റിലയന്‍സ് ജിയോ: താരിഫ് കുറയ്ക്കാന്‍ ടെലികോം കമ്പനികള്‍ നിര്‍ബന്ധിതരായേക്കും

റിലയന്‍സ് ജിയോ: താരിഫ് കുറയ്ക്കാന്‍ ടെലികോം  കമ്പനികള്‍ നിര്‍ബന്ധിതരായേക്കും

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ രംഗപ്രവേശം രാജ്യത്ത് മറ്റ് ടെലികോം കമ്പനികളെയും കോള്‍, ഇന്റര്‍നെറ്റ് ഡാറ്റ നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുമെന്ന് വിലയിരുത്തല്‍. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ത്യ മുഴുവനും സേവനം നല്‍കുന്നതോടു കൂടി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ വിപണിയെ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ താരിഫ് നിരക്കുകള്‍ കുറയ്ക്കാന്‍ മറ്റ് കമ്പനികളെ ജിയോയുടെ വരവ് പ്രേരിപ്പിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് അതിവിശാലമായ സാധ്യതകള്‍ ലഭ്യമാകുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.ജിയോയുടെ പ്രവേശനം കമ്പനികള്‍ തമ്മിലെ താരിഫ് ഗെയിം തിരികെ കൊണ്ടുവരും. ഉപഭോക്താക്കളെ നേടുന്നതില്‍ ജിയോ മുന്നേറുന്നതിനനുസരിച്ചായിരിക്കും കമ്പനികള്‍ പ്രതികരിക്കുകയെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ജിയോ മുന്നോട്ടു വയ്ക്കുന്ന ഓഫറിനോട് പൊരുത്തപ്പെടുന്ന തരത്തിലായിരിക്കും മറ്റ് കമ്പനികളും താരിഫുകള്‍ നിശ്ചയിക്കുക.
മത്സരക്കളം ഇപ്പോള്‍ വ്യക്തം. ഒരു ഭാഗത്ത് റിലയന്‍സ് കമ്മ്യൂണിക്കേഷനൊപ്പം ജിയോയും, വേറൊരു ഭാഗത്ത് എയര്‍സെല്ലും, മറ്റൊരു ഭാഗത്ത് വൊഡാഫോണും എയര്‍ടെല്ലും ഐഡിയയും-സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു.
മത്സര രംഗം ചൂടുപിടിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാണെങ്കിലും നിലവില്‍ 35,000 കോടി രൂപയുടെ കടമുള്ള ടെലികോം വ്യവസായത്തിന് അത്ര ശുഭകരമല്ല. പുതിയ സ്‌പെക്ട്രം ലേലം കൂടി വരുന്ന മുറയ്ക്ക് കടബാധ്യത കുന്നുകൂട്ടും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരുന്ന കാര്യം ജിയോയുടെ ലോഞ്ച് ആണ്. മോശമായ രീതിയിലായിരിക്കും ടെലികോം വ്യവസായത്തെ ഇത് ബാധിക്കുക. അതിനാല്‍ അതീവ ജാഗ്രതയോടു കൂടിയാണ് മുന്നോട്ട് നീങ്ങുന്നത്- സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ബഹുരാഷ്ട്ര കമ്പനിയായ ക്രെഡിറ്റ് സ്വിസ് വ്യക്തമാക്കി. ഫ്രീ വോയ്‌സ് കോളും കുറഞ്ഞ നിരക്കിലെ 4ജി ഡാറ്റാ പായ്ക്കുകളുമായി വാണിജ്യാടിസ്ഥാനത്തില്‍ ജിയോ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 100 മില്ല്യന്‍ ഉപഭോക്താക്കളെ സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് റിലയന്‍സ് ജിയോക്കുള്ളത്.

Comments

comments

Categories: Slider, Top Stories

Related Articles