന്ത്യയെ പ്രാപ്തമാക്കും. പാശ്ചാത്യ രാജ്യങ്ങളില്‍ ആളുകള്‍ ആദ്യം ഇന്റര്‍നെറ്റിലേക്കെത്തിയത് ഡെസ്‌ക് ടോപ് കംപ്യൂട്ടറുകളിലൂടെയാണ്, പിന്നീട് ലാപ്‌ടോപ്പിലേക്ക് കൂടുമാറി, അത് കഴിഞ്ഞ് ടാബ്ലെറ്റുകളിലേക്കും അവസാനം മൊബീല്‍ ഹാന്‍ഡ്‌സെറ്റുകളിലേക്കും. എന്നാല്‍ ഇന്ത്യയില്‍ നല്ലൊരു ശതമാനം ജനങ്ങളിലേക്കും ഇതുവരെ ഇന്റര്‍നെറ്റ് എത്തിയിട്ടില്ല.

കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്‌ഫോണും ഏത് സാധാരണക്കാരനും താങ്ങാവുന്ന തരത്തില്‍ 4ജി ഡാറ്റ സേവനങ്ങളും നല്‍കുന്നതോടെ ജിയോ ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത മിക്ക ജനവിഭാഗങ്ങളിലേക്കും എത്തും. ഇവരെല്ലാം ആദ്യമായി ഓണ്‍ലൈനിലെത്തുന്നത് മൊബീലിലൂടെയായിരിക്കും. ഓരോ ഇന്ത്യക്കാരനിലേക്കും ജിയോ സേവനം എത്തിക്കുകയാണ് മുകേഷ് അംബാനിയുടെ ലക്ഷ്യം. കുത്തകവല്‍ക്കരണമെന്നോ മുതലാളിത്തമെന്നോ എന്തുതന്നെ വിളിച്ചാലും മികച്ച സേവനം നല്‍കിയാല്‍ അത് സാധ്യമാകും മുകേഷിന് എന്നാണ് വിലയിരുത്തല്‍.

ഡാറ്റ സേവനത്തോടൊപ്പം ഒരുകൂട്ടം ആപ്പ് അധിഷ്ഠിത വൈവിധ്യവല്‍ക്കൃത സേവനങ്ങളും പേയ്‌മെന്റ് സംവിധാനങ്ങളുമെല്ലാം വരുന്നതോടെ ജിയോയെ ഉപഭോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ഇതിനോടകം തന്നെ അവര്‍ക്ക് ലഭിച്ച സ്വീകാര്യത. ജിയോയുടെ വരവ് ടെലികോം കമ്പനികളെ ആരോഗ്യകരമായ മത്സര സ്വഭാവം ശക്തിപ്പെടുത്തി സേവനങ്ങള്‍ മികവുറ്റതാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments