ഒരു സ്റ്റാര്‍ട്ടപ്പ്, നിരവധി ആശയങ്ങള്‍: ബോംബെ ഐഐടി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ

ഒരു സ്റ്റാര്‍ട്ടപ്പ്, നിരവധി ആശയങ്ങള്‍: ബോംബെ ഐഐടി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ

ശരിയായ മെന്റര്‍ഷിപ്പ്, സാങ്കേതികവിദ്യ വിദഗ്ധര്‍, മാര്‍ക്കറ്റിങ് തുടങ്ങിയവയിലൂടെ ആശയവും ഇന്നൊവേഷനും തമ്മിലുള്ള അന്തരം കുറയ്ക്കുകയെന്നതായിരുന്നു ബോംബൈ ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ ആയുഷ് ജെയിന്‍, മിറിക്ക് ഗോഗ്രി എന്നിവരുടെ ലക്ഷ്യം. അത്തരത്തിലൊരു ആശയത്തിന് അവര്‍ തുടക്കം കുറിച്ചു, ഹമ്മിങ് വെയ്ല്‍ പ്രൊഡക്ട് ഇന്നൊവേഷന്‍ എന്ന പേരും നല്‍കി.

ആയുഷും മിറിക് ഗോഗ്രിയും ഐഐടി ബോംബെയില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴാണ് ഹമ്മിങ് വെയ്ല്‍ പ്രൊഡക്ട് ഇന്നൊവേഷന് രൂപം നല്‍കുന്നത്. സുഹൃത്തുക്കളുമായി സ്ഥിരമായി ഇന്നൊവേഷന്‍ ആശയങ്ങള്‍ പങ്കുവെക്കാറുള്ള ഇവര്‍ തങ്ങളുടെ ആശയങ്ങള്‍ യാഥ്യാര്‍ത്ഥ്യമാകാനുള്ള കഠിനപ്രയത്‌നം ചെയ്തു. അങ്ങനെയാണ് 2014 ജനുവരിയില്‍ ഹമ്മിങ് വേള്‍ പ്രൊഡക്ട് ഇന്നൊവേഷന്റെ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇഷ്ടാനുസരണം എഴുതാനും പിന്നീട് മായ്ച്ചു കളയാനും സാധിക്കുന്ന റീ റൈറ്റബിള്‍ ടീ ഷര്‍ട്ടായിരുന്നു ആദ്യഘട്ടത്തിലെ ഉല്‍പ്പന്നം. യുവാക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ഉല്‍പ്പന്നത്തിനു ലഭിച്ചത്. ഉല്‍പ്പന്നത്തിന്റെ വിപണന പങ്കാളിയായ ബിവാക്കൂഫ്.കോം വഴി ഷര്‍ട്ടിന് വലിയ സ്വീകാര്യത ലഭിച്ചു. ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന പ്രശ്‌സ്ത റിയാലിറ്റിഷോവായ ബിഗ്‌ബോസില്‍ ടീ ഷര്‍ട്ട് പ്രത്യക്ഷപ്പെട്ടു. വിപണിയില്‍ ഷര്‍ട്ട് വലിയ തോതില്‍ വിറ്റഴിക്കുകയും ചെയ്തു.

ക്രിക്അലാം എന്ന ആന്‍ഡ്രോയിഡ് മൊബീല്‍ ആപ്പായിരുന്നു സ്റ്റാര്‍ട്ടപ്പിന്റെ അടുത്ത ഉല്‍പ്പന്നം. ഉപഭോക്താക്കളെ ക്രിക്കറ്റ് മാച്ചോ അവരുടെ ഇഷ്ടതാരത്തിന്റെ കളിയോ നഷ്ടമാകാതിരിക്കാന്‍ അലാം സെറ്റു ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനായിരുന്നുവത്. ബോംബൈ ഐഐടി പൂര്‍വവിദ്യാര്‍ത്ഥികളായ ഗൗരവ് തോഷ്‌നിവള്‍, ആരോണ്‍ ഡിസൂസ എന്നീ ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്‌സിന്റെ സഹായത്തോടെ വികസിപ്പിച്ച ആപ്പിന് പുറത്തിറക്കി ഒരു മാസത്തിനുള്ളില്‍ തന്നെ 1,000 ലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡുകള്‍ ലഭിച്ചിരുന്നു. ആപ്ലിക്കേഷന്റെ പ്രചരണത്തിനായി പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ അയാസ് മേമോന്റെ ക്രിക്കറ്റ് വാലക് എന്ന ക്രിക്കറ്റ് ബ്രാന്‍ഡുമായി കമ്പനി സഹകരിച്ചിരുന്നു. ഇന്ന് കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ടീമിന്റെ ഔദ്യോഗിക മൊബീല്‍ ആപ്പാണിത്. ക്രിക്അലാം ഐപിഎല്‍ ടീമുകളിലെ മികച്ച മൊബീല്‍ ആപ്പായി തെരഞ്ഞെടുക്കപ്പെടുകയും 2014 ല്‍ മികച്ച മൊബീല്‍ സ്‌പോര്‍ട്‌സ് ഉള്ളടക്കത്തിനും ആപ്ലിക്കേഷനുമുള്ള മോബീസ് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

നിലവിലെ ക്രിക്കറ്റ് ബാറ്റുകളുടെ രൂപകല്‍പ്പനയില്‍ നിന്നും വ്യതസ്തമായി ഹമ്മിങ് വെയ്ല്‍ പ്രൊഡക്ട് ഇന്നൊവേഷന്‍ പുറത്തിറക്കിയ ഗ്ലാഡിയസ് ബ്ലേഡ് എന്ന ക്രിക്കറ്റ് ബാറ്റും വന്‍ വിജയമായിരുന്നു. അന്തരീക്ഷത്തില്‍ അതിവേഗം ചലിപ്പിക്കാന്‍ സാധിക്കുന്ന സുരക്ഷിതമായ അരികുകളോടു കൂടിയതായിരുന്നു ഈ ബാറ്റ്. മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ അംഗീകാരം ലഭിച്ച ഈ ബാറ്റ് സച്ചിന്‍ തെണ്ടുല്‍ക്കര്‍, രഹുല്‍ ദ്രവിഡ് തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും പരിശീലകരും പരീക്ഷിക്കുകയും മികച്ച അഭിപ്രായം പറയുകയും ചെയ്തു.

എറൗണ്ട് ഇന്‍ 40 ഡൂഡില്‍സ് എന്ന പേരില്‍ യാത്രയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ കളറിങ് പുസ്‌കതകം സ്റ്റാര്‍ട്ടപ്പ് വിപണിയിലെത്തിച്ചിരുന്നു. ബോളിവുഡ് താരം സോഹ അലി ഖാന്‍ പ്രകാശനം ചെയ്ത ഈ പുസ്തകത്തില്‍ 40 ഇന്ത്യന്‍ നഗരങ്ങളെപ്പറ്റി പ്രതിപാദിച്ചിരുന്നു. ഈ വര്‍ഷം ഹമ്മിങ് വെയ്‌ലിന് 50 ലക്ഷം വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 700 ഓളം കളറിങ് പുസ്തകങ്ങള്‍ വിപണിയില്‍ വിറ്റുപോയി. ഇനിയും കൂടുതല്‍ ഇന്നൊവേഷനുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹമ്മിങ് വെയ്ല്‍ സംഘം.

Comments

comments

Categories: Entrepreneurship, Slider