നെക്‌സ്റ്റ്-ജെന്‍ മാനുഫാക്ച്ചറിംഗില്‍ ഇനി ചൈനീസ് ആധിപത്യം

നെക്‌സ്റ്റ്-ജെന്‍ മാനുഫാക്ച്ചറിംഗില്‍ ഇനി ചൈനീസ് ആധിപത്യം

വാഷിംഗ്ടണ്‍: ചൈനയുടെ പുതിയ ദശവത്സര പദ്ധതിയായ ‘മെയ്ഡ് ഇന്‍ ചൈന 2025’ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ആധുനിക സാങ്കേതികവിദ്യകളായ റോബോട്ടിക്‌സ്, ത്രീഡി പ്രിന്റിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ എന്നിവയിലൂടെ ചൈനീസ് ഉല്‍പ്പാദനരംഗത്തെ ആധുനികവല്‍ക്കരിക്കാനാണ് ‘മെയ്ഡ് ഇന്‍ ചൈന 2025’ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. അതിബൃഹത്തായ ഈ ആധുനികവല്‍ക്കരണ പരിപാടികള്‍ക്കായി ചൈന 150 ബില്യണ്‍ ഡോളര്‍ നീക്കിവെച്ചുകഴിഞ്ഞു.

സാങ്കേതിക വിദ്യകയെയും തൊഴില്‍ശക്തിയെയും അതിവേഗം നവീകരിക്കാനുള്ള ചൈനയുടെ കഴിവിനെ ലോകരാഷ്ട്രങ്ങള്‍ക്ക് കുറച്ചുകാണാനാവില്ല. ചൈനീസ് വ്യവസായങ്ങള്‍ ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ പാശ്ചാത്യനാടുകളെ കടത്തിവെട്ടുന്നതാണ് ചൈനയുടെ പ്രകടനം.
ഉദാഹരണമായി, ചൈനീസ് കമ്പനിയായ സണ്‍വേ ലോക്കല്‍ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ഉപയോഗിച്ചാണ് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്. ഈ കമ്പ്യൂട്ടറുകള്‍ക്ക് അമേരിക്കന്‍ എതിര്‍ കമ്പനിയുടേതിനേക്കാള്‍ അഞ്ച് മടങ്ങ് വരെ വേഗതയുണ്ട്. ബിഗ് ഡാറ്റ അനലറ്റിക്‌സ്, 5ജി മൊബൈല്‍ ടെക്‌നോളജി എന്നിവയുടെ കാര്യമെല്ലാം എടുത്താല്‍ ചൈനീസ് വിദഗ്ധര്‍ ലോകം കണ്ടവരില്‍വെച്ച് മികച്ചവരാണെന്ന് പറയേണ്ടിവരും.

കോര്‍ണെല്‍ സര്‍വ്വകലാശാല, ഇന്‍സീഡ്, ഐക്യരാഷ്ട്ര സഭയ്ക്കുകീഴിലെ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പെര്‍ട്ടി ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ച് ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡെക്‌സ് (ജിഐഐ) തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം സ്വിറ്റ്‌സര്‍ലാന്‍ഡ്, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവയ്‌ക്കൊപ്പം ചൈന ലോകത്തെ മികച്ച 25 ഇന്നൊവേറ്റീവ് സമ്പദ്ഘടനകളില്‍ ഉള്‍പ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. എണ്‍പത്തിരണ്ട് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി നൂറിലധികം രാജ്യങ്ങളിലാണ് ജിഐഐ സര്‍വ്വേ നടത്തിയത്. ‘ഇന്നൊവേഷന്‍ ക്വാളിറ്റി’യെന്ന പ്രധാന മാനദണ്ഡം അടിസ്ഥാനമാക്കി സര്‍വ്വകലാശാലകളുടെ നിലവാരം, ശാസ്ത്രപ്രസിദ്ധീകരണങ്ങളുടെ എണ്ണം, ഇന്റര്‍നാഷ്ണല്‍ പേറ്റന്റുകള്‍ക്കായുള്ള അപേക്ഷകള്‍ എന്നിവ ജിഐഐ വിലയിരുത്തിയിരുന്നു. ഇതില്‍ ചൈനയ്ക്ക് പതിനേഴാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞു.

ചൈനയിലെ ഉല്‍പ്പാദന രംഗത്ത് കൂലി വര്‍ധിക്കുന്നുണ്ടെങ്കിലും ഉല്‍പ്പാദനക്ഷമതയും അതുപോലെ ഉയരുകയാണ്. ചൈനീസ് ഉല്‍പ്പാദനക്ഷമത ഇന്ത്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെന്നാണ് ‘ദ ഇക്കണോമിസ്റ്റ്’ വാരിക വിലയിരുത്തുന്നത്. ഇത് 2025 ഓടെ 6-7 ശതമാനം ഉയരുമെന്നും ‘ദ ഇക്കണോമിസ്റ്റ്’ പ്രവചിക്കുന്നു.

ചൈന പല വ്യവസായ മേഖലകളിലും മുന്നേറുന്നതായാണ് വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളിലെ മോറിസ് കോഹെന്റെ ഗവേഷണം ചൂണ്ടിക്കാട്ടുന്നത്. വിവിധ വ്യവസായ മേഖലകളിലെ നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളുടെ ‘സമീപം’ ഉല്‍പ്പാദനം നടത്തുന്ന കാലത്ത് ചൈനയില്‍ ഏകദേശം 700 മില്യണ്‍ നിര്‍മ്മാതാക്കളാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍, മെയ്ഡ് ഇന്‍ ചൈന എന്നതില്‍നിന്ന് മെയ്ഡ് ബൈ ചൈനയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ചൈനയിലെ ഉല്‍പ്പാദന-വിതരണ ശൃംഖലയില്‍ ബൃഹത്തായ ഇന്നൊവേഷന്‍ നടക്കുന്നു. ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്തെ ചൈനയുടെ ഉല്‍പ്പാദനം മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും ചൈനയില്‍നിന്ന് ലോകത്തിന് വളരെയേറെ പഠിക്കാനുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

Comments

comments

Categories: Entrepreneurship