ഇന്ത്യ-ഈജിപ്ത് വ്യാപാരം എട്ടു ബില്യണ്‍ ഡോളറായി ഉയര്‍ത്തും

ഇന്ത്യ-ഈജിപ്ത് വ്യാപാരം എട്ടു ബില്യണ്‍ ഡോളറായി ഉയര്‍ത്തും

ന്യൂഡെല്‍ഹി: ഇന്ത്യയും ഈജിപ്തും ഉഭയകക്ഷി വ്യാപാരബന്ധം മൂന്നു ബില്യണ്‍ ഡോളറില്‍ നിന്ന് എട്ടു ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യാണ് ഇക്കാര്യം സൂചിപ്പിച്ചത്. നാലാമത് ഇന്ത്യ-ഈജിപ്ത് ബിസിനസ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദേല്‍ ഫത്ത എല്‍-സാസിയുടെ ഔദ്യോഗിക സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ഇന്ത്യ- ഈജിപ്ത് ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ചത്. നിലവില്‍ 52 സ്ഥാപനങ്ങള്‍ 25 സംയുക്ത സംരംഭങ്ങളിലൂടെ വ്യത്യസ്ത മേഖലകളിലായി മൂന്നു ബില്യണ്‍ ഡോളര്‍ നിക്ഷേപം ഈജിപ്തില്‍ നടത്തിയിട്ടുള്ളതായി ഇന്ത്യന്‍ വിദേശകാര്യ സ്ഥാനപതി സഞ്ജയ് ഭട്ടാചാര്യ വ്യക്തമാക്കി. ഹൈഡ്രോകാര്‍ബണ്‍ വിപണനം സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പങ്കാളിത്തത്തിനുള്ള അവസരം നിലനില്‍ക്കുന്നതായി ഭട്ടാചാര്യ സൂചിപ്പിച്ചു. എന്നാല്‍ നിലവിലെ വെല്ലുവിളികള്‍ പരിഹരിച്ചു വേണം ഇരു രാഷ്ട്രങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നയിക്കേണ്ടതെന്നും സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു.

ആഫ്രിക്കന്‍ വന്‍കരയിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഈജിപ്തിന്റേത്. 286 ബില്യണ്‍ ഡോളറാണ് ഈജിപ്ഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ മൂല്യം. 89 മില്യണ്‍ ഉപഭോക്താക്കളാണ് ഈജിപ്തിലുള്ളതെന്നും സഞ്ജയ് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയം, സാമൂഹ്യം, സാമ്പത്തികം, സാംസ്‌കാരികം മുതലായ എല്ലാ തലങ്ങളിലും സഹകരണം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇരു രാജ്യങ്ങളുടേയും നേതൃത്വം സ്വീകരിക്കണമെന്ന് ഇന്ത്യയിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ ഹതേം തജേല്‍ദിന്‍ പറഞ്ഞു. സൂയസ് സാമ്പത്തിക ഇടനാഴിയിലൂടെ ഈജിപ്തിലെ പെട്രോളിയം, രാസ, വാഹനഘടക, വസ്ത്ര മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ വ്യവസായികളെ ഈജിപ്ഷ്യന്‍ അംബാസഡര്‍ ക്ഷണിച്ചു. വിഭിന്ന മേഖലകളില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ വിജയ് ശങ്കര്‍ പറഞ്ഞു.

കൗണ്‍സിലിന്റെ ഭാഗമായി ഇന്ത്യയിലെ മൊബീല്‍ നിര്‍മാണ കമ്പനിയായ ലാവയും ഈജിപ്ഷ്യന്‍ കമ്പനിയായ ഈസി ഗ്രൂപ്പും സംയുക്ത കരാറിലേര്‍പ്പെട്ടു. ഉത്തര ആഫ്രിക്കയിലും ഗള്‍ഫ് മേഖലയിലും നിര്‍മിക്കുന്ന മൊബീല്‍, ഐടി അനുബന്ധ ഘടകങ്ങള്‍ ഈജിപ്തിലെ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നതിനുള്ള കരാറാണിത്.

Comments

comments

Categories: Business & Economy