ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഡുഡു ചെന്നൈയിന്‍ എഫ്‌സിയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്:  ഡുഡു ചെന്നൈയിന്‍ എഫ്‌സിയില്‍

ചെന്നൈ: നൈജീരിയന്‍ ഫോര്‍വേഡായ ഡുഡു ഒമാഗ്‌ബെമിയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സി കരാറിലേര്‍പ്പെട്ടു. ഫിന്‍ലാന്‍ഡ് സെക്കന്‍ഡ് ഡിവിഷന്‍ ടീമായ എഫ്‌സി ഹക്കയുമായുള്ള കരാര്‍ പൂര്‍ത്തിയായതിനാല്‍ ഫ്രീ ട്രാന്‍സ്ഫറിലൂടെയാണ് ഡുഡു ചെന്നൈയിലെത്തിയിരിക്കുന്നത്.

2014ല്‍ എഫ്‌സി പൂനെയുടെയും കഴിഞ്ഞ സീസണില്‍ ഗോവ എഫ്‌സിയുടെയും താരമായിരുന്നു ഡുഡു. ഐഎസ്എല്ലിലെ രണ്ട് സീസണുകളിലെയും 15 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകള്‍ സ്വന്തമാക്കിയ മികച്ച പ്രകടനമാണ് ചെന്നൈ ടീമിലേക്ക് അദ്ദേഹത്തിന്റെ പ്രവേശനം സാധ്യമാക്കിയത്.

ഇതിഹാസ താരമായ മാര്‍ക്കോ മറ്റെരാസി പരിശീലിപ്പിക്കുന്ന ചെന്നൈ ടീമില്‍ കളിക്കുന്നത് സന്തോഷിക്കുന്നുവെന്നും തന്റെ പരമാവധി കഴിവ് ടീമിനായി പുറത്തെടുക്കുമെന്നും ഡുഡു പറഞ്ഞു. ഐഎസ്എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ തന്റെ പ്രിയപ്പെട്ട താരമാണ് ഡുഡുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് കരുത്ത് പകരുന്നതായി വിശ്വസിക്കുന്നുവെന്നും മറ്റെരാസി വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞ രണ്ട് സീസണിലും ചെന്നൈയുടെ കുന്തമുനയായ സ്റ്റീവന്‍ മെന്‍ഡോസയെ ഇത്തവണ ടീമിലുണ്ടാകില്ല. കൊളംബിയന്‍ താരമായ മെന്‍ഡോസയെ ഐഎസ്എല്ലിന് വേണ്ടി വിട്ടുനല്‍കാനാകില്ലെന്ന് അദ്ദേഹത്തിന്റെ ക്ലബായ ന്യൂയോര്‍ക്ക് സിറ്റി നിലപാടെടുത്തതാണ് ചെന്നൈയിന്‍ എഫ്‌സിക്ക് തിരിച്ചടിയായത്.

അമേരിക്കന്‍ മേജര്‍ ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരായ ക്ലബിന്റെ നിലപാട് മെന്‍ഡോസയും അംഗീകരിച്ചു. കഴിഞ്ഞ സീസണില്‍ ചെന്നൈയിനെ കിരീട ജേതാക്കളാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് മെന്‍ഡോസയായിരുന്നു. 13 ഗോളുകള്‍ സ്വന്തമാക്കിയ മെന്‍ഡോസയായിരുന്നു ഐഎസ്എല്ലിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് അര്‍ഹനായതും.

Comments

comments

Categories: Sports